കാസര്‍കോട് സ്വദേശി എന്‍എ ഹാരിസ് കർണാടക തിരഞ്ഞെടുപ്പിൽ സ്ഥാനാര്‍ത്ഥിയാകുമോ?
കാസര്‍കോട്: കാസര്‍കോട് സ്വദേശിയും ശാന്തി നഗര്‍ എംഎല്‍എയുമായ എന്‍എ ഹാരിസ് വീണ്ടും സ്ഥാനാര്‍ത്ഥിയാകുമോ? കര്‍ണാടകയിലെ 224 മണ്ഡലങ്ങളില്‍ 218 ഇടങ്ങളിലെ ഭരണ കക്ഷിയായ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറങ്ങിയപ്പോള്‍ മുതല്‍ ഉയരുന്ന ചോദ്യമാണിത്. ആദ്യ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ശാന്തിനഗര്‍ ഉള്‍പ്പെടാത്തത് ഈ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം കോണ്‍ഗ്രസ് നേതൃത്വത്തെ കുഴക്കുന്നതിന്റെ സൂചനയാണ് നല്‍കുന്നത്.

ബംഗളൂരു യുബി സിറ്റിയിലെ ഒരു കഫെയില്‍ വ്യവസായിയുടെ മകനെ മര്‍ദ്ദിച്ചെന്ന എന്‍എ ഹാരിസിന്റെ മകനും യൂത്ത് കോണ്‍ഗ്രസ് ബംഗളൂരു സിറ്റി പ്രസിഡണ്ടുമായിരുന്ന മുഹമ്മദ് നാലപ്പാടിനെതിരായ കേസ് കര്‍ണാടകയില്‍ ഏറെ വിവാദമുണ്ടാക്കിയിരുന്നു. മുഖ്യമന്ത്രിയും പിസിസി അധ്യക്ഷനും അടക്കമുള്ള പ്രമുഖര്‍ സംഭവത്തെ അപലപിച്ച് കൊണ്ട് രംഗത്ത് വരികയും മുഹമ്മദിനെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് സസ്‌പെണ്ട് ചെയ്യുകയും ചെയ്തിരുന്നു. മകനെതിരായ കേസ് ഹാരിസിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് ഇത്തവണ വിനയാകുമോ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്. കേസില്‍ മുഹമ്മദ് നാലപ്പാടും ആറ് സുഹൃത്തുക്കളും ജയിലില്‍ കഴിയുകയാണ്.
കേസില്‍ എം.എല്‍.എയെന്ന നിലയിലുള്ള സ്വാധീനമുപയോഗിക്കുന്നുവെന്ന് ആദ്യഘട്ടത്തില്‍ ആരോപണമുയര്‍ന്നുവെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ നിയമപരമായ നടപടികള്‍ കൈക്കൊള്ളുന്നതില്‍ തന്റെ ഇടപെടലുണ്ടാവില്ലെന്നും മറിച്ച് തന്റെ മകനായത് കൊണ്ട് ക്രൂശിക്കപ്പെടരുതെന്നും ഹാരിസ് വ്യക്തമാക്കിയതോടെ പ്രതിഷേധം തണുത്തിരുന്നു.
മണ്ഡലത്തിലെ എന്‍.എ ഹാരിസിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ കക്ഷി ഭേദമന്യേ പ്രശംസ പിടിച്ചുപറ്റിയിരുന്നു. അതുകൊണ്ട് തന്നെ വിജയ സാധ്യതയില്‍ എന്‍.എ ഹാരിസിന് തന്നെയാണ് മുന്‍തൂക്കമെന്ന് പറയുന്നു. പക്ഷെ, എം.എല്‍.എയുടെ മകനെതിരായ കേസ് ബംഗളൂരു സിറ്റിയിലെ മറ്റ് മണ്ഡലങ്ങളില്‍ എതിര്‍സ്ഥാനാര്‍ത്ഥികള്‍ക്ക് ആയുധമാകുമോ എന്ന ആശങ്കയാണ് കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ബംഗളൂരു കേന്ദ്രീകരിച്ചുള്ള സിറ്റിസണ്‍ ഗ്രൂപ്പിന്റെ സര്‍വ്വെയില്‍ ബംഗളൂരുവിലെ 27 എം.എല്‍.എ മാരില്‍ ഏറ്റവും മികച്ച റേറ്റിംഗ് ലഭിച്ചത് ഹാരിസിനാണെന്നതും അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം സജീവമാക്കി നിര്‍ത്തുന്നു.
എം.എല്‍.സി കൂടിയായ കര്‍ണ്ണാടക യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് റിസ്‌വാന്‍ അര്‍ഷദിന്റെ പേരും ശാന്തിനഗറില്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ റിസ്‌വാന്‍ അര്‍ഷദ് ബാംഗ്ലൂര്‍ സെന്‍ട്രലില്‍ നിന്ന് മത്സരിച്ചിരുന്നുവെങ്കിലും പാളയത്തില്‍ നിന്ന് തന്നെയുള്ള എതിര്‍പ്പ് കാരണം പരാജയപ്പെട്ടിരുന്നു. അത് കൊണ്ട് ജയസാധ്യതയുള്ള ഒരാളെ മാറ്റി മറ്റൊരാളെ കൊണ്ടു വരുന്നതിലും കോണ്‍ഗ്രസില്‍ രണ്ട് അഭിപ്രായമുണ്ട്. മകനെതിരായ കേസിനെ ചൊല്ലി ഹാരിസിനെ മാറ്റി നിര്‍ത്തുന്നതിനോടും പല മുതിര്‍ന്ന നേതാക്കള്‍ക്കും യോജിപ്പില്ല.












Click it and Unblock the Notifications