കേന്ദ്ര മന്ത്രി എസ് ജയശങ്കർ തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയാകുമോ? ജാവേദ്കറിന്റെ മറുപടി, ലക്ഷ്യം 7 സീറ്റുകൾ
2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി നിർണായക ശക്തിയാകുമെന്ന് മുൻ മന്ത്രിയും സംസ്ഥാനത്തിന്റെ ചുമതലയുള്ള ബി ജെ പി നേതാവുമായ പ്രകാശ് ജാവേദ്കർ. കേരളത്തിൽ ഇരുമുന്നണികളിൽ കേന്ദ്രീകരിച്ച രാഷ്ട്രീയമാണ് നിലവിലുള്ളത്. എൽ ഡി എഫിനും യു ഡി എഫിനും അവരുടേതായ വോട്ട് ബാങ്കുകളുണ്ട്. ബി ജെ പി വേറിട്ട ശബ്ദമാണ്. എന്നാൽ സംസ്ഥാനത്ത് രണ്ട് മുന്നണികളും നടത്തുന്നത് നിഴൽ യുദ്ധമാണ്. ഇത് ജനങ്ങൾക്ക് മുന്നിൽ തുറന്ന് കാട്ടുമെന്നും ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പ്രകാശ് ജാവേദ്കർ പറഞ്ഞു.

ബി ജെ പിയെ പോലൊരു ദേശീയ പാർട്ടിക്കെതിരെ എൽ ഡി എഫും യു ഡി എഫും നടത്തുന്ന വ്യാജ പ്രചരണത്തിന്റെ ഫലമായാണ് കേരളത്തിൽ ജനങ്ങൾ ബി ജെ പിയോട് അകലം പാലിക്കുന്നതെന്ന് ജാവേദ്കർ പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്താനാണ് പാർട്ടി ശ്രമിക്കുന്നത്. കഴിഞ്ഞ ക്രിസ്തുമസിന് ലക്ഷക്കണക്കിന് പ്രവർത്തകർ ക്രിസ്യൻ കുടുംബങ്ങളിലേക്ക് എത്തിയിരുന്നു. ആയിരക്കണക്കിന് മുസ്ലീം വിഭാഗത്തിലുള്ളവർ മോദിയുടെ പ്രവർത്തനങ്ങളിൽ എന്നോട് നന്ദി അറിയിച്ചിട്ടുണ്ടെന്നും ജാവേദ്കർ പറഞ്ഞു.

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും യു ഡി എഫിന് 19 സീറ്റുകളും ലഭിക്കാൻ കാരണം രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന തോന്നലാണെന്നും എന്നാൽ ജനങ്ങളുടെ ആ കാഴ്ചപ്പാട് ഇപ്പോൾ മാറിയെന്നും ജാവേദ്കർ പറഞ്ഞു. കോൺഗ്രസ് എല്ലായിടത്തും തകരുകയാണ്. ബി ജെ പിയോടുള്ള കേരളത്തിലെ ജനങ്ങളുടെ മനോഭാവത്തിൽ മാറ്റം സംഭവിക്കുമെന്നും ജാവേദ്കർ പറഞ്ഞു.

ഇത്തവണ കേരളത്തിൽ ഏഴ് മണ്ഡലങ്ങളാണ് പാർട്ടിയുടെ ലക്ഷ്യമെന്നും ജാവേദ്കർ വ്യക്തമാക്കുന്നു. ആറോ ഏഴോ മണ്ഡലങ്ങളിൽ 3 ലക്ഷത്തിലധികം വോട്ടുകൾ നേടാൻ പാർട്ടിക്ക് സാധിച്ചിട്ടുണ്ട്. അവിടുത്തെ സാഹചര്യം വ്യക്തമാണ്, ജാവേദ്കർ വ്യക്തമാക്കി. അതേസമയം 7 മണ്ഡലങ്ങൾ മാത്രമല്ല കാസർഗോഡ് നിന്ന് തിരുവനന്തപുരം വരെയുള്ള മണ്ഡലങ്ങളിൽ ബി ജെ പി ശക്തമായ പ്രചരണം നടത്തുമെന്ന് ജാവേദ്കർ പറഞ്ഞു. തിരുവനന്തപുരം, തൃശ്ശൂർ അടക്കമുള്ള മണ്ഡലങ്ങളാണ് ബി ജെ പി ലക്ഷ്യം വെയ്ക്കുന്നത്. കേന്ദ്രമന്ത്രിമാർക്ക് പ്രത്യേക ചുമതല നൽകിയാണ് പ്രവർത്തനങ്ങൾ.

3 കേന്ദ്ര മന്ത്രിമാരെയാണ് ആറ് മണ്ഡലങ്ങളിലായി നിയോഗിച്ചിരിക്കുന്നത്. ഇതിൽ തിരുവനന്തപുരം മണ്ഡലത്തിന്റെ ചുമതല വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനാണ്. തിരുവനന്തപുരം മണ്ഡലത്തിൽ സജീവമായി ജയശങ്കർ ഇടപെടുന്നുണ്ട്. ഇടയ്ക്കിടെ മന്ത്രിയുടെ സന്ദർശനവും വാർത്തയാകാറുണ്ട്. ഇതോടെ തിരുവനന്തപുരത്ത് നിന്ന് ജയശങ്കർ മത്സരിക്കാനുള്ള സാധ്യത ഉണ്ടെന്നുള്ള അഭ്യൂഹങ്ങൾ ശക്തമാണ്. ഇത് സംബന്ധിച്ച ചോദ്യത്തിന് ഇത്തരം വാർത്തകൾ ബിജെപിക്ക് ഭാവിയും ഗുണം ചെയ്യും എന്നായിരുന്നു ജയശങ്കറിന്റെ പ്രതികരണം. ഊഹോപോഹങ്ങൾ ഇല്ലെങ്കിൽ ജനങ്ങൾക്ക് കേൾക്കാൻ രസമുണ്ടാകില്ല. ഇത്തരം വാർത്തകൾ നൽകുന്നവർക്ക് എല്ലാ ആശംസകളും നേരുന്നു, ജാവേദ്കർ പറഞ്ഞു.

ബി ജെ പി സ്ഥാനാർത്ഥി നിർണയം തെരഞ്ഞെടുപ്പിന് രണ്ട് മാസം മുൻപാണ് പൂർത്തിയാക്കുകയെന്നും പക്ഷേ ഇതിനോടകം മണ്ഡലങ്ങളിൽ തങ്ങൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്നും ജാവേദ്കർ വ്യക്തമാക്കി.
അതേസമയം നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ശശി തരൂർ കോൺഗ്രസിന് പുറത്തുവന്നാൽ അദ്ദേഹത്തെ പിന്തുണയ്ക്കാൻ തയ്യാറാണോയെന്ന ചോദ്യത്തിന് അദ്ദേഹം കോൺഗ്രസിന് പുറത്ത് വരുമെന്ന് തോന്നുന്നില്ലെന്നായിരുന്നു ജാവേദ്കർ പ്രതികരിച്ചത്.












Click it and Unblock the Notifications