'പുതിയ കാലത്തിനുസരിച്ച് ഇനിയും കേരളത്തെ മാറ്റിത്തീർക്കേണ്ടതുണ്ട്': സ്പീക്കർ എംബി രാജേഷ്
തിരുവനന്തപുരം: സ്പീക്കർ എന്ന നിലയ്ക്ക് നിയമസഭയിൽ എല്ലാ അംഗങ്ങളുടെയും അവകാശങ്ങൾ ഉയർത്തിപ്പിടിക്കാൻ പരമാവധി ശ്രമിക്കുമെന്ന് എംബി രാജേഷ്. പിന്തുണ വാഗ്ദാനം ചെയ്ത പ്രതിപക്ഷ നേതാവ് വിഡി സതീശനും വിവിധ കക്ഷി നേതാക്കൾക്കും സ്പീക്കർ നന്ദി രേഖപ്പെടുത്തി.
എംബി രാജേഷിന്റെ പ്രതികരണം: പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കറായി ഇന്ന് ചുമതലയേറ്റു. കേരള നിയമസഭയുടെ ചരിത്രത്തിലെ 23-ാമത് സ്പീക്കറാണ്. ഒന്നാം കേരള നിയമസഭയുടെ സ്പീക്കറായിരുന്ന ശ്രീ. ആർ ശങ്കരനാരായണൻ തമ്പി മുതലുള്ള മുൻഗാമികളെയും മഹാനായ ഇ എം എസ് മുതലുള്ള സഭാനേതാക്കളെയും ആദരവോടെ ഓർക്കുന്നു. ആധുനിക കേരളത്തിന്റെ നിർമിതിക്കായുള്ള സംവാദങ്ങളിൽ വലിയ സംഭാവനകൾ നൽകിയ മുൻ നിയമസഭാംഗങ്ങളെയും ഓർക്കുന്നു. എന്നെ നിയമസഭയിലേക്ക് തെരഞ്ഞെടുത്ത തൃത്താലയിലെ ജനങ്ങളോടും എന്നെ പുതിയ ചുമതലകളിലേക്ക് നിയോഗിച്ച ഇടതുപക്ഷ ജനാധിപത്യ മുന്നണിയോടുമുള്ള നന്ദിയും അറിയിക്കുന്നു.

പൂർണ പിന്തുണയും സഹകരണവും വാഗ്ദാനം ചെയ്ത പ്രതിപക്ഷ നേതാവിനോടും വിവിധ കക്ഷിനേതാക്കളോടുമുള്ള നന്ദിയും രേഖപ്പെടുത്തുന്നു. യു ഡി എഫിന്റെ സ്പീക്കർ സ്ഥാനാർത്ഥിയായി മത്സരിച്ച ശ്രീ. പി. സി. വിഷ്ണുനാഥ് വിദ്യാർഥി സംഘടനാ പ്രവർത്തനകാലം മുതൽ എന്റെ സുഹൃത്താണ്. സമകാലികരാണ്. സ്പീക്കർ തെരഞ്ഞെടുപ്പിന് ശേഷം അദ്ദേഹം എന്നെ വന്നു കാണുകയും അഭിനന്ദിക്കുകയും ചെയ്തുവെന്നത് ഏറെ സന്തോഷം തരുന്നു. കേരളം വലിയ മാറ്റങ്ങൾക്ക് വിധേയമായ ഒരു കാലഘട്ടത്തിലൂടെയാണ് നമ്മുടെ നിയമസഭ കടന്നുവന്നിട്ടുള്ളത്. കേരളത്തിന്റെ വയലേലകളും പണിശാലകളിലും തെരുവുകളിലും ചൂഷണത്തിനും അടിച്ചമർത്തലുകൾക്കുമെതിരെയും മനുഷ്യാവകാശങ്ങൾക്കും വേണ്ടിയും ഉയർന്ന പ്രക്ഷോഭങ്ങളുടെയും അവയുടെ മുദ്രാവാക്യങ്ങളുടെയും സാക്ഷാത്കാരം ഉണ്ടായ ജനാധിപത്യവേദിയാണ് കേരള നിയമസഭ. കേരളത്തെ മാറ്റിത്തീർത്ത അനവധി നിയമനിർമാണങ്ങൾക്ക് സാക്ഷ്യം വഹിച്ച നിയമസഭയാണിത്.
പുതിയ കാലത്തിന്റെ, മാറുന്ന ആവശ്യങ്ങൾക്കനുസരിച്ച് ഇനിയും കേരളത്തെ മാറ്റിത്തീർക്കേണ്ടതുണ്ട്. അതിനായുള്ള സുപ്രധാനമായ ചർച്ചകളും നിയമനിർമാണങ്ങളും ഈ സഭയിൽ നടക്കുമെന്നും അത് രാജ്യത്തിനാകെ മാതൃകയാകുമെന്നും പ്രതീക്ഷിക്കുന്നു. അതിനു സഹായകമാകും വിധം സഭാ നടപടികൾ നടത്തിക്കൊണ്ടുപോകാൻ ആത്മാർത്ഥമായ ശ്രമം നടത്തും.
ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും തങ്ങളുടെ വാദമുഖങ്ങൾ ഉന്നയിക്കാനുള്ള വേദിയാണ് നിയമസഭ. എല്ലാ അംഗങ്ങളുടെയും അവകാശങ്ങൾ ഉയർത്തിപ്പിടിക്കാൻ പരമാവധി ശ്രമിക്കും. ഗവണ്മെന്റിന്റെ ബിസിനസ് നടത്തിയെടുക്കാനും സ്പീക്കർക്ക് ഉത്തരവാദിത്തമുണ്ട്.
പാർലമെന്ററി ജനാധിപത്യത്തിൽ പ്രതിപക്ഷത്തിന് വളരെ നിർണായകമായ ഒരു ഇടമുണ്ട്. ഈ രണ്ടു വസ്തുതകളും കണക്കിലെടുത്തുകൊണ്ടായിരിക്കും സ്പീക്കർ പ്രവർത്തിക്കുക. വിയോജിപ്പുകളും വിമർശനങ്ങളും ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ്. എന്നാൽ വ്യത്യസ്ത ആശയങ്ങളുടെ ആരോഗ്യകരമായ സംവാദവേദിയെന്ന നിലയിലാണ് നിയമസഭയെ കാണുന്നത്. കേരള നിയമസഭക്ക് രാജ്യത്തുള്ള അംഗീകാരവും മഹിമയും നിലനിർത്താനും കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാനും പരമാവധി പരിശ്രമിക്കും. അതിനു സാമാജികരുടെയും ജനങ്ങളുടെയും പിന്തുണയും സഹകരണവും ഞാൻ പ്രതീക്ഷിക്കുന്നു'.
വേറിട്ട ലുക്കില്‍ റായി ലക്ഷ്മി; ഏറ്റവും പുതിയ ഫോട്ടോഷൂട്ട് കാണാം












Click it and Unblock the Notifications