സുഹൃത്തുക്കൾക്കൊപ്പം നൈറ്റ് ഡ്രൈവ്, കാർ മെട്രോ പില്ലറിലിടിച്ച് യുവതി മരിച്ചു, സുഹൃത്ത് മുങ്ങി,ദുരൂഹത
കൊച്ചി: അമിത വേഗത്തിൽ പാഞ്ഞ കാർ മെട്രോ തൂണീലിടിച്ച് യുവതി മരിച്ചു. ആലുവ രാജഗിരി ആശുപത്രിക്ക് സമീപം എരുമത്തല കൊട്ടാരപ്പിള്ളി വീട്ടില്‍ മുഹമ്മദിന്റെ മകള്‍ മന്‍ഫിയ (സുഹാന) ആണ് മരിച്ചത്. 21 വയസ്സു മാത്രമായിരുന്നു മൻഫിയക്ക് പ്രായം. പാലക്കാട് സ്വദേശി കരിംപ്പെട്ട വീട്ടില്‍ സല്‍മാനുല്‍ ഫാരിസ് (26), വരാപ്പുഴ സ്വദേശി പള്ളിയേക്കല്‍ വീട്ടില്‍ ജിബിന്‍ ജോണ്‍സണ്‍ (28) എന്നിവരാണ് കാറിൽ മൻഫിയക്കൊപ്പം ഉണ്ടായിരുന്നത്.
ഫാരിസും ജിബിനും മദ്യപിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. കാറോടിച്ച് സൽമാനുൽ ഫാരിസിനെ പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം, മൻഫിയക്കൊപ്പം അപകടത്തിൽ പരിക്കേറ്റ ജിബിൻ ആശുപത്രിയിൽ ചികിത്സ തേടുന്നതിന് പകരം വീട്ടിലേക്ക് പോയി. അപകടത്തിൽ ദുരൂഹതയുണ്ടെന്ന് ഇതിനോടകം തന്നെ സംശയം ഉയർന്നിട്ടുണ്ട്.

ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് കൊച്ചി നഗരമധ്യത്തിൽ അപകടമുണ്ടായത്. കളമശ്ശേരി പത്തടി പാലത്തിന് സമീപമായിരുന്നു മെട്രോ തൂണിലിടിച്ച് ആലുവ സ്വദേശി മൻഫിയ മരിച്ചത്. അപകടം നടന്ന സ്ഥലത്ത് ഇതുവഴി യാത്രചെയ്യുകയായിരുന്ന മറ്റൊരു കാർ യാത്രക്കാരന് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിച്ചത്.
മൻഫിയയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പരിക്കേറ്റ സൽമാനുൽ ഫാരീസും ആശുപത്രിയിൽ ചികിത്സ തേടി. എന്നാൽ അപകടത്തിൽ പരിക്കേറ്റ മറ്റൊരു യാത്രക്കാരനും കാറിൽ മൻഫിയക്കൊപ്പം ഉണ്ടായിരുന്ന ജിബിൻ ജോൺസൺ ആശുപത്രിയിൽ ചികിത്സ തേടുന്നതിന് പകരം മദ്യലഹരിയിൽ വഴിയിൽ കിടന്നുറങ്ങിയ ശേഷം തിരിച്ചു ബോധം വീണു കിട്ടിയപ്പോൾ വരാപ്പുഴയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ജിബിനെ വീട്ടിലെത്തി വിശദമായ ചോദ്യം ചെയ്യലിനായി പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ജിബിനും സുഹൃത്തായ മന്‍ഫിയയും കൂടി മന്‍ഫിയയുടെ വീട്ടില്‍ നിന്ന് ബൈക്കില്‍ സല്‍മാനുല്‍ വാടകയ്ക്ക് താമസിക്കുന്ന കളമശ്ശേരി എച്ച്.എം.ടി. കവലയ്ക്ക് സമീപത്തെ ഫ്ലാറ്റിലേക്ക് എത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മൂവരും പുറത്തു നിന്ന് ഭക്ഷണം കഴിച്ച ശേഷം രാത്രികാല യാത്രയ്ക്ക് ഇറങ്ങി. കാറില്‍ പാലാരിവട്ടം വരെ പോയി മടങ്ങുമ്പോള്‍ നിയന്ത്രണം വിട്ട കാര്‍ പത്തടിപ്പാലത്തിനും കളമശ്ശേരി നഗരസഭയ്ക്കും ഇടയില്‍ മെട്രോ തൂണില്‍ ഇടിച്ചു കയറുകയായിരുന്നു.
സല്‍മാനുലാണ് കാര്‍ ഓടിച്ചിരുന്നത്. മുന്‍ സീറ്റിലായിരുന്നു മന്‍ഫിയ യാത്ര ചെയ്തിരുന്നത്. ഇവർക്കൊപ്പമുണ്ടായിരുന്ന ജിബിൻ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സൽമാനുൽ മദ്യപിച്ചാണോ വാഹനം ഓടിച്ചതെന്ന് പൊലീസ് പരിശോധിക്കും. ഇടപ്പള്ളിയില്‍ സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷമുണ്ടെന്ന് പറഞ്ഞാണ് തിങ്കളാഴ്ച വൈകീട്ട് മന്‍ഫിയ വീട്ടില്‍ നിന്നു പോയതെന്ന് കുടുംബാംഗങ്ങളും ബന്ധുക്കളും പറയുന്നു.

പുലര്‍ച്ചെ ഒന്നരയോടെ വീട്ടുകാരുമായി മന്‍ഫിയ സംസാരിച്ചിരുന്നു. ഉടന്‍ മടങ്ങിയെത്തുമെന്നും വീട്ടുകാരുമായി ഫോണിൽ സംസാരിക്കവേ അറിയിച്ചിരുന്നതാണ്. എന്നാല്‍, പുലര്‍ച്ചെ നാലു മണിക്ക് മന്‍ഫിയയുടെ മരണ വാര്‍ത്തയാണ് വീട്ടുകാരറിഞ്ഞത്. സംഭവമറിഞ്ഞ് ഇവരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും ഞെട്ടിതകർന്നിരിക്കുകയാണ്. നഴ്സിങ് വിദ്യാർഥിനിയായിരുന്നു മൻഫിയ. മോഡലിംഗ് പരിപാടിയും ചെയ്യുന്നുണ്ടായിരുന്നു. ഉമ്മ: നബീസ, സഹോദരൻ: മൻഷാദ്. ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം പേങ്ങാട്ടുശ്ശേരി ജുമാമസ്ജിദിൽ ഖബറടക്കി.

അതേസമയം, അപകടത്തിൽ പരിക്കേറ്റ ജിബിൻ ജോൺസൺ സംഭവസ്ഥലത്ത് നിന്ന് രഹസ്യമായി മുങ്ങിയതിൽ അസ്വാഭാവികത നിലനിൽക്കുകയാണ്. ഇയാൾ മദ്യലഹരിയിൽ അപകടം നടന്ന സ്ഥലത്ത് കിടന്നുറങ്ങിയ ശേഷം ബോധം തിരികെ കിട്ടിയപ്പോൾ വരാപ്പുഴയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ജിബിനെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തു വരികയാണ്. എന്നാൽ, ഇയാൾ നൽകിയ പ്രാഥമിക മൊഴി പൊലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല.
കൂടുതൽ ചോദ്യംചെയ്താൽ അപകടത്തിൽ ദുരൂഹതയുണ്ടോയെന്ന് മനസ്സിലാക്കാൻ കഴിയുകയുള്ളൂ. കൃത്യം ഒരു മാസം മുൻപാണ് കൊച്ചിയിൽ മോഡലുകൾ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ട് മുൻ മിസ് കേരള അൻസി കബീർ അടക്കം മൂന്നു പേർ മരിച്ചത്. ഇതിൻ്റെ ദുരൂഹത സംബന്ധിച്ച അന്വേഷണം പുരോഗമിക്കവേയാണ് നഗരമധ്യത്തിൽ വീണ്ടും മറ്റൊരു അപകടം ഉണ്ടാകുന്നത്. കൊച്ചിയിൽ അടിക്കിടെ വാഹനപകടമുണ്ടാകുന്ന പശ്ചാത്തലത്തിൽ രാത്രികാല പൊലീസ് പരിശോധനയും പ്രധാന കേന്ദ്രങ്ങളിൽ കർശനമാക്കിയിട്ടുണ്ട്.
ബാഹുബലിയിലെ ശിവകാമി ദേവിയാണോ ഇത്; ശ്വേത മേനോന്റെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍












Click it and Unblock the Notifications