തടവുകാരിയുടെ രക്ഷപ്പെടല്‍; കുതിരവട്ടത്തെ അഞ്ചുപേര്‍ക്ക് സസ്‌പെന്‍ഷന്‍
കോഴിക്കോട്: ഇരുപതോളം മോഷണക്കേസുകളില്‍ പ്രതിയായ തടവുകാരി കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നും തടവുചാടാനിടയായ സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ അച്ചടക്ക നടപടി. ആശുപത്രിയിലെ ഹെഡ് നഴ്‌സ് ഉള്‍പ്പെടെയുള്ളവര്‍ക്കാണ് സസ്‌പെന്‍ഷന്‍ നേരിടേണ്ടിവന്നത്. സംഭവത്തില്‍ അന്വേഷണം നടത്തിയ അഡീഷണല്‍ ഡിഎംഒയുടെ റിപ്പോര്‍ട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കോഴിക്കോട്ടെ ഒരു വിവാഹ തട്ടിപ്പുകേസില്‍ പോലീസ് പിടിയിലായ നസീമയാണ് സെല്ലില്‍ നിന്നും രക്ഷപ്പെട്ടത്. പ്രതി സെല്‍ തുരന്ന് പിറകിലെ മതില്‍ചാടിക്കടന്ന് രക്ഷപ്പെടുകയായിരുന്നു. പ്രതിയെ രക്ഷിക്കാന്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നത് വ്യക്തമാണ്. സെല്‍ തുരക്കാന്‍ മഴു നല്‍കിയതും പിറകിലെ 10 അടി ഉയരത്തിലുള്ള മതില്‍ ചാടാന്‍ സഹായിച്ചതും ജീവനക്കാരാണ്.

എന്നാല്‍ ആരാണ് സഹായം നല്‍കിയതെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇതേ തുടര്‍ന്നാണ് ചില ജീവനക്കാരെ സ്ഥലംമാറ്റാനും ചിലരെ സസ്‌പെന്‍ഡ് ചെയ്യാനും തീരുമാനിച്ചത്. ഒട്ടേറെ മോഷണക്കേസില്‍ പ്രതിയായ യുവതി മാനസികരോഗം അഭിനയിച്ചാണ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെട്ടത്.
ഇവരെ ഇനിയും പിടികൂടാനാകാത്തതും പോലീസിന് തലവേദനയായിരിക്കുകയാണ്. ഒരു സ്ത്രീ തടവുകാരി രക്ഷപ്പെട്ട് ദിവസങ്ങളായിട്ടും പോലീസിന് അവരെക്കുറിച്ച് സൂചന ലഭിച്ചിട്ടില്ല. മെഡിക്കല്‍ കോളേജ് പോലീസ് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചാണ് അന്വേഷണം നടത്തുന്നത്. നസീമ സംസ്ഥാനം വിട്ടെന്നും പോലീസ് സംശയിക്കുന്നുണ്ട്.












Click it and Unblock the Notifications