എല്ലാം ശരിയാക്കാം; സിനിമയിലെ പുതിയ വനിതാ സംഘടനയ്ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: സിനിമാ മേഖലയില്‍ പുതുതായി രൂപീകരിച്ച വനിതാ സംഘടനാ പ്രതിനിധികള്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. വിമന്‍ ഇന്‍ സിനിമ കളക്റ്റീവ് എന്ന സംഘടനയുടെ പ്രതിനിധികളാണ് തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചത്. ചലച്ചിത്ര മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി ഇവര്‍ക്ക് ഉറപ്പും നല്‍കി.

മഞ്ജു വാര്യര്‍, റീമ കല്ലിങ്കല്‍, പാര്‍വതി, വിധു വിന്‍സെന്റ്, സജിത മഠത്തില്‍, ബീനാപോള്‍, ദീദി ദാമോദരന്‍, ഫൗസിയ ഫാത്തിമ, രമ്യ നമ്പീശന്‍, സയനോര ഫിലിപ്പ്, അഞ്ജലി മേനോന്‍ തുടങ്ങിയവരാണ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് ചലചിത്രമേഖലയിലെ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചത്.

pinarayivijayan-1

അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ പോലും ചലച്ചിത്രമേഖലയില്‍ സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെടുകയാണെന്ന് മുഖ്യമന്ത്രിയോട് അവര്‍ പറഞ്ഞു. സിനിമാ രംഗത്തെ ലൈംഗിക ചൂഷണത്തെക്കുറിച്ചും ഇവര്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. ഷൂട്ടിങ്ങ് നടക്കുന്ന സെറ്റുകള്‍ കൂടി ലൈംഗിക പീഡന നിരോധന നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നും സെറ്റുകളില്‍ ലൈംഗീക പീഡന പരാതി പരിഹാര സെല്‍ രൂപീകരിക്കണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിക്കുന്ന കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ പ്രശ്‌നങ്ങള്‍ തടയാന്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി സംഘടനാ ഭാരവാഹികളെ അറിയിച്ചു. അടുത്തിടെയുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഡ്രൈവര്‍മാരായി നിയോഗിക്കപ്പെടുന്നവരുടെ പൂര്‍വചരിത്രം പരിശോധിക്കുന്നതിന് പൊലീസിന്റെ സഹായം ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു


English summary
Women artists of Malayalam cinema meet Kerala CM Vijayan to raise safety issues
Please Wait while comments are loading...