രാജ്യത്തിന്റെ കായിക താരങ്ങളെ അപമാനിക്കുന്ന നരേന്ദ്ര മോദി പ്രധാനമന്ത്രി പദവിക്ക് അപമാനം: കെ സുധാകരന്‍
തിരുവനന്തപുരം: രാജ്യത്തിന്റെ കായിക താരങ്ങളെ അപമാനിക്കുന്ന നരേന്ദ്ര മോദി പ്രധാനമന്ത്രി പദവിക്ക് അപമാനമെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. നരേന്ദ്രമോദിയുടെ ആരാധക വൃന്ദത്തിന് ഈ രാജ്യത്ത് എന്തും കാണിക്കാം എന്ന സാഹചര്യം സൃഷ്ടിക്കുന്നത് രാജ്യത്തിന്റെ അസ്ഥിത്വത്തെ ബാധിക്കുമെന്ന് ജനങ്ങൾ തിരിച്ചറിയണമെന്നും കെ സുധാകരന്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. കെ പി സി സി അധ്യക്ഷന്റെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..
രാജ്യത്തിന്റെ യശസ്സ് വാനോളം ഉയർത്തിയ കായികതാരങ്ങൾ നീതിക്ക് വേണ്ടി ഡൽഹിയിൽ സമരം ചെയ്യുകയാണ്. വനിതാ കായികതാരങ്ങൾ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി ജെ പി എംപിയുമായ ബ്രിജ് ഭൂഷനെതിരെ ലൈംഗിക പീഡന ശ്രമങ്ങൾ അടക്കം നിരവധി പരാതികളാണ് ഉന്നയിച്ചിട്ടുള്ളത്.

എന്നാൽ ഈ നിമിഷം വരെ അവരുടെ പ്രശ്നങ്ങൾ കേൾക്കാനോ പരിഹരിക്കാനോ ഇവിടെ ഒരു ഭരണകൂടം ശ്രമിക്കുന്നില്ല. മൻ കി ബാത്തിലും മൈക്കിനു മുന്നിലും സ്ത്രീ സുരക്ഷയെപ്പറ്റിയും കായിക താരങ്ങളെ പറ്റിയും ഇന്ത്യൻ പട്ടാളക്കാരെപ്പറ്റിയും ഒക്കെ വാചാലനാകാൻ മാത്രമേ നരേന്ദ്രമോദിക്ക് കഴിയൂ. നാടക നടന്മാരെ വെല്ലുന്ന അഭിനയ പാടവം കാഴ്ച വെക്കുന്ന മോദി യഥാർത്ഥത്തിൽ ഇവരെ ആരെയും കണ്ടതായി നടിക്കുന്നില്ല.
ഒളിമ്പിക്സിലും ലോക ചാമ്പ്യൻഷിപ്പിലും ഒക്കെ ഇന്ത്യയുടെ പ്രതിനിധികളായ കായികതാരങ്ങളാണ് തെരുവിൽ നിൽക്കുന്നത്. അവർ ജീവിതം സമർപ്പിച്ചിരിക്കുന്നത് ഈ നാടിന്റെ നേട്ടങ്ങൾ ലോക കായിക ഭൂപടത്തിൽ അടയാളപ്പെടുത്തി ഇന്ത്യയുടെ അഭിമാന താരങ്ങൾ ആകാൻ വേണ്ടിയാണ്. അവരിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പോലും ബി ജെ പി എംപി ലൈംഗികമായി ഉപയോഗിക്കാൻ നിരന്തരം ശ്രമിച്ചിരിക്കുന്നു.
ഈ നിമിഷത്തിലും ബി ജെ പി എംപിയെ സംരക്ഷിക്കുന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. സമരം ചെയ്യുന്നവർ രാജ്യത്തിൻറെ പ്രിയപ്പെട്ട മക്കളാണ്. അവരോടൊപ്പം ഈ രാജ്യത്തെ മുഴുവൻ ജനങ്ങളുടെയും മനസ്സുണ്ട്.
ഇന്ത്യ മഹാരാജ്യത്തിന് വേണ്ടി പൊരുതിയ രാജ്യത്തിന്റെ കായികതാരങ്ങളെ അവഗണിക്കുന്ന നരേന്ദ്രമോദി പ്രധാനമന്ത്രി പദവിക്ക് തന്നെ കടുത്ത അപമാനം ആണ്. നരേന്ദ്രമോദിയുടെ ആരാധക വൃന്ദത്തിന് ഈ രാജ്യത്ത് എന്തും കാണിക്കാം എന്ന സാഹചര്യം സൃഷ്ടിക്കുന്നത് രാജ്യത്തിന്റെ അസ്ഥിത്വത്തെ ബാധിക്കുമെന്ന് ജനങ്ങൾ തിരിച്ചറിയണം. മോദി എന്ന കാപട്യക്കാരന്റെ യഥാർത്ഥ മുഖം ഒന്ന് തൊട്ടറിയാൻ ഈ സംഭവങ്ങൾ ജനം വിനിയോഗിക്കണം.












Click it and Unblock the Notifications