യേശുദാസിനേയും ചിത്രയേയും കോഴിക്കോട് ബീച്ചിൽ വെച്ച് കല്ലെറിഞ്ഞു'; പ്രതി 24 വർഷത്തിന് ശേഷം പിടിയിൽ
1999 ഫെബ്രുവരി ഏഴിനായിരുന്നു സംഭവം. രാത്രി 9.15 ഓടെ ഗാനമേള സംഘത്തിന് നേരെ കല്ലേറുണ്ടാകുകയായിരുന്നു

കോഴിക്കോട്: ബീച്ചിൽ വെച്ച് ഗായകരായ യേശുദാസിനേയും ചിത്രയേയും കല്ലെറിഞ്ഞ കേസിലെ പ്രതി 24 വർഷങ്ങൾക്ക് ശേഷം പിടിയിൽ ബേപ്പൂര്‍ മാത്തോട്ടം സ്വദേശി പണിക്കര്‍മഠം എന്‍ വി അസീസ് (56) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് ബീച്ചിൽ മലബാർ ഫെസ്റ്റ് നടക്കുന്നതിനിടയിലായിരുന്നു ഇയാൾ ഗായകർക്ക് നേരെ കല്ലെറിഞ്ഞത്.
1999 ഫെബ്രുവരി ഏഴിനായിരുന്നു സംഭവം. രാത്രി 9.15 ഓടെ ഗാനമേള സംഘത്തിന് നേരെ കല്ലേറുണ്ടാകുകയായിരുന്നു. നഴ്സസ് ഹോസ്റ്റലിന് മുന്‍വശത്ത് നിന്നായിരുന്നു കല്ലേറ്. അന്ന് ആ സംഘത്തിൽ ഉണ്ടായിരുന്ന ആളായിരുന്നു പിടിയിലായ അസീസ് എന്ന് പോലീസ് പറഞ്ഞു.വഴിയോരത്ത് പഴക്കച്ചവടം ചെയ്ത് വരുന്ന ആളാണ് അസീസ്.
ഇയാൾ നേരത്തേ മാത്തോട്ടത്തായിരുന്നു താമസിച്ചിരുന്നത്. പിന്നീട് അവിടെ നിന്ന് മാറി മലപ്പുറം ജില്ലയിലെ മുതുവല്ലൂരിൽ പുളിക്കൻ കുന്നത്ത് വീട്ടിലേക്ക് മാറി. പരിസരവാസിയായ ഒരാൾ നൽകിയ സൂചനയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ കസ്ററഡിയിൽ എടുത്തത്.
നടക്കാവ് ഇന്‍സ്‌പെക്ടര്‍ പി കെ ജിജീഷിന്റെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എം വി ശ്രീകാന്ത്, സി ഹരീഷ്‌കുമാര്‍, പി കെ ബൈജു, പി എം ലെനീഷ് എന്നിവരുള്‍പ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ അസീസിനെ പിന്നീട് ജാമ്യത്തില്‍ വിട്ടു.












Click it and Unblock the Notifications