കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊലപാതകം; കണ്ണൂരില്‍ ഹര്‍ത്താല്‍ തുടങ്ങി, പങ്കില്ലെന്ന് സിപിഎം

  • Written By:
Subscribe to Oneindia Malayalam

കണ്ണൂര്‍: മട്ടന്നൂരിന് സമീപം എടയന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തനെ വെട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ച ഹര്‍ത്താല്‍ കണ്ണൂര്‍ ജില്ലയില്‍ ആരംഭിച്ചു. തിങ്കളാഴ്ച രാത്രിയാണ് എടയന്നൂര്‍ തെരൂരില്‍ ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷം സ്‌കൂള്‍ പറമ്പത്ത് ഹൗസില്‍ ശുഐബിനെ വെട്ടിക്കൊന്നത്. യൂത്ത് കോണ്‍ഗ്രസ് കീഴല്ലൂര്‍ മണ്ഡലം പ്രസിഡന്റായിരുന്നു ശുഐബ്.

Mattannoorshuhaib

ചൊവ്വാഴ്ച രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് കോണ്‍ഗ്രസ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ടെന്ന് ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി പറഞ്ഞു. കൊലപാതകത്തിന് പിന്നില്‍ സിപിഎം ആണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. കൊലപാതകത്തില്‍ പങ്കില്ലെന്ന് സിപിഎം എടയന്നൂര്‍ ലോക്കല്‍ കമ്മിറ്റി പ്രതികരിച്ചു. എടയന്നൂര്‍ സ്‌കൂളിന് സമീപത്തെ മുഹമ്മദിന്റെയും റംലയുടെയും മകനാണ് ശുഐബ്. മൂന്ന് സഹോദരിമാരുണ്ട്.

മൂന്നാഴ്ച മുമ്പ് എടയന്നൂര്‍ എച്ച്എസ്എസില്‍ വിദ്യാര്‍ഥി സംഘര്‍ഷമുണ്ടായിരുന്നു. എസ്എഫ്‌ഐ-കെഎസ്‌യു പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ശുഐബ് റിമാന്റിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ബോംബേറില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു. പള്ളിപ്പറമ്പത്ത് ഹൗസില്‍ നൗഷാദ്, റിയാസ് മന്‍സിലില്‍ റിയാസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കൊയിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സുഹൃത്തിന്റെ തട്ടുകടയില്‍ ചായകുടിക്കുകയായിരുന്ന ഇവര്‍ക്ക് നേരെ വാനിലെത്തിയ സംഘമാണ് ബോംബെറിഞ്ഞത്. അക്രമം അഴിച്ചുവിട്ട ശേഷം സംഘം വാനില്‍ കയറി രക്ഷപ്പെടുകയും ചെയ്തു.

തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. ശുഐബിന് ഇരുകാലുകള്‍ക്കും മാരകമായ വെട്ടേറ്റിരുന്നു. തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ കോഴിക്കോട്ടേക്ക് കൊണ്ടുപോകാന്‍ ഒരുങ്ങവെയാണ് മരിച്ചത്. അക്രമികളെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

English summary
Youth Congress Leader Hacked to Death in Mattannoor; Congress Harthal Starts

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്