കെകെ ശൈലജ വടകരക്കാരെ നോക്കി കൊഞ്ഞനം കുത്തുകയാണ്: റിബേഷിനെതിരെ നടപടി വേണം; വിപി ദുല്‍ഖിഫില്‍
കോഴിക്കോട്: വടകരയിലെ വിവാദ കാഫിർ സ്ക്രീന്‍ഷോട്ട് കേസ് റിപ്പോർട്ടില്‍ പരാമർശിക്കപ്പെട്ട ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണനെതിരെ യൂത്ത് കോണ്‍ഗ്രസ്. അധ്യാപകനായ റിബേഷിനെതിരെ വകുപ്പ് തല നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്രറി വിപി ദുല്‍ഖിഫില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എസ് ഷാനവാസിന് പരാതി നല്‍കി.
ഹൈക്കോടതിയിൽ പോലീസ് നൽകിയ റിപ്പോർട്ടിൽ വ്യാജ സക്രീൻ ഷോട്ടിന്റെ ഉറവിടം ആറങ്ങോട്ട് എം എൽ പി സ്കൂൾ അധ്യാപകനായ റിബേഷ് രാമകൃഷ്ണനാണെന്ന് വ്യക്തമാക്കുന്നുണ്ട്. ഫോൺ കസ്റ്റഡിയിലെടുത്ത് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ തീവ്രവാദ സ്വഭാവവുമുള്ളതും വർഗ്ഗീയ വിഭജനത്തിന് കാരണമാക്കുന്നതുമായ കാഫിർ സ്ക്രീൻ ഷോട്ട് നിരവധി പേരിലേക്ക് എത്തിച്ചിരിക്കുന്നത് തെളിഞ്ഞിരിക്കുകയാണെന്നും ദുല്‍ഖിഫില്‍ വിദ്യാഭ്യാസ ഡയറക്ടർക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

സമൂഹത്തിന് വെളിച്ചം പകരേണ്ട ഒരു അധ്യാപകൻ വ്യാജവും നിംന്ദ്യവുമായ തരത്തിൽ നടത്തിയ വർഗ്ഗീയ പ്രചാരണം സർവ്വീസ് ചട്ടങ്ങളുടെ ലംഘനം കൂടിയാണ്. റിബേഷ് രാമകൃഷ്ണൻ എന്നയാൾക്കെതിരെ ശക്‌തമായ വകുപ്പ്തല നടപടികൾ കൈക്കൊളളണമെന്നുമാണ് പരാതിയിലുള്ളത്.
റിബേഷിനെതിരെ എത്രയും പെട്ടെന്ന് നടപടിയുണ്ടാകുക എന്ന ഉദ്ദേശത്തോടെയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് തന്നെ നേരിട്ട് പരാതി നല്‍കിയതെന്നാണ് വിപി ദുല്‍ഖിഫില്‍ വണ്‍ഇന്ത്യ മലയാളത്തോട് വ്യക്തമാക്കിയത്. 'ജില്ലാ വിദ്യാഭ്യാസ ഓഫീസർക്കാണ് പരാതി നല്‍കുന്നതെങ്കില്‍ മനഃപ്പൂർവ്വമായ കാലതാമസം സൃഷ്ടിക്കലുണ്ടായേക്കാം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പത്തിരുപത് ദിവസങ്ങള്‍ക്ക് ശേഷം വിവരാവകാശ നിയമപ്രകാരം അന്വേഷിച്ചാല്‍ കൃത്യമായ മറുപടി നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പ് ബാധ്യസ്ഥരാണ്.' അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ ഡയറക്ടർക്ക് പരാതി നല്‍കിയതിനോടൊപ്പം തന്നെ ഈ വിഷയത്തില്‍ പ്രത്യക്ഷമായ സമര പരിപാടികള്‍ കൂടുതല്‍ ശക്തമാകും. നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതൊന്നും ഞങ്ങളെ ബാധിക്കുന്ന കാര്യമല്ല. ഈ അന്വേഷണം ഇത്രമാത്രം നീട്ടാനും അട്ടിമറിക്കാനും ശ്രമിച്ച ഉദ്യോഗസ്ഥനെയാണ് ഇപ്പോള്‍ മാറ്റിയിരിക്കുന്നത്. അദ്ദേഹം സ്വമേധയാ മറാനും തയ്യാറായിരുന്നു. അതുകൊണ്ട് തന്നെ അതിനെ ഞങ്ങള്‍ പ്രധാന്യത്തോടെ കാണുന്നില്ല.
ഈ വിഷയത്തില്‍ കേസ് എടുക്കേണ്ടത് എസ് എച്ച് ഓമാരാണ്. എന്നാല്‍ എസ് പിയുടെ ഭീഷണിക്ക് വഴങ്ങി എസ് എച്ച് ഒമാർ കേസ് എടുക്കാന്‍ തയ്യാറാകുന്നില്ല. പയ്യോളി, കുറ്റ്യാടി സ്റ്റേഷനുകളിലെ എസ് എച്ച് ഒമാരാണ് ഇതില്‍ പ്രധാനികള്‍. അവർക്കെതിരെ നടപടി സ്വീകരിക്കണമെന്നതാണ് ഞങ്ങളുടെ ആവശ്യം. ഇത് സംബന്ധിച്ച് പൊലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് ഇന്ന് പരാതി നല്‍കിയിട്ടുണ്ടെന്നും വിപി ദുല്‍ഖിഫില്‍ വ്യക്തമാക്കുന്നു.
കെകെ ശൈലജ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന എന്ന് പറയുന്നത് വടകരയിലെ പൊതുസമൂഹത്തിന്റെ മുഖത്ത് നോക്കി കൊഞ്ഞനം കുത്തുന്നതിന് തുല്യമാണ്. കാഫിർ വിഷയം പൊതുസമൂഹത്തിന് മുന്നിലേക്ക് കൊണ്ടുവരികയും അതിന് വിസിബിലിറ്റി നല്‍കുകയും ചെയ്തത് ഇടത് സ്ഥാനാർത്ഥിയാണ്. അങ്ങനെയൊരു വ്യക്തിയാണ് ഇപ്പോള്‍ വന്ന്, അതും വിഷയം സി പി എമ്മിനെ തിരിഞ്ഞ് കുത്തുന്നു എന്ന് അറിഞ്ഞപ്പോള്‍ കെകെ ലതിക അത് ഷെയർ ചെയ്യേണ്ടിയിരുന്നില്ല എന്നൊക്കെ പറയുന്നത്.
അതുകൊണ്ട് തന്നെ കെകെ ശൈലജ ഇപ്പോള്‍ നടത്തുന്ന ഈ ജല്‍പ്പനങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ സാധിക്കില്ല. വടകരയിലെ ജനങ്ങളോട് മാപ്പ് പറയുകയാണ് കെകെ ശൈലജ ആദ്യം ചെയ്യേണ്ട കാര്യം. ഒരിക്കല്‍ കൂടെ പറയുകയാണ് ഈ വിഷയം ഇത്ര വലിയ പ്രചരണ ആയുധമാക്കിയതിന്റെ ഉത്ഭവ കേന്ദ്രം ശൈലജ ടീച്ചറാണ്. അതു കൊണ്ട് തന്നെ ഇക്കാര്യത്തില്‍ അവർ മാപ്പ് പറഞ്ഞേ മതിയാകുകയുള്ളുവെന്നും ദുല്‍ഖിഫില്‍ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications