കുടിവെള്ളവിതരണത്തിനും അടിസ്ഥാനസൗകര്യ വികസനത്തിനും മുൻഗണന; നഗരസഭയ്ക്ക് 68 കോടിയുടെ ബജറ്റ്
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി നഗരസഭാ ബജറ്റിൽ പ്രാധാന്യം നൽകിയത് കുടിവെള്ളവിതരണത്തിനും അടിസ്ഥാനസൗകര്യ വികസനത്തിനും . 68,58,46,145 രൂപ വരവും 54,23,51,500 രൂപ ചെലവും 14,34,94645 രൂപ മിച്ചവും വരുന്ന ബജറ്റാണ് നഗരസഭാ ഉപാധ്യക്ഷ എ.സുനിമോൾ അവതരിപ്പിച്ചത്. ശാസ്താംകോട്ടയിൽനിന്ന് നഗരസഭയിലേക്ക് നേരിട്ട് കുടിവെള്ളമെത്തിക്കുന്ന 52 കോടി രൂപയുടെ പദ്ധതിക്ക് സർക്കാരിന്റെ അംഗീകാരം ലഭിച്ചു. ഈ ബജറ്റ് കാലയളവിൽത്തന്നെ പദ്ധതിയുടെ പ്രാഥമികഘട്ടം തുടങ്ങും. പദ്ധതി പൂർത്തിയാകുന്നതു വരെയുള്ള കുടിവെള്ള വിതരണത്തിനായി രണ്ടുകോടി രൂപ വകയിരുത്തി.
കുട്ടികളുടെ പാർക്ക് നിർമിക്കുന്നതിന് സ്ഥലംവാങ്ങാൻ ഒരുകോടിയും പൊതുജനങ്ങൾക്ക് ഒത്തുകൂടുന്നതിന് പൊതു ഇടം നിർമിക്കുന്നതിനായി 50 ലക്ഷം രൂപയും ഉൾപ്പെടുത്തി. ടൗൺ ഹാൾ നിർമാണത്തിന് സ്ഥലമേറ്റെടുക്കാൻ ഒരുകോടിയും താലൂക്ക് ആശുപത്രി വികസനത്തിനായി 2.5 കോടി രൂപയുമാണ് ബജറ്റിൽ അനുവദിച്ചത്. എൻജിനിയറിങ് ബിരുദധാരികൾക്കായി നടപ്പാക്കുന്ന വിങ്‌സ് പദ്ധതിക്ക് 10 ലക്ഷം രൂപ അനുവദിച്ചു.

പട്ടികജാതി വിഭാഗങ്ങൾക്ക് ഭൂമി വാങ്ങുന്നതിന് 50 ലക്ഷം, വീട് അറ്റകുറ്റപ്പണികൾക്കായി 70 ലക്ഷം, ലാപ്‌ടോപ്പ് അനുവദിക്കുന്നതിന് 14 ലക്ഷം, സൈക്കിൾ വാങ്ങുന്നതിന് എട്ടുലക്ഷം എന്നിവയും ബജറ്റ് പ്രഖ്യാപിക്കുന്നു. നഗരസഭാധ്യക്ഷൻ കോട്ടയിൽ രാജു ആമുഖപ്രസംഗം നടത്തി. സ്ഥിരംസമിതി അധ്യക്ഷർ, കൗൺസിലർമാർ തുടങ്ങിയവർ ചർച്ചയിൽ പങ്കാളികളായി.
നഗരസഭാ ബജറ്റ് യോഗം യു.ഡി.എഫ്. കൗൺസിലർമാർ ബഹിഷ്കരിച്ചു. കഴിഞ്ഞ രണ്ടു വർഷത്തെ ബജറ്റിലെ വാഗ്ദാനങ്ങളൊന്നും പാലിച്ചിട്ടില്ലെന്ന് യുഡിഎഫ്. ആരോപിച്ചു. ജനങ്ങൾക്ക് ആവശ്യത്തിന് കുടിവെള്ളം ലഭ്യമാക്കാനായില്ല. തെരുവുവിളക്കുകൾ പ്രകാശിപ്പിക്കുന്നില്ല. റോഡുകൾ നവീകരിക്കുന്നില്ല. ഫണ്ടുകൾ യഥാവിധി വിനിയോഗിക്കുന്നില്ല.
മാലിന്യസംസ്കരണ പ്ലാന്റ് സ്ഥാപിച്ചിട്ടില്ല. കുട്ടികളുടെ പാർക്കിനും സ്റ്റേഡിയത്തിനും സ്ഥലം കണ്ടെത്തുമെന്ന വാഗ്ദാനം പാലിക്കപ്പെട്ടില്ല. മുൻവർഷ ബജറ്റുകളിലെ പൊള്ളയായ വാഗ്ദാനങ്ങൾ ആവർത്തിക്കുക മാത്രമാണ് ചെയ്തത്. പുതിയ പദ്ധതികളൊന്നും ബജറ്റിലില്ലെന്നും യു.ഡി.എഫ്. പാർലമെന്ററി പാർട്ടി നേതാവ് എം.അൻസാർ, സിംലാൽ, ടി.പി.സലിംകുമാർ, എം.എസ്.ശിബു, ബീന ജോൺസൺ, റഹിയാനത്ത് ബീവി എന്നിവർ ആരോപിച്ചു.
നഗരസഭാ ബജറ്റ് കഴിഞ്ഞ വർഷത്തെ ബജറ്റിന്റെ തനിയാവർത്തനമാണെന്ന് ബിജ.പി പാർലമെന്ററി പാർട്ടി നേതാവ് സതീഷ് തേവനത്ത് പറഞ്ഞു. രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് ശാശ്വതപരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല. പി.എം.എ.വൈ.-ലൈഫ് ഭവന പദ്ധതികളെക്കുറിച്ച് ബജറ്റ് മൗനംപാലിക്കുന്നു. രണ്ടുവർഷമായി ഒരാൾക്കുപോലും ഈ പദ്ധതിയിൽ വീട് അനുവദിച്ചിട്ടില്ല. കുട്ടികളുടെ പാർക്കിനും വയോജനങ്ങളുടെ വിശ്രമകേന്ദ്രത്തിനും സ്റ്റേഡിയത്തിനും കഴിഞ്ഞ ബജറ്റിലും ഫണ്ട് അനുവദിച്ചതാണ്. തകർന്നുകിടക്കുന്ന റോഡുകൾ നന്നാക്കാൻ ആവശ്യമായ ഫണ്ട് വകയിരുത്തിയിട്ടില്ല. ഒരുവിധ ദിശാബോധവുമില്ലാത്ത ബജറ്റാണ് ഇത്തവണയും അവതരിപ്പിച്ചതെന്നും ആരോപിച്ചു
മറ്റു പ്രധാന പദ്ധതികൾ:സ്ത്രീസൗഹൃദ നഗരം പദ്ധതി- 60 ലക്ഷം, പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ ഉന്നമനത്തിനായി ശിശുസൗഹൃദ നഗരം പദ്ധതി- ഒരുകോടി,മൂത്തേത്ത്കടവിൽ ശ്രീനാരായണഗുരുവിന്റെ പ്രതിമ സ്ഥാപിക്കുന്നതിന്- മൂന്നുലക്ഷം, പാതവികസനത്തിന്- 3.5 കോടി
ട്രാൻസ്‌ജെൻഡേഴ്‌സിന്റെ ഉന്നമനത്തിന്- മൂന്നുലക്ഷം,വയോജനങ്ങളുടെ സംരക്ഷണത്തിന്- 15 ലക്ഷം,അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്- അഞ്ചുലക്ഷം,അഗതിരഹിത നഗരം പദ്ധതിക്ക്- അഞ്ചുലക്ഷം,സാമൂഹികസുരക്ഷാ പദ്ധതികൾക്ക്- 20 ലക്ഷം,തെരുവുവിളക്കുകളുടെ പരിപാലനത്തിന്- 50 ലക്ഷം. ഗ്രന്ഥശാലകൾക്ക്- 2.5 ലക്ഷം












Click it and Unblock the Notifications