സഞ്ചാരികൾക്ക് സന്തോഷ വാർത്ത; അഞ്ചുമാസത്തിനുശേഷം സാമ്പ്രാണിക്കോടി തുറക്കുന്നു; 20 മുതൽ പ്രവേശനം
അഞ്ചാലുംമൂട്: കാത്തിരിപ്പിന് വിരാമമിട്ട് സാമ്പ്രാണിക്കോടിതുരുത്ത് തുറക്കുന്നു, അഞ്ചുമാസത്തെ സഞ്ചാര വിലക്കിനുശേഷം സഞ്ചാരികൾക്കായി സാമ്പ്രാണിക്കോടിതുരുത്ത് തുറക്കുന്നത്. ഡിസംബർ 20ന് പൊതുജനങ്ങൾക്കായി തുറന്നുനൽകും. ഇതിനുള്ള അവസാനവട്ട ഒരുക്കം നടന്നുവരുകയാണെന്ന് ഡി.ടി.പി.സി അധികൃതർ പറഞ്ഞു.
എന്നാൽ തരുത്ത് തുറക്കുമ്പോൾ കർശന നിയന്ത്രണങ്ങളും നിബന്ധനകളും ഉണ്ടാകും. കർശനമായ നിയന്ത്രണങ്ങളോടുകൂടിയാണ് സാമ്പ്രാണിക്കോടി തുറക്കാൻ ഒരുങ്ങുന്നത്. 80 ശതമാനം ഓൺലൈൻടിക്കറ്റ് സംവിധാനം വഴിയായിരിക്കും പ്രവേശനം. 20 ശതമാനം മാത്രമേ ഓഫ്ലൈനായി ടിക്കറ്റ് ഉണ്ടാകൂ.

pc: google
തുരുത്തിൽ കച്ചവടത്തിന് പോയ വീട്ടമ്മ വള്ളം മറിഞ്ഞ് മരിച്ചതിനെ തുടർന്ന് ജൂലൈ ഒമ്പതു മുതലാണ് സാമ്പ്രാണിക്കോടി തുരുത്തിലേക്ക് സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നത്. തുരുത്ത് ഇനി മുതൽ ഡി.ടി.പി.സിയുടെ പൂർണനിയന്ത്രണത്തിലായിരിക്കും പ്രവർത്തിക്കുക.
ബോട്ടുകൾക്ക് രജിസ്ട്രേഷൻ എടുക്കുന്നതിനുള്ള നടപടികൾ നടക്കുകയാണ്. മൂന്ന് പ്രധാന സ്ഥലങ്ങളിൽനിന്ന് സാമ്പ്രാണിക്കോടിയിലേക്ക് ബോട്ടുകളിൽ ആളെ എത്തിക്കുന്ന തരത്തിലാണ് ക്രമീകരണം. പ്രാക്കുളത്തിന് പുറമേ, കുരീപ്പുഴ ബോട്ട്ജെട്ടി, മൺറോതുരുത്ത് എന്നിവിടങ്ങളിൽനിന്നും ബോട്ട് സർവിസുകൾ ഉണ്ടാകും.
സാമ്പ്രാണിക്കോടിയിലെത്തിയാൽ 50 മിനിറ്റ്് മാത്രമേ ഒരാൾക്ക് തുരുത്തിൽ ചെലവഴിക്കാൻ സാധിക്കൂ. ഇവർ കൃത്യസമയത്ത് മടങ്ങിപ്പോകുന്നുണ്ടോ എന്നറിയാൻ ഡി.ടി.പി.സി. അധികൃതരും പൊലീസും പരിശോധന നടത്തും. ടിക്കറ്റിന് പരിമിതമായ നിരക്കായിരിക്കും ഈടാക്കുകയെന്നും ഡി.ടി.പി.സി അധികൃതർ വൃക്തമാക്കി.
തൃക്കരുവ പഞ്ചായത്തിന്റെമേൽനോട്ടത്തിലാണ് വാഹനപാർക്കിങ്ങിനുള്ള ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്. പ്രതിദിനം 1000 മുതൽ 3000 വരെ സഞ്ചാരികളെത്തിയിരുന്ന ഇവിടെ അവധി ദിവസങ്ങളിൽ എണ്ണം 5000ത്തിലധികം കടക്കുമായിരുന്നു. അഷ്ടമുടിക്കായലിന്റെ ഒത്തനടുക്ക് മുട്ടൊപ്പം വെള്ളത്തിൽ സഞ്ചരിക്കാം എന്നതായിരുന്നു സാമ്പ്രാണിക്കോടി തുരുത്തിന്റെ പ്രത്യേകത.
വർഷങ്ങൾക്ക് മുമ്പ് ദേശീയജലപാതക്ക് ആഴംകൂട്ടിയപ്പോൾ അടിഞ്ഞ മണ്ണും എക്കലും പിന്നീട് തുരുത്തായി മാറുകയായിരുന്നു. അഞ്ചിനം കണ്ടൽച്ചെടികൾ ഉയരത്തിൽ വളർന്നതും സഞ്ചാരികൾക്ക് ഇഷ്ടക്കാഴ്ചയായി മാറുകയായിരുന്നു.












Click it and Unblock the Notifications