6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്: ശബ്ദം തിരിച്ചറിഞ്ഞ സ്ത്രീ ആരാണ്? വെളിച്ചത്ത് വന്നേക്കും
കാെല്ലം: ഓയൂരിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികളെ പിടികൂടാൻ സഹായിച്ച വ്യക്തി ആരാണെന്ന് വെളിപ്പെടുത്തിയേക്കും. പ്രതി അനിതാ കുമാരിയുടെ ശബ്ദം തിരിച്ചറിഞ്ഞ് പോലീസിന് വിവരം നൽകിയത് ഈ വനിതയാണ്. ഇതിന് പിന്നാലെയാണ് പ്രതികളിലേയ്ക്ക് പോലീസിന് വേഗത്തിൽ എത്തിച്ചേരാൻ സാധിച്ചത്. ഇവരുടെ മൊഴി കഴിഞ്ഞ ദിവസം പോലീസ് രേഖപ്പെടുത്തി.
അനിതാ കുമാരിയുടെ പരിചയക്കാരി ആണ് ഈ വനിത. ഇവർ തമ്മിൽ സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നു. ഈ സ്ത്രീ ആരാണെന്ന് പോലീസ് വെളിപ്പെടുത്തിയിരുന്നില്ല. സാക്ഷിപ്പട്ടികയിലും ഉൾപ്പെടുത്തിയില്ല. എന്നാൽ വിചാരണ വേളയിൽ ആവശ്യമായി വന്നാൽ ഇവരെ അവതരിപ്പിക്കാനാണ് തീരുമാനം.

കുട്ടിയെ മോചിപ്പിക്കാൻ പോലും ഇവരുടെ ഇടപെടൽ കാരണമായി എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് പിന്നാലെ മോചനദ്രവ്യം ആവശ്യപ്പെട്ട് അനിത കുമാരി ഫോൺ ചെയ്തിരുന്നു പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടാണ് കുട്ടയിയുടെ കുടുംബത്തെ അനിത കുമാരി ഫോൺ ചെയ്തത്. ഈ ഫോൺ വിളിയുടെ ഓഡിയോ ക്ലിപ്പ് ടി വിയിൽ കേട്ടയുടൻ സംശയം തോന്നിയ ഈ സ്ത്രീ അനിതാ കുമാരിയെ ഫോൺ വിളിച്ച് എവിടെയാണെന്ന് ചോദിച്ചു. വീട്ടിൽ തന്നെ ഉണ്ടെന്നായിരുന്നു മറുപടി. അസ്വാഭാവികമായി ഈ ഫോൺ വിളി തങ്ങളെ തിരിച്ചറിഞ്ഞെന്ന സംശയം അനിതാ കുമാരിക്ക് ഉണ്ടാക്കി.
അതേസമയം, മോചനത്തുക ചോദിക്കുന്ന ശബ്ദവും തന്റെ കൈവശമുള്ള മറ്റൊരു ഓഡജിയോ ക്ലിപ്പും തന്റെ കൂട്ടുകാരിക്ക് ഈ സ്ത്രി കൈമാറി. അനിതാ കുമാതി ഇരുപതിനായിരം രൂപ തന്നോട് കടം ചോദിക്കുന്നതായിരുന്നു രണ്ടാമത്തെ ഓഡിയോ . ഇത് ഒരാളുടെ ശബ്ദമാണെന്ന് സംശയിക്കുന്നെന്നും പോലീസിൽ അറിയിക്കണമെന്നും പറഞ്ഞു. സന്ദേശം കിട്ടിയ സ്ത്രീ കണ്ണനല്ലൂരിലെ പൊതുപ്രവർത്തകനായ സമദിന് കൈമാറി സമദാണ് ഈ ഓഡിയോ ക്ലിപ്പ് പരിചയക്കാരനായ അയിരൂർ പോലീസ് ഇൻസ്പെക്ടർ യു പി വിപിൻ കുമാറിന് അയച്ച് കൊടുത്തത്.
ശബ്ദങ്ങളിലെ സാമ്യം വിപിൻ കുമാർ സ്ഥരീകരിച്ചപ്പോൾ ഇതേ വനിത തന്നെയാണ് പിന്നീട് പിടിയിലായ അനിതാ കുമാരി, ഭർത്താവ് പദ്മകുമാർ. മകൾ അനുപമ എന്നിവരുടെ ചിത്രങ്ങൾ സമദ് വഴി അയച്ച് കൊടുത്തത്. രേഖാ ചിത്രങ്ങളുമായി ഇവയ്ക്ക് സാമ്യമുണ്ട് എന്ന് മനസ്സിലായതിനെ തുടർന്ന് വിപിൻ കുമാർ വിവരങ്ങൾ കൊല്ലം സിറ്റി പോലീസിന് കൈമാറുകയും അവർ പ്രതികളെ പിന്തുടർന്ന് പിടികൂടുകയുമായിരുന്നു. വിവരം നൽകിയ വനിത, സുഹൃത്ത്, സമദ്, ഇൻസ്പെക്ടർ വിപിൻ കുമാർ എന്നിവരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ഒരാഴ്ചയ്ക്കുള്ളിൽ കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനാണ് നീക്കം.












Click it and Unblock the Notifications