കോണ്‍ഗ്രസ്, സിപിഎം, ബിജെപി, തിരികെ സിപിഎമ്മില്‍..; മാമ്പഴത്തറ സലിം വീണ്ടും പാര്‍ട്ടി മാറി, ഇനി ബിജെപിയില്‍
കൊല്ലം: ആര്യങ്കാവ് പഞ്ചായത്തിലെ കഴുതുരുട്ടിയിലെ മാമ്പഴത്തറ സലിം വീണ്ടും പാര്‍ട്ടി മാറി. വാര്‍ഡ് മെമ്പറായ മാമ്പഴത്തറ സലിം സി പി ഐ എം വിട്ട് ബി ജെ പിയില്‍ ചേരുകയായിരുന്നു. ഞായറാഴ്ച വൈകീട്ട് പുനലൂരില്‍ നടന്ന ബി ജെ പി നിയോജകമണ്ഡലം സമിതിയില്‍ മാമ്പഴത്തറ സലീമിനെ ജില്ല പ്രസിഡന്റ് ബി ബി ഗോപകുമാറാണ് പാര്‍ട്ടിയിലേക്ക് ഷാള്‍ അണിയിച്ച് സ്വീകരിച്ചത്.
അതേസമയം സി പി ഐ എം വിട്ട് ബി ജെ പിയില്‍ ചേര്‍ന്നെങ്കിലും സലീം പഞ്ചായത്ത് അംഗത്വം രാജി വെച്ചിട്ടില്ല. എന്നാല്‍ അടുത്ത ദിവസങ്ങളില്‍ മാമ്പഴത്തറ സലിം വാര്‍ഡ് അംഗത്വം രാജിവെക്കുന്നതോടെ കഴുതുരുട്ടി വാര്‍ഡില്‍ വീണ്ടും ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങും. നേരത്തെ സി പി ഐ എമ്മിലായിരുന്നു മാമ്പഴത്തറ സലിം.

പിന്നീട് സി പി ഐ എം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. അതിന് ശേഷം ബി ജെ പിയിലും ചേര്‍ന്നു. ഇക്കഴിഞ്ഞ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കഴുതുരുട്ടി വാര്‍ഡില്‍ നിന്ന് ബി ജെ പി സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ചു. എന്നാല്‍, മൂന്ന് മാസം മുമ്പ് ബി ജെ പിയില്‍ നിന്ന് പഞ്ചായത്ത് അംഗത്വം രാജിവെച്ചു.

പിന്നീട് സി പി ഐ എമ്മിനൊപ്പം ചേര്‍ന്ന് ചേര്‍ന്ന് ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച് വീണ്ടും തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 245 വോട്ടുകള്‍ക്കാണ് മാമ്പഴത്തറ സലിം അന്ന് വിജയിച്ചത്. 888 വോട്ട് പോള്‍ ചെയ്തതില്‍ എല്‍ ഡി എഫിന് 485 വോട്ടും യു ഡി എഫിന് 240-ഉം ബി ജെ പിക്ക് 162 വോട്ടാണ് ലഭിച്ചത്.

11 വര്‍ഷത്തിന് ശേഷമാണ് സലിം സി പി ഐ എമ്മിലേക്ക് തിരിച്ചുവന്നത്. ഇതിന് മൂന്ന് മാസം കഴിഞ്ഞപ്പോഴാണ് മാമ്പഴത്തറ സലിം വീണ്ടും കളം മാറ്റി ചവിട്ടിയത്. പാര്‍ട്ടി മാറുമ്പോഴെല്ലാം ജയം മാമ്പഴത്തറ സലിമിനൊപ്പമായിരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. 1995 ല്‍ എല്‍ ഡി എഫ് പഞ്ചായത്ത് ഭരിച്ചപ്പോള്‍ വൈസ് പ്രസിഡന്റും 2005-ല്‍ പ്രസിഡന്റുമായിരുന്നു മാമ്പഴത്തറ സലിം.

പിന്നീട് 2010-ല്‍ കോണ്‍ഗ്രസില്‍ ചേരുകയും വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. കോണ്ഡഗ്രസിനൊപ്പം നിന്ന് തെരഞ്ഞെടുപ്പിനെ നേരിട്ട 2015-ല്‍ മാമ്പഴത്തറ സലിമിന് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു. ഇതോടെ വീണ്ടും പാര്‍ട്ടി മാറി 2017-ല്‍ ബി ജെ പിയിലെത്തി. 2020-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കഴുതുരുട്ടിയില്‍ നിന്ന് വിജയിക്കുകയും ചെയ്തു.

ഏതായാലും ഉടന്‍ നടന്നേക്കാവുന്ന ഉപതെരഞ്ഞെടുപ്പില്‍ മാമ്പഴത്തറ സലിം വിജയം ആവര്‍ത്തിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുര്‍മുവിന്റെ വിജയാഘോഷ ചടങ്ങ് അരുപ്പ ഇടപ്പണ ആദിവാസി കോളനിയില്‍ ബി ജെ പി സംഘടിപ്പിച്ചപ്പോള്‍ കെ സുരേന്ദ്രനോടൊപ്പം പങ്കെടുത്തതാണ് സലീം വീണ്ടും പാര്‍ട്ടി മാറുന്നു എന്ന ആദ്യ സൂചന നല്‍കിയത്.

സലീം ബി ജെ പി സംസ്ഥാന കമ്മറ്റി അംഗവുമായിരുന്നു. പാര്‍ട്ടിയോട് ഇടഞ്ഞ് സംസ്ഥാന കമ്മറ്റിയംഗത്വവും വാര്‍ഡ് അംഗത്വവും രാജിവെച്ചായിരുന്നു സലീം സി പി ഐ എമ്മില്‍ ചേര്‍ന്നത്. കഴിഞ്ഞ ഡിസംബറില്‍ പുനലൂര്‍ ഏരിയ സമ്മേളന വേദിയില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പങ്കെടുത്ത ചടങ്ങിലാണ് സലിം സി പി ഐ എമ്മിലേക്ക് എത്തിയത്.












Click it and Unblock the Notifications