ചൂട് കൂടുന്നു; കൊല്ലത്ത് ഡെങ്കിപ്പനിയും ചിക്കൻപോക്സും വർദ്ധിക്കുന്നു; ജാഗ്രത വേണം
കൊല്ലം: ജില്ലയിൽ ചൂട് കൂടുന്നു. ചൂട് കൂടുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനി, സൂര്യതാപം, വയറിളക്ക രോഗങ്ങൾ, ചിക്കൻ പോക്സ്, ഭക്ഷ്യവിഷബാധ, പകർച്ചപ്പനികൾ ഉൾപ്പെടെയുള്ള കേസുകൾ വർദ്ധിക്കുന്നതായി അധികൃതർ. സംസ്ഥാനത്ത് നാല് ജില്ലകളിൽ കൂടുതലായി ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തതിൽ ഒരു ജില്ല കൊല്ലമാണ്.
പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ഡെങ്കി ഹോട്ട് സ്പോട്ടുകൾ പ്രസിദ്ധീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കുട്ടികളിൽ പൊതുവേ പനിയും ചുമയും തുടങ്ങി ഇൻഫ്ലുവൻസയായും കാണുന്നുണ്ട്. രോഗം ബാധിച്ചാൽ എത്രയും വേഗം ചികിത്സ ലഭ്യമാക്കണം.

തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാൻ പാടുള്ളൂ. ശുദ്ധമായ ജലം കൊണ്ട് ഉണ്ടാക്കിയ ഐസ്ക്രീമും സോഫ്റ്റ് ഡ്രിങ്കുകളും മാത്രമെ ഉപയോഗിക്കാൻ പാടുള്ളൂ. വൃത്തിഹീനമായ അന്തരീക്ഷത്തിൽ തയ്യാറാക്കുന്ന ഭക്ഷണ പാനീയങ്ങൾ വാങ്ങിക്കഴിക്കരുത്. വയറിളക്ക രോഗങ്ങൾ ഉണ്ടാവാൻ സാധ്യത ഉണ്ട്.
ചൂട് കൂടിയ സാഹചര്യത്തിൽ ഭക്ഷണം വേഗത്തിൽ കേടാവാൻ സാധ്യതയുണ്ട്. ഉത്സവങ്ങളോട് അനുബന്ധിച്ച് ഭക്ഷണം വിതരണം നടത്തുന്നവരും ശീതളപാനീയം, ഐസ്ക്രീം തുടങ്ങിയവ വിതരണം നടത്തുന്നവരും പ്രത്യേകം ശ്രദ്ധിക്കണം. വേനൽക്കാല രോഗങ്ങളുടെ പ്രതിരോധത്തിനായി ഭക്ഷ്യ സുരക്ഷ വകുപ്പ് പരിശോധനകൾ ശക്തമാക്കി കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ജ്യൂസ് കടകളിൽ ഉപയോഗിക്കുന്ന ഐസ് പ്രത്യേകം പരിശോധിക്കുമെന്നും അധികൃതർ പറഞ്ഞു.
ഡെങ്കിപ്പനി തടയാൻ ഡ്രൈ കണ്ടെയ്നർ എലിമിനേഷൻ ഡ്രൈവ്:
വേനൽക്കാലത്ത് ജലജന്യ രോഗങ്ങളോടൊപ്പം ഡെങ്കിപ്പനിക്കെതിരേയും മുൻകരുതൽ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ്. വേനൽക്കാലത്ത് വലിച്ചെറിയുന്ന ഒഴിഞ്ഞ കുപ്പികളിൽ വെള്ളം കെട്ടിനിർത്തി കൊതുക് പെരുകാനിടയാക്കരുത്.
ഒഴിഞ്ഞ പാത്രങ്ങളുടെ സംസ്ക്കരണത്തിന് പ്രാധാന്യം നൽകുന്ന ഡ്രൈ കണ്ടെയ്നർ എലിമിനേഷൻ ഡ്രൈവ് ജില്ലയിലെ എല്ലാ സ്ഥാപനങ്ങളിലും വീടുകളിലും പൊതു സ്ഥലങ്ങളിലും മഴക്കാലത്തിന് മുൻപ് നടത്തും. ഈഡിസ് കൊതുകുകൾ വഴിയാണ് ഡെങ്കിപ്പനി പകരുന്നത്. പനിയോടൊപ്പം തലവേദന, കണ്ണിന് പുറകിൽ വേദന, പേശി വേദന. സന്ധി വേദന എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ. കൂടാതെ ശരീരത്തിൽ ചുവന്നുതടിച്ച പാടുകളും ഉണ്ടാവും.
വീടിവന്റെ ഉള്ളിൽ ചെടിച്ചട്ടികൾ, പൂച്ചട്ടികളുടെ അടിയിലുള്ള പാത്രം, ഫ്രിഡ്ജുകളുടെ ട്രെ, സൺഷേയ്ഡ് ഉപയോഗിക്കാതെ കിടക്കുന്ന ടാങ്കുകൾ തുടങ്ങിയവയിൽ വെള്ളം കെട്ടിനിൽക്കാതെ നോക്കണം. വേനൽക്കാലത്ത് ജല ദൗർലഭ്യം നേരിടുന്ന സ്ഥലങ്ങളിൽ പാത്രങ്ങളിൽ പിടിച്ച് വെച്ചിരിക്കുന്ന വെള്ളത്തിൽ കൊതുക് മുട്ടയിടാൻ സാധ്യതയുണ്ട്. ഇതൊഴിവാക്കാൻ പാത്രങ്ങൾ അടച്ച് സൂക്ഷിക്കുക. ഡെങ്കിപ്പനി ലക്ഷണങ്ങൾ കണ്ടാൽ തൊട്ടടുത്ത ആരോഗ്യകേന്ദ്രത്തിൽ എത്തി ചികിത്സ നൽകണം












Click it and Unblock the Notifications