Get Updates
Get notified of breaking news, exclusive insights, and must-see stories!

ലൂണ താഴെ വീണു, ഗണപതിക്ക് നാളികേരമുടച്ചയച്ച ചന്ദ്രയാന്‍ വിജയിക്കും: കെ സുരേന്ദ്രന്‍

കോട്ടയം: റഷ്യയുടെ ചാന്ദ്ര ദൗത്യമായ ലൂണ-25 പരാജയപ്പെട്ടതും ഗണപതി ഹോമവും ബന്ധപ്പെടുത്തി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. റഷ്യയുടെ ചാന്ദ്രദൗത്യം പരാജയപ്പെട്ടെന്നും എന്നാല്‍ വിഘ്‌നേശ്വരനെ പൂജിച്ച് പോയ ചാന്ദ്രയാന്‍-3 വിജയം കാണുമെന്നുമായിരുന്നു സുരേന്ദ്രന്‍ പറഞ്ഞത്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ എന്‍ ഡി എ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കവെ ആയിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

മലയാളികള്‍ക്ക് കാണം വിറ്റാലും ഓണം ഉണ്ണാന്‍ പറ്റാത്ത അവസ്ഥയാണ് എന്നും ആ സ്ഥിതിയിലേക്ക് കേരളത്തെ പിണറായി വിജയന്‍ സര്‍ക്കാര്‍ എത്തിച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ അഴിമതികള്‍ക്ക് കാവലിരിക്കുന്ന ഭൂതമായി പ്രതിപക്ഷ നേതാവ് മാറി കഴിഞ്ഞെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. സുരേന്ദ്രന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

k surendran

'കേരളത്തിലെ വര്‍ത്തമാന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് പരിശോധന നടത്താനുള്ള അവസരമാണ് ഈ ഉപതിരഞ്ഞെടുപ്പ് വഴി വന്നിരിക്കുന്നത്. ദൈവത്തിന്റെ സ്വന്തം നാടായിട്ടുള്ള കേരളം, ലോകത്തിലെ എല്ലായിടത്തമുള്ള മലയാളികള്‍ ജാതിമതഭേദമന്യേ ഒരാഴ്ച കഴിഞ്ഞാല്‍ ഓണമാഘോഷിക്കാന്‍ പോകുകയാണ്. അത്തമിന്ന് തുടങ്ങി. കള്ളവുമില്ല, ചതിയുമില്ല എള്ളോളമില്ല പൊളിവചനം എന്ന് നാം പാടിക്കേട്ടിരുന്നു.

സമത്വ സുന്ദര കേരളത്തെ കുറിച്ചുള്ള വര്‍ണനകളില്‍ നമ്മള്‍ ഒരുപാട് അഭിമാനം കൊണ്ടിട്ടുണ്ട്. കാണം വിറ്റും ഓണമുണ്ണാം എന്ന് പ്രതീക്ഷിച്ച മലയാളികള്‍ക്ക് കാണം വിറ്റാലും ഓണുമുണ്ണാന്‍ ഗതിയില്ലാതെ നട്ടം തിരിയുന്ന ഒരു സ്ഥിതിയിലേക്കാണ് ഭരണകൂടം കേരളത്തെ തള്ളി വിട്ടിരിക്കുന്നത്. എല്ലാം വിറ്റ് പെറുക്കി കെട്ടുതാലി പണയം വെച്ച് സപ്ലൈകോയില്‍ ചെന്നാല്‍ 13 ഐറ്റം തരാമെന്ന് പിണറായി വിജയന്‍ പറഞ്ഞു.

അതില്‍ ആറ് ഐറ്റം പോലും എല്ലാ സപ്ലൈകോയിലും കിട്ടാനില്ലാത്ത ഒരു സ്ഥിതി നമ്മുടെ നാട്ടില്‍ വന്നിരിക്കുന്നു. കള്ളവും ചതിയും മാത്രമെ കേരളത്തിലുള്ളൂ. നേരം വെളുക്കുന്നത് വരെ കക്കുകയാണ് ഭരണാധികാരികളും ഇവിടത്തെ രാഷ്ട്രീയ നേതാക്കളും. കോടാനുകോടി രൂപയാണ് മാസപ്പടിയായി ഭരണ-പ്രതിപക്ഷ നേതാക്കള്‍ക്ക് ലഭിച്ചിരിക്കുന്നത്. പിണറായി വിജയനും മകളും നടത്തിയ തട്ടിപ്പിന് കാവല്‍ നില്‍ക്കുകയാണ് പ്രതിപക്ഷ നേതാവ്.

ഇവിടത്തെ ഭൂരിപക്ഷ സമുദായം എല്ലാ കാലത്തും മതനിരപേക്ഷത ഉയര്‍ത്തി പിടിച്ച് കൊണ്ടിരിക്കുകയാണ്. അവര്‍ അവരുടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കുകയോ അവരുടെ പ്രശ്‌നങ്ങള്‍ പൊതുസമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുകയോ ചെയ്താല്‍ അതിനെ വര്‍ഗീയനമായി ചിത്രീകരിക്കുകയാണ് എല്ലാ കാലത്തും. ശബരിമലയെ തകര്‍ക്കാന്‍ ഒരു കൂട്ടര്‍ ആസൂത്രിതമായി ശ്രമം നടത്തിയപ്പോള്‍ അതിനെതിരെ പ്രതികരിച്ചവര്‍ കുറ്റക്കാരായി.

അവര്‍ അക്രമകാരികളായി. അതിനെതിരെ സമരം ചെയ്തവര്‍ കുറ്റവാളികളായി, ക്രിമിനലുകളായി. അതിന് ഒത്താശ ചെയ്ത് കൊടുത്തവര്‍ പുണ്യവാളന്‍മാര്‍. ശബരിമലയെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ മതനിരപേക്ഷതയുടേയും സ്ത്രീശാക്തീകരണത്തിന്റേയും വക്താക്കളായി. വിചിത്രമായ മതനിരപേക്ഷതാ സിദ്ധാന്തമാണ് ഇവിടെ പറയുന്നത്. ഈ അടുത്ത കാലത്ത് കേരള നിയമസഭയുടെ സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞു ഗണപതി ഒരു മിത്താണെന്ന്.

എ എന്‍ ഷംസീര്‍ പല ദൈവങ്ങളെ കുറിച്ചും ആചാരങ്ങളെ കുറിച്ചും സ്വന്തം മതത്തെക്കുറിച്ചും അവരുടെ ആചാരത്തെ കുറിച്ചും വാതോരാതെ വാനോളം പുകഴ്ത്തുകയും ഗണപതി ഭഗവാനെ മിത്താണെന്ന് പറയുകയും ചെയ്യും. അന്ധവിശ്വാസമാണ്, അനാചാരമാണ്. ഇത് തെറ്റായ കീഴ് വഴക്കമാണ്. നാം അന്ധകാരത്തിന്റെ തുരുത്തിലേക്ക് രാജ്യത്തെ തള്ളിവിടുകയാണ്. ഇന്ന് ഗണേഷ ചതുര്‍ത്ഥിയാണ്.

നിങ്ങള്‍ ഇപ്പോള്‍ അറിഞ്ഞ് കഴിഞ്ഞ് കാണും. ലൂണ താഴെ വീണു. റഷ്യയുടെ ബഹിരാകാശപേടകം ചന്ദ്രനില്‍ കാല് കുത്താതെ താഴെ വീണുവെന്നാണ് ഇപ്പോള്‍ വാര്‍ത്ത വന്ന് കൊണ്ടിരിക്കുന്നത്. നമ്മുടെ ബഹിരാകാശപേടകം ചന്ദ്രനില്‍ കാല് കുത്തുക തന്നെ ചെയ്യും മറ്റന്നാളെന്നാണ് ഈ ലോകം മുഴുവനുള്ള ശാസ്ത്രജ്ഞന്‍മാരും വിചാരിക്കുന്നത്. നാം ബഹിരാകാശത്തേക്ക് ഇത്തരത്തിലുള്ള റോക്കറ്റുകള്‍ വിക്ഷേപിക്കുമ്പോള്‍, ഏത് നല്ല കാര്യവും ശാസ്ത്രം ചെയ്യുമ്പോഴും നമ്മുടെ രാജ്യത്ത് വിഘ്‌നേശ്വരനെ, ഗണപതി ഹോമം കഴിച്ചും നാളികേരമുടച്ചുമാണ് എല്ലാ നല്ല കാര്യങ്ങളും ചെയ്യുന്നത്.

അങ്ങനെയുള്ള ഭഗവാന്‍ വിഘ്‌നേശ്വരനെ കോടാനുകോടിയുള്ള ഹിന്ദുസമൂഹത്തിന്റെ എല്ലാമെല്ലാമായിട്ടുള്ള വിഘ്‌നേശ്വരനെ വെറുമൊരു മിത്താണ്, അന്ധവിശ്വാസമാണ്, അനാചാരമാണ് എന്ന് ഭരണഘടനാ സ്ഥാപനത്തിലിരിക്കുന്ന ആള്‍, നിയമസഭയുടെ സ്പീക്കറായിരിക്കുന്ന ആള്‍ പറഞ്ഞിട്ടിപ്പോള്‍ രണ്ടാഴ്ച പിന്നിട്ടിരിക്കുന്നു. അദ്ദേഹം അത് തിരുത്താന്‍ തയ്യാറായിട്ടില്ല. തിരുത്തണമെന്ന് ആവശ്യപ്പെടാന്‍ കോണ്‍ഗ്രസിനും സാധിച്ചിട്ടില്ല.

കോണ്‍ഗ്രസ് എപ്പോഴും പറയുന്നത് എന്‍ എസ് എസിന്റെ പിന്തുണ ഞങ്ങള്‍ക്ക് സ്ഥിരമായി ലഭിക്കുമെന്നാണ്. അത് അവരുടെ അവകാശവാദമാണ്. എന്‍ എസ് എസിന്റെ പിന്തുണ സ്ഥിരമായി ലഭിക്കുമെന്ന് പറയുന്ന കെ സുധാകരനും വിഡി സതീശനും എന്‍എസ്എസ് പറഞ്ഞു എഎന്‍ ഷംസീര്‍ മാപ്പ് പറയണം എന്ന കാര്യത്തില്‍ ഞങ്ങള്‍ ഉറച്ച് നില്‍ക്കുന്നു എന്ന്. എന്നാല്‍ ആ നിലപാട് മുഖവിലക്കെടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നില്ല.

ഗണപതി ഭഗവാനെ ആക്ഷേപിക്കുന്നത് തിരുത്തണമെന്ന് പറയുന്നത് എങ്ങനെയാണ് ആളിക്കത്തിക്കലാകുന്നത്. ഈ നാട്ടിലെ വിശ്വാസിസമൂഹത്തിന് എന്ത് കൊണ്ടാണ് ഇങ്ങനെയൊരു ഇരട്ടനീതി ലഭിക്കുന്നത്. ഈ മന്ത്രിസഭയിലെ അംഗം സജി ചെറിയാന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ പള്ളിക്ക് അടുത്താണ് ബാങ്ക് വിളിക്കുന്നത്. പുറത്ത് ബാങ്ക് വിളിക്കില്ല എന്ന ഒട്ടും ആക്ഷേപകരമല്ലാത്ത ഒരു പ്രസ്താവന നടത്തി.

16 മണിക്കൂര്‍ കൊണ്ട് അദ്ദേഹത്തെ തിരുത്തിച്ചു ഗോവിന്ദനും പിണറായിയും. ഇതാണ് കേരളത്തിന്റെ മതനിരപേക്ഷതാ സിദ്ധാന്തം. ഈ ഇരട്ടനീതി കേരളത്തിലെ ജനങ്ങള്‍ എല്ലാ കാലത്തും വെച്ച് പൊറുപ്പിക്കില്ല എന്ന മുന്നറിയിപ്പായിരിക്കും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലൂടെ നല്‍കുക.'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+