ജോസഫിനെ തളര്‍ത്തും, മധ്യകേരളം പിടിക്കാന്‍ ജോസിന്‍റെ പുതിയ നീക്കം; നേതാക്കള്‍ വേണ്ട, നോട്ടം അണികളില്‍
കോട്ടയം: പാര്‍ട്ടി പിളര്‍ന്ന് രണ്ട് മുന്നണിയിലായതോടെയാണ് കേരള കോണ്‍ഗ്രസിലെ കരുത്തര്‍ ആരെന്ന ചോദ്യം ഉയരാന്‍ തുടങ്ങിയത്. ഇരുവിഭാഗങ്ങളും അവകാശ വാദങ്ങളുമായി രംഗത്ത് വന്നെങ്കിലും ഈ ചോദ്യത്തിനുള്ള വ്യക്തമായ ഉത്തരം നല്‍കിയത് തദ്ദേശ തിരഞ്ഞെടുപ്പായിരുന്നു. ജോസ് കെ മാണി വിഭാഗത്തിന്‍റെ കരുത്തില്‍ മധ്യകേരളത്തില്‍ എല്‍ഡിഎഫ് മികച്ച മുന്നേറ്റം കാഴ്ചവെച്ചപ്പോള്‍ പിജെ ജോസഫിന് സ്വന്തം തട്ടകമായ തൊടുപുഴയില്‍ പോലും തിരിച്ചടി നേരിടേണ്ടി വന്നു. ഇതോടെയാണ് ജോസഫ് വിഭാഗത്തില്‍ നിന്നും കേരള കോണ്‍ഗ്രസ് എമ്മിലേക്കുള്ള ഒഴുക്കിന് ശക്തി പ്രാപിച്ചത്.

കേരള കോണ്‍ഗ്രസിലേക്ക് വന്നവര്‍
സമീപകാലത്ത് ഒട്ടനവധി നേതാക്കളും പ്രവര്‍ത്തകരുമാണ് പിജെ ജോസഫ് വിഭാഗത്തില്‍ നിന്നും ജോസ് കെ മാണിയുടെ പാളയത്തിലേക്ക് ചേക്കേറിയത്. ജോസഫ് ഗ്രൂപ്പിലെ സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗം പികെ രവിയുടെ നേതൃത്വത്തില്‍ ഇരുന്നൂറ്റി അമ്പതിലേറെ പ്രവര്‍ത്തകര്‍ കഴിഞ്ഞ ആഴ്ച കേരള കോണ്‍ഗ്രസ് എമ്മില്‍ ചേര്‍ന്നിരുന്നു. തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് കെജെ തോമസും ജോസഫിനോട് വിടപറഞ്ഞു.

തിരക്കഥാകൃത്ത് പ്രവീണ്‍ ഇറവങ്കരയും
ഇതിന് പിന്നാലെയാണ് കെപിസിസി സംസ്ഥാന ജനറൽ സെക്രട്ടറിയും കല-സാംസ്കാരിക വിഭാഗം സംസ്ഥാന കമ്മിറ്റി അംഗവുമായ തിരക്കഥാകൃത്ത് പ്രവീണ്‍ ഇറവങ്കരയും കഴിഞ്ഞ ദിവസും കേരള കോണ്‍ഗ്രസില്‍ ചേര്‍ന്നത്. നേതാക്കളില്ലാതെ ഒട്ടനവധി പ്രവര്‍ത്തകരേയും പ്രാദേശിക തലത്തില്‍ പാര്‍ട്ടിയില്‍ എത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്.

രണ്ടില ചിഹ്നം കിട്ടിയത്
തദ്ദേശ തിരഞ്ഞെടുപ്പിലെ നേട്ടത്തില്‍ നിന്നും ആവേശം ഉള്‍ക്കൊണ്ടാണ് പ്രവര്‍ത്തകരെ പാര്‍ട്ടിയിലേക്ക് എത്തിക്കാന്‍ കേരള കോണ്‍ഗ്രസ് എം ശക്തമാക്കിയത്. സജീവമല്ലാതെ നില്‍ക്കുന്നവരേയും അനുഭാവികളേയും നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പ്രവര്‍ത്തനത്തില്‍ ഒപ്പം കൂട്ടാനാണ് ഇപ്പോഴത്തെ നീക്കം. പിജെ ജോസഫുമായുള്ള തര്‍ക്കത്തില്‍ രണ്ടില ചിഹ്നം കിട്ടിയതെല്ലാം അവതരിപ്പിച്ചാണ് ഓരോ വ്യക്തിയേയും നേതാക്കള്‍ നേരിട്ട് കാണുന്നത്.

നേതാക്കളല്ല അണികള്‍ വേണം
നേതാക്കളേക്കാള്‍, അണികളെയാണ് ഒപ്പം കൂട്ടേണ്ടതാണെന്നാണ് ജോസ് കെ മാണി നല്‍കിയിരിക്കുന്ന നിര്‍ദേശം. ഒരു പിടി നേതാക്കള്‍ ഉണ്ടെങ്കിലും പ്രവര്‍ത്തകര്‍ ഇല്ലാത്ത പാര്‍ട്ടിയെന്നാണ് പിജെ ജോസഫിനെ ജോസ് വിഭാഗം പരിഹസിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മറ്റ് വിഭാഗങ്ങളിലെ കേരള കോണ്‍ഗ്രസ് നേതാക്കള്‍ ഒപ്പം വരാന്‍ തയ്യാറായെങ്കിലും വാതില്‍ തുറക്കാന്‍ തയ്യാറാവാത്തത് ഇതിനാലാണ്.

നേതാക്കള്‍ നേരില്‍ കാണുന്നു
അതേസമയം, മറ്റ് കേരള കോണ്‍ഗ്രസ് വിഭാഗങ്ങളില്‍ നിന്നും ഒപ്പം നില്‍ക്കാന്‍ താല്‍പര്യമുള്ള താഴെ തട്ടിലെ പ്രവര്‍ത്തകരെ ഒപ്പം നിര്‍ത്താനാണ് താല്‍പര്യം. പിജെ ജോസഫ് വിഭാഗത്തില്‍ നിന്നുമുള്ള അണികളെ അടര്‍ത്തിയെടുക്കുന്നതിലാണ് അതീവ ശ്രദ്ധ. പാര്‍ട്ടി പിളര്‍ന്നതോടെ സജീവ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ട് നില്‍ക്കുന്നവരെ നേരില്‍ കണ്ടാണ് പാര്‍ട്ടിയിലേക്ക് എത്തിക്കുന്നത്.

കെഎം മാണിയെന്ന വികാരം
കെഎം മാണിയെന്ന വികാരം ശക്തമായി താഴേത്തട്ടിൽ എത്തിക്കുന്നതിന് ആയിരം കേന്ദ്രങ്ങളില്‍ മാണി സ്മൃതിസംഗമം നടത്തി. പാര്‍ട്ടി മത്സരിക്കാന്‍ സാധ്യതയുള്ള സീറ്റുകളില്‍ ഒരുക്കങ്ങളും സജീവമാക്കിയിട്ടുണ്ട്. മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് മേഖല സമ്മേളനങ്ങള്‍ നടത്തി വരികയാണ്.

പാലാ, കടുത്തുരുത്തി
കോട്ടയം ജില്ലയില്‍ പാലാ, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, പൂഞ്ഞാർ സീറ്റുകളിലാണ് സാധ്യത. ഇതില്‍ കാഞ്ഞിരപ്പള്ളി സിപിഐ വിട്ടുകൊടുക്കുന്നതിനാല്‍ ചങ്ങനാശ്ശേരി അവര്‍ക്ക് നല്‍കേണ്ടി വരും. പത്തനംതിട്ടയില്‍ റാന്നിയും തിരുവല്ലയുമാണ് ലക്ഷ്യം. എന്നാല്‍ തിരുവല്ല ജെഡിഎസിന്‍റെ സിറ്റിങ് സീറ്റായതിനാല്‍ വിട്ടുകിട്ടാന്‍ സാധ്യതയില്ല.

തൊടുപുഴയും ഇടുക്കിയും
ഇടുക്കിയില്‍ ഇടുക്കിക്കാണ് സാധ്യത. തൊടുപുഴയില്‍ പിജെ ജോസഫിനെതിരെ കേരള കോണ്‍ഗ്രസ് എം മത്സരിക്കണമെന്നാണ് സിപിഎം നിര്‍ദേശം. എറണാകുളത്ത് പിറവം അല്ലെങ്കില്‍ പെരുമ്പാവൂരിലാണ് സാധ്യത. തൃശൂരില്‍ ഇത്തവണ സീറ്റ് ലഭിക്കാന്‍ സാധ്യതയില്ല. കോഴിക്കോട് ജില്ലയില്‍ പേരാമ്പ്രയ്ക്ക് പകരം തിരുവമ്പാടിയോ കുറ്റ്യാടിയോ ലഭിച്ചേക്കും.

പതിനഞ്ചും വേണം
നിയമസഭാ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണ മത്സരിച്ച 15 സീറ്റും വേണമെന്നാണ് കേരള കോണ്‍ഗ്രസ് എമ്മിന്‍റെ ആവശ്യം. എൽഡിഎഫിലേക്ക് വാതിൽ തുറന്നു കടന്നു വരുമ്പോൾ13 നിയമസഭാ സീറ്റുകളും ജോസ് കെ. മാണി രാജിവയ്ക്കുന്ന രാജ്യസഭാ സീറ്റും എല്‍ഡിഎഫ് വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് കേരള കോണ്‍ഗ്രസ് എം നേതാക്കള്‍ വ്യക്തമാക്കുന്നത്.

പിറവം അല്ലെങ്കിൽ പെരുമ്പാവൂർ
എന്നാല്‍ 10 സീറ്റുകൾ നല്‍കാമെന്നാണ് സിപിഎമ്മിന്‍റെ നിര്‍ദേശം. പാലാ, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി,ചങ്ങനാശേരി, ഇടുക്കി, തൊടുപുഴ, റാന്നി, പൂഞ്ഞാർ സീറ്റുകളും കണ്ണൂരില്‍ ഇരിക്കൂര്‍ അല്ലെങ്കില്‍ പേരാവൂര്‍, കോഴിക്കോട് തിരുവമ്പാടി അല്ലെങ്കില്‍ കുറ്റ്യടി, പിറവം അല്ലെങ്കിൽ പെരുമ്പാവൂർ, ചാലക്കുടി അല്ലെങ്കിൽ ഇരിങ്ങാലക്കുട സീറ്റുകളാണ് സിപിഎം മുന്നോട്ട് വെക്കുന്നത്.












Click it and Unblock the Notifications