പിസി ജോര്‍ജിന് പൂഞ്ഞാര്‍ മാത്രം, യുഡിഎഫ് പിന്തുണയ്ക്കും, എ ഗ്രൂപ്പിനെ വെട്ടി ചെന്നിത്തലയുടെ നീക്കം!!
കോട്ടയം: പിസി ജോര്‍ജിന്റെ വഴി മുടക്കാനുള്ള കളികളെ പൊളിച്ച് ഐ ഗ്രൂപ്പ്. അദ്ദേഹം യുഡിഎഫിന്റെ പിന്തുണയോടെ തന്നെ മത്സരിക്കാനുള്ള ഒരുക്കമാണ് നടത്തുന്നത്. ഉമ്മന്‍ ചാണ്ടിയെ ഒതുക്കാന്‍ ജോര്‍ജ് കൂടെയുള്ളത് സഹായിക്കുമെന്ന വിലയിരുത്തലും ചെന്നിത്തലയ്ക്കുണ്ട്. കോട്ടയത്ത് ഐശ്വര്യ കേരള യാത്ര എത്തുന്നതോടെ എ ഗ്രൂപ്പിനെ ഞെട്ടിക്കുന്ന പ്രഖ്യാപനങ്ങള്‍ ഉണ്ടാവുമെന്ന് ഐ ഗ്രൂപ്പ് പറയുന്നു. ചില നിബന്ധനകള്‍ അംഗീകരിക്കാന്‍ ജോര്‍ജ് തയ്യാറാവുമെന്നാണ് റിപ്പോര്‍ട്ട്.

രണ്ട് തീരുമാനങ്ങള്‍
ഇരുമുന്നണിയുടെയും പിന്തുണയില്ലാതെ പൂഞ്ഞാറില്‍ നിന്ന് സ്വതന്ത്രനായി വിജയിച്ച പിസി ജോര്‍ജിനെയും പാലാ സീറ്റിന്റെ പേരില്‍ എല്‍ഡിഎഫുമായി ഇടഞ്ഞ് നില്‍ക്കുന്ന മാണി സി കാപ്പനെയുമാണ് ചെന്നിത്തലയുടെ നിര്‍ദേശപ്രകാരം ഐ ഗ്രൂപ്പ് യുഡിഎഫിലെത്തിക്കുന്നത്. കാപ്പന് ദില്ലിയിലെത്തിയത് എല്‍ഡിഎഫ് വിടാനുള്ള മനസ്സുമായിട്ടാണ്. പാലാ സീറ്റ് സിപിഎം നല്‍കില്ലെന്ന് ഉറപ്പാണ്. അതിന് പുറമേ ദേശീയ നേതൃത്വത്തെ പിണറായി അപമാനിച്ചെന്നാണ് കാപ്പന്‍ പറയുന്നത്.

ജോര്‍ജിന് പൂഞ്ഞാര്‍
പൂഞ്ഞാര്‍ സീറ്റ് പിസി ജോര്‍ജിന് തന്നെ യുഡിഎഫില്‍ നിന്ന് ലഭിക്കും. ഇവിടെ യുഡിഎഫ് പിന്തുണയോടെ ജോര്‍ജിനെ മത്സരിപ്പിക്കാനാണ് ആലോചിക്കുന്നത്. ജനപക്ഷത്തെ യുഡിഎഫില്‍ ഘടകക്ഷിയാക്കണമെന്നാണ് ജോര്‍ജിന്റെ ആവശ്യം. പൂഞ്ഞാറിന് പുറമേ പാലായും കാഞ്ഞിരപ്പള്ളിയും ജോര്‍ജ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഘടകകക്ഷിയാക്കാന്‍ ഇപ്പോള്‍ സാധിക്കില്ലെന്നാണ് ഐ ഗ്രൂപ്പ് അറിയിച്ചിരിക്കുന്നത്. പകരം തിരഞ്ഞെടുപ്പിന് ശേഷം അത് ഉണ്ടാവും. അധികാരമാണ് പ്രധാനമെന്നും ഇവര്‍ ജോര്‍ജിനെ ഓര്‍മപ്പെടുത്തി. ജോര്‍ജിന് പൂഞ്ഞാര്‍ മാത്രമാണ് യുഡിഎഫ് നല്‍കുക.

ചെന്നിത്തല എത്തിയാല്‍...
ചെന്നിത്തലയുടെ യാത്ര കോട്ടയത്ത് എത്തിയാല്‍ ജോര്‍ജിനുള്ള പിന്തുണ പ്രഖ്യാപിക്കാനാണ് ഒരുങ്ങുന്നത്. ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ ഇതിനെ എതിര്‍ത്തെങ്കിലും പാര്‍ട്ടിയുടെ ജയം ചൂണ്ടിക്കാണിച്ച് അതിന് ഐ ഗ്രൂപ്പ് ബ്ലോക്കിട്ടു. യുഡിഎഫിന്റെ ഓഫര്‍ ജോര്‍ജ് സ്വീകരിച്ചാല്‍ ഫെബ്രുവരി പതിനാലിന് പ്രഖ്യാപനമുണ്ടാവും. കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ ശക്തമായ എതിര്‍പ്പാണ് ഉള്ളത്. എന്നാല്‍ ചര്‍ച്ചകള്‍ അവസാനിപ്പിക്കേണ്ട എന്നാണ് ഐ ഗ്രൂപ്പിന്റെ നിലപാട്. പാലായില്‍ ഇത്തവണ കോണ്‍ഗ്രസ് തന്നെ മത്സരിക്കും.

മുല്ലപ്പള്ളി പറയുന്നത്
പിസി ജോര്‍ജ് സുഹൃത്താണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറയുന്നു. എന്നാല്‍ ദൂതന്‍ വഴിയോ നേരിട്ടോ താനുമായി ജോര്‍ജ് സംസാരിച്ചിട്ടില്ല. എന്നാല്‍ ജോര്‍ജിന്റെ മുന്നണി പ്രവേശം ഘടകകക്ഷികളെ വിശ്വാസത്തില്‍ എടുത്ത് മാത്രമേ തീരുമാനിക്കൂ എന്ന് മുല്ലപ്പള്ളി പറഞ്ഞു. അതേസമയം മാണി സി കാപ്പനെ സ്വാഗതം ചെയ്യുമെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി. കൂടുതല്‍ നേതാക്കള്‍ യുഡിഎഫിലേക്ക് വരുമെന്നും, തദ്ദേശ തിരഞ്ഞെടുപ്പില്‍ യുവാക്കളെ മത്സരിപ്പിക്കാതിരുന്നത് തെറ്റാണെന്നും, ഇനി അത് ആവര്‍ത്തിക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

യുഡിഎഫില്‍ സംഭവിച്ചത്
യുഡിഎഫിലേക്ക് വരുന്നത് തടഞ്ഞത് ഉമ്മന്‍ ചാണ്ടിയാണെന്ന് പിസി ജോര്‍ജ് പറയുന്നു. രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള നേതാക്കള്‍ എന്നെ സ്വാഗതം ചെയ്തിരുന്നു. മുസ്ലീം ലീഗിനെ ഉപയോഗിച്ച് തന്നെ എതിര്‍ക്കാനാണ് ഉമ്മന്‍ ചാണ്ടി ശ്രമിച്ചത്. പ്രാദേശികമായി കോണ്‍ഗ്രസ് നേതാക്കളെയും ഉമ്മന്‍ ചാണ്ടി എനിക്കെതിരെ ഉപയോഗിച്ചു. യുഡിഎഫ് ഇതിന് വലിയ വില നല്‍കേണ്ടി വരും. താനുണ്ടെങ്കില്‍ കോട്ടയത്ത് എല്ലാ സീറ്റിലും യുഡിഎഫിനെ ജയിപ്പിക്കാനാവുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞിരുന്നുവെന്ന് ജോര്‍ജ് പറഞ്ഞു.

ഐ ഗ്രൂപ്പിന്റെ നോട്ടം
2016ലെ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ ജോര്‍ജ് ജയിച്ചതും തദ്ദേശത്തില്‍ ഷോണ്‍ ജോര്‍ജ് വിജയിച്ചതുമാണ് ഐ ഗ്രൂപ്പിനെ പ്രലോഭിപ്പിച്ചത്. പൂഞ്ഞാറില്‍ പിന്തുണ തേടാനുള്ള പ്രധാന കാരണം ഇതാണ്. നേരത്തെ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ചേര്‍ന്നാണ് യുഡിഎഫിനെ മുമ്പ് യുഡിഎഫിലെടുത്തത്. ജോര്‍ജിനെ ഇത്തവണ പൂഞ്ഞാറിലോ പാലായില്‍ ജോസ് കെ മാണിക്കെതിരെ നിര്‍ത്താനോ ആയിരുന്നു ആലോചന. ഇത് അവസാന ഘട്ടം വരെ എത്തിയിരുന്നു. എന്നാല്‍ ജോര്‍ജിന്റെ തന്നെ കൈയ്യിലിരിപ്പ് കൊണ്ടാണ് ഇത് അവസാന നിമിഷത്തേക്ക് നീണ്ടത്.

ലീഗ് വഴങ്ങുമോ?
മുസ്ലീം ലീഗിന്റെ സമ്മതം ഇക്കാര്യത്തില്‍ അനിവാര്യമാണ്. രണ്ട് വര്‍ഷം മുമ്പ് ജോര്‍ജ് നടത്തിയ ന്യൂനപക്ഷ വിരുദ്ധ പരാമര്‍ശം ഇപ്പോഴും പ്രശ്‌നമാണ്. എല്‍ഡിഎഫ് ജോര്‍ജിനെ കൂടെ കൂട്ടാനും തയ്യാറല്ല. അതുകൊണ്ടാണ് സഭാ നേതൃത്വത്തെയും ലീഗിനെയും ജോര്‍ജ് അനുനയിപ്പിച്ചിട്ടുണ്ട്. ആ ധൈര്യത്തിലാണ് ഐ ഗ്രൂപ്പ് പിന്തുണ അറിയിച്ചിരിക്കുന്നത്. അതേസമയം വിവാദ പ്രസ്താവനകള്‍ ജോര്‍ജ് ഇനിയും നടത്തിയാല്‍ ഉറപ്പായും ഐ ഗ്രൂപ്പ് അദ്ദേഹത്തെ കൈവിടും. കോണ്‍ഗ്രസ് വാതില്‍ കൊട്ടയടയ്ക്കുകയും ചെയ്യും.
ഒരിഞ്ച് പിന്നോട്ടില്ല, സമരം കടുപ്പിച്ച് കർഷകർ- ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം












Click it and Unblock the Notifications