കോട്ടയത്തെ സംഭരണശാലയില്‍ 35000 കിലോ ബ്ലീച്ചിങ് പൗഡര്‍; സുരക്ഷക്കായി ഒരു യൂണിറ്റ് ഫയര്‍ഫോഴ്‌സ്
കോട്ടയം: കോട്ടയം ജില്ലയില്‍ കേരള മെഡിക്കല്‍ സര്‍വിസസ് കോര്‍പറേഷന്റെ സംഭരണശാലയില്‍ ഉള്ളത് 35000 കിലോ ബ്ലീച്ചിങ് പൗഡര്‍. 65000 കിലോ ബ്ലീച്ചിങ് പൗഡറാണ് ഇവിടെ ആകെ ഉണ്ടായിരുന്നത്. ഇതില്‍ 30,500 കിലോ കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടത് പ്രകാരം കഴിഞ്ഞ ദിവസം പത്തനംതിട്ടയിലെ പാര്‍ക്കിന്‍സ് എന്‍ര്‍പ്രൈസസ് തിരിച്ചെടുത്തു. വെയര്‍ഹൗസുകളിലുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ വലിയ സുരക്ഷയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
അതേസമയം തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ബാങ്കെ ബിഹാരി കമ്പനിയുടെ ഈ ബ്ലീച്ചിങ് പൗഡര്‍ തിരിച്ചെടുത്തേക്കും എന്നും റിപ്പോര്‍ട്ടുണ്ട്. സംഭരണശാലയുടെ സുരക്ഷക്കായി ജില്ലാ കളക്ടറുടെ നിര്‍ദേശ പ്രകാരം ഒരു യൂണിറ്റ് അഗ്‌നിരക്ഷാസേനയെ ഇവിടെ നിയോഗിച്ചിട്ടുണ്ട്. ദുരന്തനിവാരണ നിയമപ്രകാരമാണ് കളക്ടറുടെ നടപടി. കൂടാതെ ഇനി മുതല്‍ രണ്ട് സെക്യൂരിറ്റി ജീവനക്കാരായിരിക്കും നൈറ്റ് ഡ്യൂട്ടിക്ക് ഉണ്ടാകുക.

അടിയന്തര സാഹചര്യം നേരിടാന്‍ ഒന്നരലക്ഷം കപ്പാസിറ്റിയുള്ള ടാങ്കില്‍ വെള്ളം സംഭരിച്ച് വെച്ചിരിക്കുകയാണ്. 1000 സ്‌ക്വയര്‍ ഫീറ്റുള്ള മുറിയിലാണ് ബ്ലീച്ചിങ് പൗഡര്‍ സൂക്ഷിച്ചിരിക്കുന്നത്. ഇവിടെ ആവശ്യത്തിന് വായുസഞ്ചാരം ഉറപ്പാക്കിയിട്ടുണ്ട്. ചൂടുമൂലം ബ്ലീച്ചിങ് പൗഡര്‍ സ്വയം കത്തുന്നത് ഒഴിവാക്കാന്‍ ഓട്ടോമാറ്റിക് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തീപിടിത്തമുണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ എല്ലാ സജ്ജീകരണവും നടത്തിയിട്ടുണ്ട് എന്നാണ് മാനേജര്‍ സെബിന്‍ പറയുന്നത്.
കഴിഞ്ഞ ദിവസം അഗ്‌നിരക്ഷാസേന സംഭരണശാലയില്‍ ഫയര്‍ ഓഡിറ്റ് നടത്തുകയും ചെയ്തിരുന്നു. ഇതില്‍ സേന അഗ്‌നിരക്ഷ സംവിധാനങ്ങളുടെ പ്രവര്‍ത്തനത്തില്‍ സംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട് എന്നാണ് വിവരം. ഇതിന് പുറമെ ജില്ല മെഡിക്കല്‍ ഓഫിസറും ഡ്രഗ് ഇന്‍സ്‌പെക്ടറും കഴിഞ്ഞ ദിവസം സംഭരണശാല സന്ദര്‍ശിച്ചിരുന്നു. ഇരുവരും സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്തി.
മെഡിക്കല്‍ കോളജ് വിട്ടുകൊടുത്ത ഒന്നര ഏക്കര്‍ സ്ഥലത്ത് പണിത പുതിയ അഞ്ചുനില കെട്ടിടത്തിലാണ് കേരള മെഡിക്കല്‍ സര്‍വിസസ് കോര്‍പറേഷന്റെ സംഭരണശാല പ്രവര്‍ത്തിക്കുന്നത്. കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലായി മെഡിക്കല്‍ സര്‍വിസ് കോര്‍പറേഷന്റെ സംഭരണശാലകളില്‍ തീപിടിത്തമുണ്ടായ പശ്ചാത്തലത്തിലാണ് ഇവിടെ സുരക്ഷ വര്‍ധിച്ചിരിക്കുന്നത്.












Click it and Unblock the Notifications