മണമറിയാതിരിക്കാന്‍ സാംബ്രാണി, നാട്ടില്‍ മാന്യന്‍; ഒടുവില്‍ എക്‌സൈസിന്റെ പ്രച്ഛന്നവേഷത്തില്‍ വീണു
കോട്ടയം: സ്വന്തം വീടിന്റെ അടുക്കളയില്‍ വച്ച് വന്‍ തോതില്‍ ചാരായം വാറ്റി വില്‍പന നടത്തിയിരുന്നയാള്‍ പിടിയില്‍. പയ്യപ്പാടി വെണ്ണിമല കേന്ദ്രീകരിച്ച് ചാരായ വില്‍പന നടത്തിയ മൂലകുന്നേല്‍ ജോര്‍ജ് റപ്പേല്‍ ആണ് പിടിയിലായത്. കോട്ടയം എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ അല്‍ഫോന്‍സ് ജേക്കബും സംഘവുമാണ് ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. രണ്ട് ലിറ്റര്‍ ചാരായവും 300 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.
ജോര്‍ജ് സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷമായി സ്വന്തം വീടിന്റെ അടുക്കളയില്‍ പത്ത് ലിറ്ററിന്റെ കുക്കറുകളില്‍ വാറ്റുപകരണം ഘടിപ്പിച്ച് ചാരായം വാറ്റ് നടത്തി വരികയായിരുന്നു ജോര്‍ജ്. രഹസ്യ വിവരത്തെ തുടര്‍ന്ന് എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍ ഇയാളെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരീക്ഷിച്ച് വരികയായിരുന്നു.

പ്രതീകാത്മകചിത്രം
കഴിഞ്ഞ രണ്ട് ദിവസം ഡ്രൈ ഡേ പ്രമാണിച്ച് വന്‍ വില്‍പന പ്രതീക്ഷിച്ച് ശര്‍ക്കരയും പഞ്ചസാരയും മറ്റ് സുഗന്ധ ദ്രവ്യങ്ങളും ഇയാള്‍ ശേഖരിച്ചിരുന്നു. ഈ വിവരം ലഭിച്ച എക്‌സൈസ് സംഘം വേഷം മാറിയെത്തിയാണ് ജോര്‍ജിനെ പിടികൂടിയത്. ഓട്ടോറിക്ഷക്കാരന്റെ വേഷത്തിലെത്തിയ എക്‌സൈസ് സംഘത്തിന് തന്റെ എന്‍ഫീല്‍ഡ് ബൈക്കിലെത്തി ജോര്‍ജ് ചാരായം കൊടുക്കുകയായിരുന്നു. ഇതിനിടെയാണ് ഇയാളെ പിടികൂടിയത്.
പിന്നീട് വീട് പരിശോധിച്ചപ്പോഴാണ് വീടിന്റെ അടുക്കളയില്‍ നിന്നും ചാരായവും വാറ്റുന്നതിനുള്ള കോടയും പ്രഷര്‍ കുക്കറുകളും മറ്റ് ഉപകരണങ്ങളും കണ്ടെടുത്തത്. ആയുര്‍വേദ ഉല്‍പന്നങ്ങള്‍ ചേര്‍ത്തുണ്ടാക്കുന്ന ചാരായം സ്പൂണ്‍ ഉപയോഗിച്ച് കോരി കത്തിച്ചാണ് ഗാഢത മനസ്സിലാക്കിയിരുന്നത്. ഒരു ലിറ്ററിന് 800 രൂപ എന്ന നിരക്കിലായിരുന്നു ജോര്‍ജിന്റെ ചാരായം വില്‍പന.
ചാരായം വാറ്റുമ്പോള്‍ ഉണ്ടാകുന്ന ഗന്ധം അയല്‍ക്കാര്‍ അറിയാതിരിക്കുവാന്‍ സാംബ്രാണി പുകയ്ക്കാറുണ്ട്. അതിനാല്‍ തന്നെ സമീപവാസികള്‍ക്ക് സംശയവും തോന്നിയില്ല. മാത്രമല്ല പൊതുജനങ്ങളുടെ മുന്നില്‍ മാന്യമായ പെരുമാറ്റവും ആയിരുന്നു. എക്‌സൈസ് കസ്റ്റഡിയിലെടുത്ത ശേഷവും ഇയാളുടെ മൊബൈല്‍ ഫോണിലേക്ക് നിരവധി കോളുകള്‍ വരുന്നുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications