തിങ്കളാഴ്ച ടാറിംഗ് കഴിഞ്ഞു, ചൊവ്വാഴ്ച വാട്ടര്‍ അതോറിറ്റി എത്തി 'പണി' തുടങ്ങി; ജനം ഒന്നിച്ചപ്പോള്‍ മടങ്ങി
കോട്ടയം: കേരളത്തില്‍ ഏറെ പഴകി കേട്ട കാര്യമാണ് പൊതുമരാമത്ത് വകുപ്പിന്റേയും ജല അതോറിറ്റിയുടേയും ഏകോപനമില്ലായ്മ. ഓരോ തവണയും പൊതുമരാമത്ത് വകുപ്പ് ടാറിംഗ് പൂര്‍ത്തിയാക്കിയ റോഡുകള്‍ അധികം വൈകാതെ കുത്തിപ്പൊളിച്ച് പൈപ്പിടുന്നതാണ് വാട്ടര്‍ അതോറിറ്റിയുടെ പ്രധാന 'ജോലി'. ഏത് സര്‍ക്കാരിന്റെ കാലത്തും ഇതാണ് സംസ്ഥാനത്ത് പലയിടത്തും നടക്കുന്നത്.
ഇപ്പോഴിതാ കോട്ടയം ജില്ലയിലെ ചിങ്ങവനത്ത് നിന്നും സമാനമായ വാര്‍ത്തയാണ് പുറത്ത് വരുന്നത്. ടാറിംഗ് പൂര്‍ത്തിയാക്കി 24 മണിക്കൂര്‍ പോലും തികയും മുന്‍പാണ് ചിങ്ങവനത്തെ റോഡ് കുത്തിപ്പൊളിക്കാന്‍ വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ എത്തിയത്. എന്നാല്‍ ഇതിന് എതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയതോടെ വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ ' പണി' പൂര്‍ത്തിയാക്കാതെ മടങ്ങുകയായിരുന്നു.

പ്രതീകാത്മക ചിത്രം
തിങ്കളാഴ്ച ടാറിങ് പൂര്‍ത്തിയാക്കിയ പന്നിമറ്റം കവലയിലെ റോഡില്‍ ആണ് പൈപ്പ് ഇടുന്നതിനായി ചൊവ്വാഴ്ച വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ എത്തി വെട്ടിപ്പൊളിച്ചത്. രണ്ട് വര്‍ഷമായി പൊളിഞ്ഞ് കിടക്കുകയായിരുന്നു ഈ റോഡ്. നാട്ടുകാരുടെ നിരന്തര ആവശ്യത്തെ തുടര്‍ന്ന് ആണ് ടാറിംഗ് പൂര്‍ത്തിയാക്കിയത്.
എന്നാല്‍ റോഡിന്റെ തിരക്കേറിയ ഭാഗത്ത് തന്നെ കുഴിച്ച് തുടങ്ങിയതോടെ നാട്ടുകാര്‍ കഴിഞ്ഞ ദിവസം പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ഇതോടെ പണി നിര്‍ത്തി വെക്കുകയും ചെയ്തു. കഴിഞ്ഞ കുറെ മാസങ്ങളായി കോട്ടയം നഗരത്തില്‍ പലയിടത്തും നടക്കുന്ന കാര്യമാണ് ഇത് എന്നാണ് നാട്ടുകാര്‍ പറയുന്നത്.
അതേസമയം റോഡ് വെട്ടിപ്പൊളിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ആണ് വ്യാപകമായി പ്രതിഷേധം ഉയരുകയും തുടര്‍ന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ പൈപ്പിടല്‍ പദ്ധതി നിര്‍ത്തി വെക്കുകയും ആയിരുന്നു. വാട്ടര്‍ അതോറിറ്റിയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണമൊന്നും ലഭിച്ചിട്ടില്ല.
ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ റോഡ് കുഴിക്കുന്ന നടപടികള്‍ ഉണ്ടാകില്ല എന്നാണ് അറിയിച്ചിരിക്കുന്നത്. കുഴിച്ച് തുടങ്ങിയ ഭാഗം തല്‍സ്ഥിതിയില്‍ തന്നെ അടച്ച് വെച്ചിരിക്കുകയാണ്.












Click it and Unblock the Notifications