കിടങ്ങൂര്‍ ക്ഷേത്രത്തിലെ കൊടിമരം ഉയരത്തില്‍ രണ്ടാമത്; സ്വര്‍ണം പൂശിയിട്ട് ഏഴ് പതിറ്റാണ്ട്
1952 ല്‍ ആണ് കൊടിമരം സ്വര്‍ണമാക്കുന്നത്. 70 വര്‍ഷത്തിനിപ്പുറവും കൊടിമരത്തിന് യാതൊരു കേടുപാടുകളും സംഭവിച്ചിട്ടില്ല

Image Credit: Ramesh Kidangoor @facebook
കോട്ടയം: കിടങ്ങൂര്‍ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ സ്വര്‍ണ കൊടിമരം വീണ്ടും നേട്ടങ്ങളുടെ നെറുകയില്‍. സംസ്ഥാനത്ത് ക്ഷേത്രങ്ങളിലെ കൊടിമരത്തില്‍ ഉയരത്തില്‍ രണ്ടാം സ്ഥാനം കിടങ്ങൂര്‍ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ സ്വര്‍ണ കൊടിമരത്തിന് ആണ്.
ഹരിപ്പാട് ക്ഷേത്രത്തിലെ കൊടിമരത്തിനാണ് ഒന്നാം സ്ഥാനം. നൂറ്റാണ്ടുകളായി കൊടിയേറി ഉത്സവം നടക്കുന്ന ക്ഷേത്രമാണ് കിടങ്ങൂര്‍ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രം. നേരത്തെ ഈ കൊടിമരം ചെമ്പ് പൊതിഞ്ഞ കൊടിമരമായിരുന്നു. പിന്നീട് 1952 ല്‍ ആണ് സ്വര്‍ണ കൊടിമരം സ്ഥാപിച്ചത്.

Image Credit: Ramesh Kidangoor @facebook
ആ സമയത്ത് പ്രദേശത്തെ ആദ്യ സ്വര്‍ണ ധ്വജ സ്തംഭമായിരുന്നു കിടങ്ങൂര്‍ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ കൊടിമരത്തിലേത്. ഇന്നത്തെ കൊടിമരത്തിനുള്ള തേക്ക് കൊണ്ടുവന്നത്. മലയാറ്റൂര്‍ വനത്തില്‍ കോടനാട് ഭാഗത്ത് നിന്നാണ് എന്നാണ് പറയപ്പെടുന്നത്.
മഴു കൊണ്ട് മുറിച്ച് ഭൂമിയെ സ്പര്‍ശിക്കാതെ കൊണ്ടുവന്ന മരം ഉപയോഗിച്ചാണ് കൊടിമരം സൃഷ്ടിച്ചിരിക്കുന്നത്. സവിശേഷമായ ഔഷധ കൂട്ടുകളില്‍ മാസങ്ങളോളം സൂക്ഷിച്ച് ബലപ്പെടുത്തിയ ശേഷമാണ് കൊടിമരമാക്കി മാറ്റുന്നത്. അന്ന് കിടങ്ങൂര്‍ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിന് സ്വന്തമായിരുന്ന നെറ്റിപ്പട്ടങ്ങളിലെ സ്വര്‍ണമാണ് കൊടിമരത്തിലെ പറകള്‍ക്ക് ഉപയോഗിച്ചത്.
മുകളില്‍ മയില്‍ വാഹനത്തോടു കൂടിയ കൊടിമരമാണ് ഇത്. 28 പറകളുണ്ട് ഈ കൊടിമരത്തിന്. സ്വര്‍ണം പൊതിഞ്ഞിട്ട് 70 വര്‍ഷം പിന്നിട്ടെങ്കിലും കൊടിമരത്തിന്റെ തിളക്കം ഒട്ടും മങ്ങിയിട്ടില്ല. 2002ല്‍ കൊടിമരത്തിന്റെ 50 ാം വര്‍ഷത്തില്‍ പ്രത്യേക കലശ ചടങ്ങുകള്‍ നടത്തിയിരുന്നു.












Click it and Unblock the Notifications