ജയറാമും ചിറക്കല്‍ കാളിദാസനുമെത്തും; രണ്ട് വര്‍ഷത്തിന് ശേഷം തിരുനക്കര പകല്‍പ്പൂരം തിരിച്ചെത്തുന്നു
കോട്ടയം: കൊവിഡ് മഹാമാരി കണക്കിലെടുത്ത് രണ്ട് വര്‍ഷമായി മുടങ്ങി കിടന്ന തിരുനക്കര പകല്‍പൂരം തിരിച്ചെത്തുന്നു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് 2020 ല്‍ മാറ്റിവെച്ച പൂരമാണ് ആഘോഷമായി നടത്താന്‍ ഒരുങ്ങുന്നത്. തിരുനക്കര മഹാദേവ ക്ഷേത്രം ഉത്സവത്തിന് മാര്‍ച്ച് 15 ന് വൈകിട്ട് 7 ന് തന്ത്രി താഴ്മണ്‍ മഠം കണ്ഠര് മോഹനര് കൊടിയേറ്റും. ഇതോടെ പകല്‍പൂരത്തിന്റെ തുടക്കം കുറിക്കും. വന്‍ കലാപരിപാടികളോടെയാണ് ഉത്സവാഘോഷം സംഘടിപ്പിക്കാനൊരുങ്ങുന്നത്. എട്ടാം ഉത്സവമായ 22ന് വലിയ വിളക്ക് ദേശ വിളക്കായി ആചരിക്കും. പള്ളിവേട്ട ദിവസമായ 23 നാണ് പൂരം. 24ന് ആറാട്ട്.
പ്രസിഡന്റ് ടി സി ഗണേഷ്, സെക്രട്ടറി അജയ് ടി നായര്‍, വൈസ് പ്രസിഡന്റ് പ്രഫ പ്രദീപ് മന്നക്കുന്നം, അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ ആര്‍ കൃഷ്ണചന്ദ്രന്‍ എന്നിവരടങ്ങുന്ന ക്ഷേത്രോപദേശക സമിതിയുടെ നേതൃത്വത്തിലാണ് ഉത്സവം നടക്കുക. പൂരദിനമായ 23 ന് ചലച്ചിത്ര താരം ജയറാമിന്റെ നേതൃത്വത്തില്‍ 111 കലാകാരന്‍മാര്‍ അണിനിരക്കുന്ന പഞ്ചാരിമേളം ഉണ്ടാകും.

തിരുനക്കര പൂരത്തിന്റെ ലോഗോ പ്രകാശനം 25 ന് രാവിലെ 9.30 ന് ക്ഷേത്രാങ്കണത്തില്‍ മന്ത്രി വി എന്‍ വാസവന്‍ നിര്‍വഹിക്കും. ദേവസ്വം ബോര്‍ഡ് അംഗം പി എം തങ്കപ്പന്‍ ദീപം തെളിയിക്കും. ജോസ്‌കോ ഗ്രൂപ്പ് സീനിയര്‍ വൈസ് പ്രസിഡന്റ് ബാബു എം.ഫിലിപ്പ് ലോഗോ ഏറ്റുവാങ്ങും.
പിന്നണി ഗായകന്‍ അനൂപ് ശങ്കര്‍, ഭീമ ബ്ലൂ ഡയ്മണ്‍സ്, തൃശൂര്‍ കലാസദന്‍, കോട്ടയം ശ്രീരാഗം ഓര്‍ക്കസ്ട്ര എന്നിവരുടെ ഗാനമേള, കൊല്ലം കെ ആര്‍ പ്രസാദിന്റെ ദേവയാനം ബാലെ, മൂന്നു ദിവസം കഥകളി (കര്‍ണ ശപഥം, കുചേലവൃത്തം, കിരാതം) എന്നിവ ഉണ്ടാകും. എട്ട് ദിവസവും ഉത്സവബലി, അഞ്ചാം ഉത്സവം മുതല്‍ കാഴ്ചശ്രീബലി, വേലകളി, ചെന്നൈ അശ്വത്ത് നാരായണനും സംഘവും നയിക്കുന്ന ആറാട്ടു കച്ചേരി, വെട്ടിക്കവല ശശികുമാര്‍, തുറവൂര്‍ നാരായണപ്പണിക്കര്‍, ഹരിപ്പാട് മുരുകദാസ്, ആറന്മുള ശ്രീകുമാര്‍, പാറപ്പാടം സജീഷ് എന്നിവരുടെ നാദസ്വര കച്ചേരി, ദേവനടനം ഡാന്‍സ്, ഭസ്മാസുര മോഹിനി നൃത്തശില്‍പം, പഞ്ചവാദ്യം, ആറാട്ട് സദ്യ തുടങ്ങിയവ പകല്‍പ്പൂര ആഘോഷത്തിന് മിഴിവേകും.
'ബാഹുബലി' സിനിമയില്‍ അഭിനയിച്ച കേരളത്തിലെ ഗജവീരന്‍മാരില്‍ പ്രമുഖനായ ചിറയ്ക്കല്‍ കാളിദാസന്‍ അടക്കമുള്ള ആനകളാണ് അണിനിരക്കുന്നത്. സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ വന്ന ശഷമേ ആനകളുടെ എണ്ണത്തില്‍ തീരുമാനമുണ്ടാകൂ. ക്ഷേത്രകലകളും അനുഷ്ഠാന കലകളും മറ്റു കലാപരിപാടികളും ഉണ്ടാകുമെന്ന് ഉപദേശക സമിതി പ്രസിഡന്റ് ടി സി ഗണേഷ് അറിയിച്ചു.












Click it and Unblock the Notifications