ഒരാഴ്ചക്കിടെയിറങ്ങിയത് 38 കാട്ടാനകള്‍, ഒപ്പം കടുവയും; പുറത്തിറങ്ങാന്‍ പേടിച്ച് കര്‍ഷകര്‍
കോട്ടയം: ജില്ലയിലെ മുണ്ടക്കയത്ത് കാട്ടാന ശല്യം രൂക്ഷമാകുന്നു. പെരുവന്താനം പഞ്ചായത്തിലെ ടിആര്‍ ആന്‍ഡ് ടി എസ്റ്റേറ്റില്‍ ആണ് കാട്ടാനകള്‍ സൈ്വര്യവിഹാരം നടത്തുന്നത്. വനാതിര്‍ത്തി മേഖലയിലെ സോളര്‍ വേലികള്‍ ഉള്‍പ്പെടെ പ്രവര്‍ത്തനരഹിതമായേേതാടെയാണ് വന്യജീവികള്‍ നാട്ടില്‍ വിഹരിക്കാന്‍ തുടങ്ങിയത് എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ടി ആര്‍ ആന്‍ഡ് ടി എസ്റ്റേറ്റിലെ ജനവാസ മേഖലയില്‍ 38 ആനകളാണ് ഇറങ്ങിയത്.
വനം വകുപ്പിന്റെ നേതൃത്വത്തില്‍ ആനകളെ ഓടിച്ച് വിടാറുണ്ടെങ്കിലും ഇവ ഫലപ്രദമല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. പിറ്റേ ദിവസം തന്നെ ഇവ വീണ്ടും തിരിച്ചെത്തും. കാട്ടാനകളുടെ ശല്യം രൂക്ഷമായതോടെ ജനങ്ങള്‍ പുറത്തേക്ക് ഇറങ്ങാന്‍ പോലും പേടിക്കുകയാണ്. എസ്റ്റേറ്റ് മേഖലയായ ചെന്നാപ്പാറ, കുപ്പക്കയം എന്നിവിടങ്ങളിലും കോരുത്തോട് പഞ്ചായത്തിലെ കൊമ്പുകുത്തി, പട്ടാളക്കുന്ന് മേഖലയിലും ആണ് വന്യമൃഗ ശല്യം രൂക്ഷമായി അനുഭവപപ്പെടുന്നത്.

എസ്റ്റേറ്റ് മേഖലയില്‍ ആവശ്യത്തിന് തീറ്റയും വെള്ളവും ലഭിക്കുന്നതിനാലാണ് ഇവ കൂട്ടത്തോടെ നാട്ടിലേക്ക് ഇറങ്ങുന്നത്. ശബരിമല സീസണായതോടെ കാനനപാതയില്‍ കച്ചവടക്കാര്‍ കടകള്‍ നിര്‍മിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇതോടെ ഈ പ്രദേശത്തേക്ക് പോകാനാവാതെ ആനകള്‍ എസ്റ്റേറ്റ് മേഖലയിലേക്ക് ഇറങ്ങുകയാണ് എന്ന് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നു. ആനകളെ കൂടാതെ മറ്റ് വന്യജീവികളും ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നുണ്ട്.
ടിആര്‍ ആന്‍ഡ് ടി എസ്റ്റേറ്റിലെ ചെന്നാപ്പാറ, കോരുത്തോട് പട്ടാളക്കുന്ന് എന്നിവിടങ്ങളില്‍ വളര്‍ത്ത് മൃഗങ്ങള്‍ കൊല്ലപ്പെട്ടിരുന്നു. ഇവിടെ സ്ഥാപിച്ച ക്യാമറയില്‍ കടുവയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. സമീപകാലത്തായി എസ്റ്റേറ്റ് മേഖലയില്‍ 60 ഓളം മൃഗങ്ങള്‍ കൊല്ലപ്പെട്ടിരുന്നു. ആനയെ കൂടാതെ കടുവയുടെ സാന്നിധ്യം കൂടി സ്ഥിരീകരിച്ചതോടെ ഭീതിയിലാണ് നാട്ടുകാര്‍. ഇതിനിടെ പമ്പയില്‍ നിന്ന് പന്നികളെ ലോറിയില്‍ കഴിഞ്ഞ ദിവസം ചെന്നാപ്പാറ മേഖലയില്‍ തുറന്നുവിട്ടിരുന്നു.












Click it and Unblock the Notifications