വ്യാപാരിയുടെ ആത്മഹത്യക്ക് പിന്നാലെ ബാങ്കിനെതിരെ വന്‍ പ്രതിഷേധം: 'കടയിലെത്തി പണം എടുത്തുകൊണ്ടു പോയി'
കോട്ടയം: വ്യാപാരിയുടെ ആത്മഹത്യക്ക് പിന്നാലെ കോട്ടയത്ത് വന്‍ പ്രതിഷേധം. ബാങ്കിന്റെ ഭാഗത്ത് നിന്നുണ്ടായ ഭീഷണിയെ തുടർന്നാണ് വ്യാപാരിയായ ബിനു കെസി ആത്മഹത്യ ചെയ്യുന്നതെന്നാണ് കുടുംബം ആരോപിക്കുന്നത്. ചെരുപ്പ് വ്യാപാരിയായ ബിനു കർണാടക ബാങ്കില്‍ നിന്നും ലോണ്‍ എടുത്തിരുന്നു. രണ്ട് മാസത്തെ കുടിശ്ശിക വന്നതിന്റെ പേരിൽ ബാങ്ക് ജീവനക്കാരനായ പ്രദീപ് നിരന്തരം ബിനുവിനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് കുടുംബത്തിന്റ ആരോപണം.
കഴിഞ്ഞ ദിവസം കടയിലെത്തിയ ബാങ്ക് ജീവനക്കാർ പണം എടുത്തുകൊണ്ടുപോയതായും ആരോപണമുണ്ട്. ഇന്നലെ ഉച്ചയോടെയായിരുന്നു ബിനു ആത്മഹത്യ ചെയ്തത്. പോസ്റ്റുമോർട്ട് നടപടികള്‍ക്ക് ശേഷം ബിനുവിന്റെ മൃതദേഹവുമായി എത്തിയ ബന്ധുക്കള്‍ ബാങ്കിന് മുന്നില്‍ പ്രതിഷേധിച്ചു. ഡി വൈ എഫ് ഐ, വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങളും പ്രതിഷേധത്തിന് നേതൃത്വം നല്‍കി.

പൊലീസ് ബാരിക്കേഡ് മറികടന്ന് ഡി വൈ എഫ് ഐ പ്രവർത്തർ ബാങ്ക് ആക്രമിക്കാന്‍ ശ്രമിച്ചത് സംഘർഷത്തിന് ഇടയാക്കി. ജയ്ക്ക് സി തോമസ് അടക്കമുള്ളവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കലക്ടറോ എസ്പി യോ വരാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടിലായിരുന്നു പ്രതിഷേധക്കാർ. എം എൽ എ തിരുവഞ്ചൂർ രാധാകൃഷണനും സ്ഥലത്ത് എത്തിയിരുന്നു.
ഒന്നര മണിക്കൂറിലേറെ പ്രതിഷേധം നടന്നിട്ടും ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്ത് എത്താന്‍ തയ്യാറായില്ല. പിന്നീട് എസ്പി സ്ഥലത്തെത്തിയതിനെ തുടർന്ന് മന്ത്രി വി.എൻ. വാസവൻ എസ് പിയുമായി സംസാരിച്ചു. കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് മന്ത്രി നിർദേശം നൽകി. കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്ന് ജില്ലാ പൊലീസ് മേധാവി ഉറപ്പ് നൽകിയതിനെ തുടർന്നാണ് കുടുംബം പ്രതിഷേധം അവസാനിപ്പിച്ച് മടങ്ങിയത്.
കോട്ടയം ഡിവൈഎസ്പി ആയിരിക്കും അന്വേഷിക്കുക. ബാങ്ക് ജീവനക്കാരനായ പ്രദീപ് എന്ന വ്യക്തിക്കെതിരെയാണ് കുടുംബം വലിയ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. മരിച്ചാൽ ഉത്തരവാദി ബാങ്ക് ജീവനക്കാരനെന്ന് ബിനു പറഞ്ഞിരുന്നതായും പ്രദീപ് കടയിലെത്തി ഭീഷണിപ്പെടുത്തിയെന്നും പിതാവ് പറഞ്ഞിരുന്നതായി ബിനുവിന്റെ മകള്‍ പറഞ്ഞു.
വ്യാപാര ആവശ്യത്തിന് വേണ്ടി 5 ലക്ഷം രൂപയാണ് ബിനു കർണാടക ബാങ്കില്‍ നിന്നും ലോണ്‍ എടുത്തത്. നേരത്തേയും ഇതേ ബാങ്കില്‍ നിന്ന് തന്നെ ബിനു ലോണ്‍ എടുക്കുകയും അടച്ച് തീർക്കുകയും ചെയ്തിരുന്നു. 5 ലക്ഷത്തിന്റെ ലോണിന് 14000 രൂപയാണ് മാസം അടയ്ക്കേണ്ടത്. കഴിഞ്ഞ രണ്ട് മാസം മാത്രമാണ് അടവ് മുടങ്ങിയത്. ഇതേ തുടർന്നാണ് ബാങ്കിലെത്തി പണം എടുത്തുകൊണ്ടുപോകുന്നത് ഉള്‍പ്പെടേയുള്ള സാഹചര്യം ഉണ്ടായതെന്നും ബന്ധുക്കള്‍ പറയുന്നു.












Click it and Unblock the Notifications