തിരഞ്ഞെടുപ്പ് ഫലം പ്രവചിച്ച് പിസി ജോര്‍ജ്... 'ഇക്കാര്യം രാഹുല്‍ ഗാന്ധിക്ക് പോലും അറിയാം'...
കോട്ടയം: ഒരുകാലത്ത് കേരള രാഷ്ട്രീയത്തില്‍ സജീവ ചര്‍ച്ചയായിരുന്ന പേരാണ് പിസി ജോര്‍ജ്. പൂഞ്ഞാര്‍ മണ്ഡലത്തില്‍ നിന്ന് നിരവധി തവണ നിയമസഭയിലെത്തിയ ജനപക്ഷം നേതാവ്. സോളാര്‍ മുതല്‍ ദിലീപ് കേസില്‍ വരെ പിസി ജോര്‍ജ് നടത്തിയ ഇടപെടലുകളും പരാമര്‍ശങ്ങളും ഏറെ ചര്‍ച്ചയായിരുന്നു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില പ്രവചനങ്ങള്‍ നടത്തിയിരിക്കുകയാണ് അദ്ദേഹം.
യുഡിഎഫിനൊപ്പവും എല്‍ഡിഎഫിനൊപ്പവും നിന്ന ചരിത്രമുള്ള നേതാവാണ് പിസി ജോര്‍ജ്. ഒരു വേള എസ്ഡിപിഐയുടെ പിന്തുണയും അദ്ദേഹത്തിന് ലഭിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പിന്തുണയില്‍ മല്‍സരിച്ചെങ്കിലും തോല്‍വിയായിരുന്നു ഫലം. ഇതോടെ രാഷ്ട്രീയ കേരളത്തില്‍ അത്ര സജീവമല്ല അദ്ദേഹം.

വരുന്ന തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിന് മേല്‍ക്കൈ വരുമെന്ന് പിസി ജോര്‍ജ് പറയുന്നു. കേന്ദ്രത്തില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിക്ക് പോലും ഇക്കാര്യം അറിയാമെന്നും പിന്നെ എന്തിനാണ് വിഷമിക്കുന്നതെന്നും പിസി ജോര്‍ജ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
എന്ത് ചെയ്താലും മോദി തന്നെ പ്രധാനമന്ത്രിയാകും. കേരളത്തില്‍ ബിജെപിക്കുള്ള സാധ്യതയും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും ഒരു മുന്നണിയല്ലേ എന്ന് ഇന്ത്യ സഖ്യത്തെ സൂചിപ്പിച്ച് പിസി ജോര്‍ജ് പറഞ്ഞു. സിപിഎമ്മും കോണ്‍ഗ്രസും എന്തിനാണ് പരസ്പരം മല്‍സരിക്കുന്നതെന്നും അവര്‍ക്ക് സീറ്റുകള്‍ പങ്കുവച്ചാല്‍ പോരേ എന്നും പിസി ജോര്‍ജ് ചോദിച്ചു.
എനിക്ക് മനസിലാകുന്നില്ല. കേരളം ഒഴിച്ച് ബാക്കി എല്ലാ സംസ്ഥാനത്തും മുന്നണിയുണ്ട്. കേരളത്തില്‍ മാത്രം മുന്നണിയില്ലെന്ന്. എന്ത് മര്യാദയാണത്. മോശം ഇടപാടല്ലേ. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും സിപിഎം സെക്രട്ടറി എംവി ഗോവിന്ദനും ഒരു മേശക്ക് ചുറ്റുമിരുന്ന് പത്തും പത്തുമായി വീതിച്ചെടുത്താല്‍ പോരേ എന്നും പിസി ജോര്‍ജ് പരിഹസിച്ചു.
സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും ഇത്തരത്തില്‍ വീതിച്ചെടുക്കാന്‍ ഞാന്‍ വെല്ലുവിളിക്കുന്നു. അപ്പോഴറിയാം കേരളം ആരുടെ ഒപ്പം പോകുമെന്ന്. സിപിഎം ബന്ധം ആഗ്രഹിക്കാത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചേ മതിയാകൂ. കോണ്‍ഗ്രസ് ബന്ധം ഇഷ്ടപ്പെടാത്ത സിപിഎം പ്രവര്‍ത്തകരുമുണ്ട്. ഇവര്‍ക്കെല്ലാം എത്താന്‍ പറ്റുന്ന പാര്‍ട്ടിയായി ബിജെപി മാറാന്‍ പോകുന്നുവെന്നും പിസി ജോര്‍ജ് പറയുന്നു.
എല്ലാം നിങ്ങള്‍ കണ്ടോ, അഞ്ച് മാസം മതിയല്ലോ. കാത്തിരുന്ന് കാണാമെന്നും പിസി ജോര്‍ജ് ചോദ്യത്തിന് മറുപടിയായി പറഞ്ഞു. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പുകള്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിട്ടുണ്ട്. തൊട്ടുപിന്നാലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കും. അടുത്ത മെയ് മാസത്തിലാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുക.












Click it and Unblock the Notifications