കോട്ടയത്തെ കൊവിഡ് ബാധിതന്റെ അമ്മയ്ക്കും രോഗം: ഫലം സ്ഥിരീകരിച്ചത് രണ്ടാം പരിശോധനയിൽ
കോട്ടയം: കോട്ടയത്ത് ചൊവ്വാഴ്ച കൊറോണ വൈറസ് സ്ഥിരീരിച്ചത് രണ്ട് വയസ്സുകാകരന്റെ അമ്മയ്ക്കും രോഗം സ്ഥിരീകരിച്ചു. 29 കാരിയായ യുവതി ഏഴ് മാസം ഗർഭിണിയാണ്. ആദ്യ പരിശോധനാ തിരിച്ചയതിന് പിന്നാലെ വന്ന രണ്ടാമതായി വന്ന ഫലത്തിലാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ടുവയസ്സുകാരന് രോഗം സ്ഥിരീകരിച്ചതോടെ കഴിഞ്ഞ ദിവസം തന്നെ അമ്മയെയും കുഞ്ഞിനേയും കോട്ടയം മെർഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. രോഗലക്ഷണങ്ങളൊന്നും ഇല്ലാതിരുന്ന യുവതിക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
കുവൈത്തിൽ നിന്ന് ഞായറാഴ്ച തിരിച്ചെത്തിയ സംഘത്തിൽ ഉൾപ്പെട്ടവരാണ് ഇരുവരും. കുവൈത്ത് വിമാനത്താവളത്തിലേക്ക് ഇവരെ എത്തിച്ച ഡ്രൈവർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്നാണ് കുട്ടിയെ പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇരുവരുടെയും ആരോഗ്യ നിലയിൽ പ്രശ്നങ്ങളില്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. അമ്മയ്ക്കും കുട്ടിയ്ക്കും രോഗം സ്ഥിരീകരിച്ചതോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് ഇവരെ വീട്ടിലെത്തിച്ച ടാക്സി ഡ്രൈവർ, യുവതിയുടെ ഭർത്താവിന്റെ അമ്മ എന്നിവരും നിരീക്ഷണത്തിലാണുള്ളത്. വീട്ടിലെത്തിയ ശേഷം ഇവർ ഭർത്താവിന്റെ അമ്മയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടില്ലെന്നാണ് വിവരം.

ഇവർ സഞ്ചരിച്ച വിമാനത്തിൽ കേരളത്തിൽ തിരിച്ചെത്തിയ 21 പേരിൽ ഒമ്പത് പേർ നിരീക്ഷണ കേന്ദ്രത്തിലുണ്ട്. രോഗം സ്ഥിരീകരിച്ച കുട്ടി ഉൾപ്പെടെ 12 പേർ വീടുകളിൽ നിരീക്ഷണത്തിൽ കഴിഞ്ഞ് വരികയായിരുന്നു. ഇതിനിടെ രോഗം സ്ഥിരീകരിച്ചതോടെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവർക്കൊപ്പം ഇതേ വിമാനത്തിൽ വന്ന മലപ്പുറം സ്വദേശിയ്ക്ക് നേരത്തെ തന്നെ രോഗം സ്ഥിരീകരിച്ചിരുന്നു.