കോട്ടയത്ത് ഇരട്ട സഹോദരങ്ങൾ ആത്മഹത്യ ചെയ്തു: സാമ്പത്തിക ബാധ്യതയെന്ന് നാട്ടുകാർ
കോട്ടയം: കോട്ടയത്ത് ഇരട്ട സഹോദരങ്ങൾ തൂങ്ങിമരിച്ച നിലയിൽ. കോട്ടയം കടുവാക്കുളത്ത് ക്രെയിൻ സർവീസ് ചെയ്ത് ജീവിച്ചിരുന്ന ഇരട്ടസഹോദരങ്ങളായ നസീർ, നിസാർ എന്നിവരാണ് മരിച്ചിട്ടുള്ളത്. അമ്മയ്ക്കൊപ്പം ഒരേ വീട്ടിലാണ് ഇവർ കഴിഞ്ഞിരുന്നത്. മകനുള്ള കാപ്പിയുമായി അമ്മ രാവിലെ മുറിയിലെത്തിയപ്പോഴാണ് ഇരട്ട മക്കളിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മ ബഹളം വെച്ചതിനെ തുടർന്ന് സമീപവാസികൾ വീട്ടിലെത്തിയതോടെയാണ് രണ്ടാമത്തെ മകനെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
കോട്ടയം ജില്ലയിലെ തന്നെ നാട്ടകത്ത് താമസിച്ചിരുന്ന അമ്മയും മക്കളും മൂന്ന് വർഷം മുമ്പാണ് കടുവാക്കുളത്ത് താമസം ആരംഭിക്കുന്നത്. ഇവർ ജോലി ചെയ്തിരുന്ന ക്രെയിനിന്റെ ഉമട മരിച്ചതോടെ ഇരുവർക്കും ജോലി നഷ്ടപ്പെട്ടിരുന്നു. ഇതോടെ മറ്റ് ജോലികളെ ആശ്രയിച്ചായിരുന്നു ജീവിച്ചിരുന്നത്. എന്നാൽ സാമ്പത്തിക പ്രതിസന്ധി മൂലമാണ് ഇവർ ആത്മഹത്യ ചെയ്തതെന്നാണ് പുറത്തുവരുന്ന വിവരം.

ഇരുവരും ബാങ്കിൽ നിന്ന് വായ്പയെടുത്തിരുന്നതായും ജപ്തി ഭീഷണി ഉയർന്ന സാഹചര്യത്തിലാണ് ആത്മഹത്യ ചെയ്തിട്ടുള്ളതെന്നാണ് നാട്ടുകാർ നൽകിയിട്ടുള്ള വിവരം. ബാങ്കിലെ സാമ്പത്തിക ഇടപാടിന് പുറമേ മറ്റ് സാമ്പത്തിക ബാധ്യതകളും ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ബാങ്ക് അധികൃതർ കഴിഞ്ഞ ദിവസം വർ വീട്ടിലെത്തിയിരുന്നുവെന്നും നാട്ടുകാർ പറയുന്നു.
അതേ സമയം കഴിഞ്ഞ മൂന്ന് ദിവസമായി ഇവർ കാര്യമായി വീടിന് പുറത്തേക്കിറങ്ങാറില്ലായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. ഇന്നലെ രാത്രി ഒമ്പത് മണിക്കാണ് ഇരുവരെയും അവസാനമായി കണ്ടത്. മൂന്നു വർഷം മുൻപ് നടന്ന വീട് നിർമാണത്തിനായി ബാങ്കിൽനിന്ന് 12 ലക്ഷത്തോളം രൂപ വായ്പയെടുത്തിരുന്നു. ഒരു തവണ മാത്രമാണ് വായ്പ തിരിച്ചടച്ചിട്ടുള്ളത്. കോട്ടയം ഈസ്റ്റ് പോലീസ് സ്ഥലത്തെത്തിയാണ് തുടർ നടപിടകൾ സ്വീകരിച്ചുവരുന്നത്.












Click it and Unblock the Notifications