തെങ്ങുകയറ്റയന്ത്രത്തില്‍ കാലു കുടുങ്ങി തൂങ്ങിക്കിടന്നു; കുടുംബം നോക്കിനില്‍ക്കവെ യുവാവിന് ദാരുണാന്ത്യം
കോഴിക്കോട്: തെങ്ങുകയറ്റയന്ത്രത്തില്‍ കാലു കുടുങ്ങിയതിനെ തുടര്‍ന്ന് തെങ്ങിനു മുകളില്‍ ഒരു മണിക്കൂറോളം തലകീഴായി തൂങ്ങിക്കിടക്കേണ്ടി വന്ന യുവാവിനു ദാരുണാന്ത്യം. കെഎസ്ആര്‍ടിസി ഡ്രൈവര്‍ പയ്യടിമേത്തല്‍ കണ്ടിലേരി ചിറക്കല്‍ ഫൈസലാണ് (43) മരണപ്പെട്ടത്. അയല്‍വാസിയായ ഷിജുവിന്റെ വീട്ടിലെ തെങ്ങില്‍ കയറുന്നതിനിടെയാണ് സംഭവം. തെങ്ങില്‍ കയറുന്നതിനിടെ കാലുകള്‍ യന്ത്രത്തില്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇന്നലെ രാവിലെ ഒന്‍പതോടെയാണു ഫൈസല്‍ തെങ്ങില്‍ കയറിയത്. പകുതിയോളമെത്തിയെങ്കിലും ഉയരമേറിയ തെങ്ങിന്റെ മധ്യഭാഗത്തെ വളവും ബലക്കുറവും കാരണം മുകളിലേക്കു കയറാനായില്ല. അതിനിടയില്‍ കാലുകള്‍ യന്ത്രത്തില്‍ കുരുങ്ങി. തുടര്‍ന്നു തലകീഴായി തൂങ്ങിക്കിടക്കുകയായിരുന്നു. ഫയര്‍ ഫോഴ്‌സിനെ വിവരം അറിയിച്ചെങ്കിലും അവര്‍ എത്തുന്നതിന് മുമ്പ് തന്നെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു.

തെങ്ങില്‍ കയറുന്നതിനിടെ ഹൃദയാഘാതമുണ്ടായതാവാം മരണകാരണമെന്നു സംശയിക്കുന്ന തായി അഗ്‌നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ പറഞ്ഞു. അഗ്‌നിരക്ഷാ സേനയുടെ ആംബുലന്‍സിലാണ് ഫൈസലിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. മാതാവിന്റെയും ഭാര്യയുടെയും മൂന്നു കുട്ടികളുടെയും കണ്‍മുന്‍പിലായിരുന്നു മരണം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്ന ശേഷമേ മരണകാരണം വ്യക്തമാവൂ. മൃതദേഹം കണ്ടഞ്ചേരി ജുമാഅത്ത് പള്ളിയില്‍ കബറടക്കം നടത്തി.
അതേസമയം, തെങ്ങ് കയറുന്ന യന്ത്രം ഉപയോഗിക്കുന്നവരുടെ എണ്ണം ദിവസേന വര്‍ദ്ധിക്കുകയാണ്. യാതൊരുവിധ പരിശീലനം ഇല്ലാതെയാണ് പലരും സ്വന്തം ആവശ്യത്തിനായി തെങ്ങില്‍ കയറുന്നത്. കൃത്യമായ പരിശീലനം ലഭിച്ചവര്‍ മാത്രമേ ഇത്തരം യന്ത്രങ്ങള്‍ ഉപയോഗിച്ച് തെങ്ങില്‍ കയറാന്‍ പാടുള്ളൂ.












Click it and Unblock the Notifications