ഹർഷിനയുടെ സമരം: ചികിത്സാ സൗകര്യങ്ങൾ ഔദാര്യമെന്ന മട്ടാണ് മിക്ക ആരോഗ്യപ്രവർത്തകർക്കും: ജോയ് മാത്യു
കോഴിക്കോട്: ശസ്ത്രക്രിയക്കിടയില്‍ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ കുറ്റക്കാരായ ഡോക്ടർമാർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന ഹർഷിനയ്ക്ക് പിന്തുണയുമായി നടന്‍ ജോയ് മാത്യു. കഴിഞ്ഞ അഞ്ചു വർഷമായി ഹർഷിന എന്ന മൂന്നുമക്കളുടെ അമ്മ അനുഭവിച്ച വേദനക്ക് കണക്കില്ല. ചികിത്സക്കായി ചിലവാക്കിയ പണത്തിന്റെ കണക്ക് വേറെ .
ഈ ചികിത്സാപ്പിഴവിനു ഉത്തരവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ സർക്കാർ അലംഭാവം കാണിക്കുകയാണ്.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് മുമ്പില്‍ ഹർഷിന പ്രതിഷേധം നടത്തുന്ന വേദിയിലെത്തിയായിരുന്നു ജോയി മാത്യു തന്റെ പിന്തുണ അറിയിച്ചത്. ഇതിന് സാമൂഹിക മാധ്യമങ്ങളിലൂടെ അദ്ദേഹം പ്രതികരിക്കുകയും ചെയ്തു.

ജോയ് മാത്യൂ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
ആരോഗ്യമന്ത്രിമാർ ആത്മകഥ ഉണ്ടാക്കി അത് സിലബസ്സിൽ തിരുകിക്കയറ്റി കുട്ടികൾക്ക് പഠിക്കാൻ കൊടുക്കുമ്പോൾ ചില സത്യങ്ങൾ ഉൾക്കൊള്ളിക്കാൻ മറക്കരുത്. സർക്കാർ ചികിത്സ എങ്ങിനെ ഒരു മനുഷ്യ ജീവിതം ദുരിതമയമാക്കാം എന്നത് പുതിയ കുട്ടികൾ പഠിക്കേണ്ടതാണ്. ഗവർമെന്റ് മെഡിക്കൽ കോളജ് ആശുപത്രികൾ എക്കാലത്തും സാധാരണ ക്കാരോട് കാരൂണ്യരഹിതമായേ പെരുമാറാറുള്ളൂ.
ഇവിടെ ജീവിക്കുന്ന മനുഷ്യർക്ക് അവകാശപ്പെട്ടതാണ് നല്ല ചികിത്സാ സൗകര്യങ്ങൾ. എന്നാൽ ഇത് ആരുടെയോ ഔദാര്യം എന്ന മട്ടിലാണ് ഇവിടെ ജോലിചെയ്യുന്ന ഒട്ടുമിക്ക ആരോഗ്യ പ്രവർത്തകരും കാണുന്നത് . അപ്പോൾ ചികിത്സയിൽ ആത്മാർത്ഥ അശേഷം കാണില്ല എന്നത് തീർച്ചയാണല്ലോ. അതുകൊണ്ടാണ് ശസ്ത്രക്രിയക്കിടെ ഒരു കത്രിക രോഗിയുടെ വയറ്റിൽ മറന്ന് വെച്ചത്.
ഇത് തിരിച്ചറിഞ്ഞ കേസ്, അന്വേഷിച്ച് ചെന്നാൽ ആരുടെയൊക്കെ വയറ്റിൽ എന്തെല്ലാം ഉപകരണങ്ങൾ മറന്ന് വെച്ചു എന്ന കണക്ക് അമ്പരപ്പിക്കുന്നതായിരിക്കും.
കഴിഞ്ഞ അഞ്ചു വർഷമായി ഹർഷിന എന്ന മൂന്നുമക്കളുടെ അമ്മ അനുഭവിച്ച വേദനക്ക് കണക്കില്ല. ചികിത്സക്കായി ചിലവാക്കിയ പണത്തിന്റെ കണക്ക് വേറെ .
ഈ ചികിത്സാപ്പിഴവിനു ഉത്തരവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ഗവർമെന്റ് കാണിക്കുന്ന അലംഭാവത്തിനെതിരെ ഹർഷിന നടത്തുന്ന സമരം തിരുവോണ ദിവസത്തില്‍ നൂറ് ദിവസം തികഞ്ഞു. എല്ലാവരും ഓണം ഉണ്ണുമ്പോൾ ശൂന്യമായ നാക്കില മുന്നിൽവെച്ച് ഹർഷിനായും സമരസിമിതി പ്രവർത്തകരും ഉപവാസം അനുഷ്ഠിക്കുകയാന്. നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ ഹർഷിനക്ക് എന്റെ പിന്തുണ.












Click it and Unblock the Notifications