കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ദുരിതാശ്വാസ ക്യാംപുകളിൽ നല്ല ഭക്ഷണം കൊടുക്കണം, നഷ്ടപരിഹാരം നൽകുമെന്നും മുഖ്യമന്ത്രി

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: സംസ്ഥാനത്ത് കാലവര്‍ഷക്കെടുതികളില്‍ പെട്ടവർക്കുള്ള ധനസഹായം അടിയന്തരമായി വിതരണം ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ കളക്ടര്‍മാരോട് നിര്‍ദേശിച്ചു. വിവിധ ജില്ലകളിലെ നാശനഷ്ടങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളും വീഡിയോ കോണ്‍ഫറന്‍സിലൂടെ വിലയിരുത്തി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്ക് നല്കിവരുന്ന ധനസഹായത്തിന് പുറമേ വീടുകള്‍ പൂര്‍ണ്ണമായും നഷ്ടപ്പെട്ടവര്‍ക്കും കൃഷിനാശം സംഭവിച്ചവര്‍ക്കും ഇപ്പോള്‍ നല്‍കുന്നതിനേക്കാള്‍ ഭേദപ്പെട്ട നഷ്ടപരിഹാരം നല്‍കും. ഇപ്പോള്‍ നല്‍കിവരുന്ന തുക അടിയന്തരമായി വീടുകള്‍ പുനര്‍നിര്‍മ്മിക്കാന്‍ പര്യാപ്തമല്ല. ധനസഹായം എത്രത്തോളം വര്‍ദ്ധിപ്പിച്ചു നല്‍കാമെന്നതിനെക്കുറിച്ച് മന്ത്രിസഭായോഗം തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Relief fund

രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി ക്യാമ്പുകളില്‍ താമസിക്കുന്നവരില്‍ ആരെങ്കിലും രോഗബാധിതരുണ്ടെങ്കില്‍ അവരെ കണ്ടെത്തി ആവശ്യമായ ചികിത്സ നല്‍കുകയും ആശുപത്രിയിലെത്തിക്കുകയും വേണമെന്ന് കളക്ടര്‍മാരോട് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. വീട് വിട്ട് താമസിക്കുന്നവര്‍ക്ക് ചില പ്രത്യേക മാനസികാവസ്ഥകള്‍ സ്വാഭാവികമാണ്. അവരോട് ക്ഷമാശീലത്തോടെ ഇടപെടണം. ക്യാമ്പുകള്‍ വൃത്തിയായി സൂക്ഷിക്കുകയും രോഗബാധകള്‍ക്ക് സാധ്യത ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം.

ആവശ്യമുള്ള ഇടങ്ങളില്‍ പ്രാദേശിക ഡോക്ടര്‍മാര്‍ക്കു പുറമേ സഹായ സന്നദ്ധതയുള്ള ഡോക്ടര്‍മാരുടെ സേവനം തേടാനും കളക്ടര്‍മാര്‍ നടപടി സ്വീകരിക്കണം. ആദിവാസികള്‍ക്ക് നല്‍കി വരുന്ന സൗജന്യ റേഷന്‍ വീടുകളിലെത്തിക്കാന്‍ നടപടി ഉണ്ടാകണം. ക്യാമ്പുകളില്‍ താമസിക്കുന്നവര്‍ക്ക് നല്ല ഭക്ഷണം നല്‍കുന്ന കാര്യത്തിലും ശ്രദ്ധ വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വൈദ്യുതി ലഭ്യതയുടെ കാര്യത്തില്‍ കെഎസ്ഇബി നല്ല തോതിലുള്ള ഇടപെടല്‍ നടത്തണം. ജനറേറ്റര്‍ ആവശ്യമുള്ളിടത്ത് അത് ലഭ്യമാക്കണം. ജനങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകരുത്. വെള്ളപ്പൊക്കം മൂലം കിണര്‍ മലിനമായ സ്ഥലങ്ങളില്‍ ശുദ്ധജലം വിതരണം ചെയ്യാന്‍ അടിയന്തര നടപടി സ്വീകരിക്കണം. പൊതുജനങ്ങള്‍ കുടിക്കാന്‍ ഉപയോഗിക്കുന്ന വെള്ളം പൂര്‍ണ്ണമായും ശുദ്ധമാണെന്ന് ഉറപ്പു വരുത്താന്‍ പൊതുജനാരോഗ്യ വകുപ്പ് നടപടി സ്വീകരിക്കണം. ഒരു തരത്തിലും രോഗബാധകള്‍ പടരാതിരിക്കാനും പൊതുജനാരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണം.

റോഡുകളുടെ തകര്‍ച്ച പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം. വയനാട് താമരശ്ശേരി ചുരം റോഡ് ഗതാഗതയോഗ്യമാക്കാന്‍ പ്രത്യേക ശ്രദ്ധ വേണം. വേഗത്തില്‍ ഗതാഗതം പുന:സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണം. കുറ്റ്യാടി വഴിയുള്ള റോഡിന്റെ അറ്റകുറ്റപ്പണി അടിയന്തരമായി നിര്‍വഹിക്കാന്‍ വയനാട്, കോഴിക്കോട് ജില്ലാ കളക്ടര്‍മാരോട് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. മുമ്പ് ദുരന്തങ്ങള്‍ നടന്ന സ്ഥലങ്ങളില്‍ നഷ്ടപരിഹാരത്തുക കൊടുക്കാന്‍ ബാക്കിയുണ്ടെങ്കില്‍ അത് ഉടന്‍ വിതരണം ചെയ്യണം. നഷ്ടപരിഹാര വിതരണത്തില്‍ കാലതാമസം വരാതെ അപ്പപ്പോള്‍ ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കണം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കൂടുതല്‍ തീരുമാനങ്ങള്‍ മന്ത്രിസഭായോഗം ചര്‍ച്ച ചെയ്ത് കളക്ടര്‍മാരെ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

മഴക്കെടുതിയുള്ള പ്രദേശങ്ങളിലെ ഡാമുകള്‍ വെള്ളപ്പൊക്ക സാധ്യതയുണ്ടാകാത്ത വിധത്തില്‍ ചെറിയ തോതില്‍ തുറക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ചീഫ് സെക്രട്ടറി പോള്‍ ആന്റണി ജില്ലാ കളക്ടര്‍മാരോട് നിര്‍ദേശിച്ചു. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ കാസര്‍ഗോഡ് നിന്നും തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍, ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ എന്നിവര്‍ കോഴിക്കോട് നിന്നും റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പിഎച്ച്. കുര്യന്‍ കോട്ടയത്തു നിന്നും വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.

ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ്, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജന്‍, സെക്രട്ടറി എം. ശിവശങ്കര്‍, ഫയര്‍ഫോഴ്‌സ് ഡയറക്ടര്‍ എ. ഹേമചന്ദ്രന്‍, ദക്ഷിണമേഖല എ.ഡി.ജി.പി അനില്‍കാന്ത്, കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലാ കളക്ടര്‍മാര്‍ തുടങ്ങിയവര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.

Kozhikode
English summary
Chief Minister Pinarayi Vijayan's comments about relief camp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X