ഊരാളുങ്കലിന് രാജ്യാന്തര നേട്ടം: ആഗോളറാങ്കിങ്ങിൽ രണ്ടാം സ്ഥാനത്ത്, അഭിന്ദിച്ച് മന്ത്രി
കോഴിക്കോട്: രാജ്യത്തിന് അഭിമാനമുയർത്തിക്കൊണ്ട് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (U L C C S ) ആഗോളറാങ്കിങ്ങിൽ രണ്ടാം സ്ഥാനത്ത്. വ്യവസായ - ഉപഭോക്തൃസേവന മേഖലയിൽ ഏറ്റവും ഉയർന്ന വിറ്റുവരവുള്ള രണ്ടാമത്തെ സ്ഥാപനമായി 2021-ലെ വേൾഡ് കോപ്പറേറ്റീവ് മോനിട്ടർ റാങ്ക് ചെയ്തിരിക്കുന്നത് കേരളത്തിലെ ഈ പ്രാഥമികസഹകരണസംഘത്തെ ആണ്. തുടർച്ചയായ രണ്ടാം വർഷമാണ് യുഎൽസിസിഎസ് ഈ സ്ഥാനം നേടുന്നത്. ഈ വിഭാഗത്തിൽ ഒന്നാം സ്ഥാനം സ്പെയിനിലെ കോർപ്പറേഷൻ മോൺട്രാഗോൺ എന്ന തൊഴിലാളി സംഘത്തിനാണ്.
മൂന്നുമുതലുള്ള സ്ഥാനങ്ങൾ ഇറ്റലി, അമേരിക്ക, ജപ്പാൻ, ഡെൻമാർക്ക് തുടങ്ങിയ രാജ്യങ്ങളിലെ സ്ഥാപനങ്ങൾക്കാണ്. ഇന്റർനാഷണൽ കോപ്പറേറ്റീവ് അലയൻസും യൂറോപ്യൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓൺ കോപ്പറേറ്റീവ്സ് ആൻഡ് സോഷ്യൽ എന്റർപ്രൈസസും (Euricse) ചേർന്നു വർഷംതോറും പ്രസിദ്ധീകരിക്കുന്ന റിപ്പോർട്ടാണ് വേൾഡ് കോപ്പറേറ്റീവ് മോനിട്ടർ. വിപുലമായ വസ്തുതാശേഖരം പരിശോധിച്ചു ലോകത്തെ സഹകരണസമ്പദ്‌ഘടന വിശകലനം ചെയ്തു തയ്യാറാക്കുന്ന അതിന്റെ 2021-ലെ റിപ്പോർട്ടിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത് 2019-ലെ റിസൾട്ടുകളും റാങ്കിങ്ങുമാണ്.
ഏറ്റവും മികച്ച 300 സ്ഥാപനങ്ങളെ തെരഞ്ഞെടുത്തതിൽ ഇൻഡ്യയിൽനിന്ന് ഊരാളുങ്കൽ സൊസൈറ്റിയെക്കൂടാതെ മൂന്നു സ്ഥാപനങ്ങൾകൂടിയേ ഉള്ളൂ. ഇൻഡ്യൻ ഫാർമേഴ്സ് ഫെർട്ടിലൈസർ കോപ്പറേറ്റീവ് ലിമിറ്റഡ് (I F F C O), ഗുജറാത്ത് മിൽക്ക് മാർക്കറ്റിങ് സൊസൈറ്റി, വളം നിർമ്മാതാക്കളായ ക്രിഭ്‌കോ (Kribhco) എന്നിവയാണവ.
നടി മീര മിഥുന് വീണ്ടും വിവാദത്തില്: 6 അസിസ്റ്റന്റുമാർക്കൊപ്പം മുങ്ങി, കോടികളുടെ നഷ്ടം
വടകര ആസ്ഥാനമായി പ്രവർത്തിക്കുന്ന ഊരാളുങ്കൽ സൊസൈറ്റിയെ 2019-ൽ ഇന്റർനാഷണൽ കോപ്പറേറ്റീവ് അലയൻസ് അംഗത്വം നല്കി ആദരിച്ചിരുന്നു. ആ ആഗോളസമിതിയിൽ അംഗത്വം ലഭിച്ചിട്ടുള്ള ഏക പ്രാഥമികസഹകരണംസംഘമാണ് യു എൽ സി സി എസ്. മാതൃകാസഹകരണസംഘമായി പ്രഖ്യാപിച്ച് യുണെസ്‌കോ യു എൽ സി സിഎസിനെ ഡോക്യുമെന്റ് ചെയ്തിട്ടുണ്ട്. തൊഴിലാളികൾതന്നെ ഭരണം നടത്തുന്ന സ്ഥാപനം എന്ന സവിശേഷതയുമുണ്ട്.
തിളക്കമാർന്ന നേട്ടത്തിന് സംസ്ഥാന സഹകരണമന്ത്രി വി എൻ വാസവൻ ഊരാളുങ്കൽ സൊസൈറ്റിയെ അനുമോദിച്ചു. ഈ നേട്ടം സഹകരണപ്രസ്ഥാനങ്ങളെ പരിപോഷിപ്പിക്കുന്ന കേരളത്തിലെ അന്തരീക്ഷത്തിന്റെ സാക്ഷ്യപത്രമാണെന്ന് പറഞ്ഞു. പാവപ്പെട്ട തൊഴിലാളികളെയും സമൂഹത്തിലെ പിന്നോക്ക വിഭാഗങ്ങളെയും ഉന്നമിപ്പിക്കുകയും ശാക്തീകരിക്കുകയും ചെയ്യുന്നതിൽ സഹകരണമേഖലയ്ക്കുള്ള പങ്ക് ഒരിക്കൽക്കൂടി അർക്കിട്ടുറപ്പിക്കുന്നതാണീ ആഗോളാംഗീകാരം. ദീർഘകാലാടിസ്ഥാനത്തിൽ പുതിയതരം തൊഴിലുകൾ സൃഷ്ടിക്കാൻ അവർ നടത്തുന്ന മുൻകൈകൾ വിജ്ഞാനസമ്പദ്ഘടന കെട്ടിപ്പടുക്കുന്നതിൽ മുതൽക്കൂട്ടാകുമെന്നും ദില്ലിയിൽ മന്ത്രി അഭിപ്രായപ്പെട്ടു.
തൊഴിലാളികളുടെയും ജീവനക്കാരുടെയും ഭാരവാഹികളുടെയും ആത്മാർപ്പണമാണ് തിളക്കമാര്‍ന്ന ഈ നേട്ടത്തിനു പിന്നിൽ. എല്ലാവർക്കും ഹൃദയംഗമായ ആശംസകൾ. ഈ നേട്ടം സഹകരണപ്രസ്ഥാനങ്ങളെ ആത്മാർത്ഥമായി പിന്തുണയ്ക്കുന്ന കേരള ജനതയ്ക്കുള്ള ആദരമാണ്. പ്രതിസന്ധികൾക്കെതിരായ ചെറുത്ത് നിൽപ്പിന് ആവേശം പകരുന്നതുമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേരളീയനവോത്ഥാന നായകരിൽ പ്രമുഖനായ വാഗ്ഭടാനദഗുരുവിന്റെ മുൻകൈയിൽ 1925-ൽ 14 അംഗങ്ങൾ ചേർന്ന് ആറണ(37 പൈസ)യുടെ പ്രാരംഭമുതൽമുടക്കിൽ ആരംഭിച്ച 'ഊരാളുങ്കൽ കൂലിവേലക്കാരുടെ പരസ്പരസഹായസംഘം' ആണ് ഇന്ന് ഇൻഡ്യൻ സഹകരണമേഖലയുടെ അഭിമാനം ലോകത്തിന്റെ നെറുകയിലേക്ക് ഉയർത്തിയ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി. ജനങ്ങൾക്കു തൊഴിലും മെച്ചപ്പെട്ട ഉപജീവനവും ഉറപ്പാക്കുക എന്ന അടിസ്ഥാനദൗത്യം നിർവ്വഹിച്ചുവരുന്ന ഈ സൊസൈറ്റി നിർമ്മാണമേഖലയിൽ 13,000 തൊഴിലാളികൾക്കും ആയിരം എൻജിനീയർമാർക്കും ആയിരം സാങ്കേതികവിദഗ്ദ്ധർക്കും ഐറ്റി മേഖലയിൽ 2000 പ്രൊഫഷണലുകൾക്കും കരകൗശലമേഖലയിൽ ആയിരത്തിൽപ്പരം പേർക്കും സ്ഥിരമായി തൊഴിൽ നല്കുന്നു.
ടൂറിസം , നൈപുണ്യവികസനം, വിദ്യാഭ്യാസം, കാർഷിക-ക്ഷീരോത്പാദനവും സംസ്ക്കരണവും, പാർപ്പിടം തുടങ്ങിയ മേഖലകളിലേക്കുള്ള വൈവിദ്ധ്യവത്ക്കരണത്തിന്റെ പാതയിലാണു സൊസൈറ്റി. തൊഴിലാളിക്ഷേമം, സാമൂഹികക്ഷേമം എന്നിവയിലും ലോകത്തിനാകെ മാതൃകയായി സൊസൈറ്റി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.