വടകരയില്‍ കെകെ രമയെ ഒതുക്കാന്‍ കോണ്‍ഗ്രസിലെ 'ഉന്നതന്‍'; ലക്ഷ്യം കെപിസിസി ഭാരവാഹിക്ക് സീറ്റ്
വടകര: കോഴിക്കോട് ജില്ലയിലെ എല്‍ഡിഎഫിന്‍റെ കുത്തക സീറ്റുകളിലൊന്നാണ് വടകര. ശക്തമായ വെല്ലുവിളികള്‍ നേരിട്ടപ്പോഴും സോഷ്യലിസ്റ്റ് പാര്‍ട്ടികളിലൂടെ ഇടതുപക്ഷ സ്ഥിരമായി മണ്ഡലം നിലനിര്‍ത്തി പോരുന്നു. കോണ്‍ഗ്രസിന് ഒരിക്കല്‍ പോലും മത്സരിച്ച് വിജയിക്കാന‍് കഴിയാത്ത മണ്ഡലം കൂടിയാണ് വടകര. എന്നാല്‍ ഇത്തവണ ആര്‍എപിയുമായി ചേര്‍ന്ന് അവര്‍ക്ക് സീറ്റ് കൊടുത്ത് മണ്ഡലം പിടിക്കാനുള്ള ആലോചന യുഡിഎഫിനുള്ളിലുണ്ട്. എന്നാല്‍ കോണ്‍ഗ്രസിലെ തന്നെ ഒരു വിഭാഗം രമയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ നീക്കം നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
രാഹുല്‍ഗാന്ധിയുടെ പുതുച്ചേരി സന്ദര്‍ശനം, ചിത്രങ്ങള്‍

എല്‍ജെഡി പോയിട്ടും
2016 ലെ തിരഞ്ഞെടുപ്പില്‍ എല്‍ജെഡി യുഡിഎഫിന്‍റെ ഭാഗമായിട്ട് പോലും മണ്ഡലം പിടിക്കാന്‍ മുന്നണിക്ക് സാധിച്ചിരുന്നില്ല. അത്തവണ 9511 വോട്ടുകള്‍ക്കായിരുന്നു എല്‍ജെഡിയിലെ മനയത്ത് ചന്ദ്രനെ ജെഡിഎസ് നേതാവ് സികെ നാണു പരാജയപ്പെടുത്തിയത്. ആര്‍എംപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെകെ രമ നേടിയ 20504 വോട്ടുകളും യുഡിഎഫിന്‍റെ പരാജയത്തിന്‍റെ കാരണമായി മാറുകയായിരുന്നു.

കെകെ രമയെ പിന്തുണയ്ക്കുന്നവര്‍
ഇത്തവണ ആര്‍എംപി കൂടി യുഡിഎഫിന്‍റെ ഭാഗമായാല്‍ മണ്ഡലം പിടിക്കാന്‍ ഉറപ്പായും കഴിയുമെന്നാണ് വടകര എംപി കെ മുരളീധരന്‍ അടക്കമുള്ളവുരുടെ വിശ്വാസം. യുഡിഎഫ് പിന്തുണയില്‍ ആര്‍എംപി സ്ഥാനാര്‍ത്ഥിയായി കെകെ രമ മത്സരിക്കുകയെന്നതാണ് നീക്കം. എന്നാല്‍ ഇതിനിടയിലാണ് ഒരു കെപിസിസി ഭാരവാഹിക്ക് വേണ്ടി കോണ്‍ഗ്രസിലെ ഒരു ഉന്നതന്‍ രംഗത്ത് വരുന്നത്. ഇത് കെകെ രമയെ പിന്തുണയ്ക്കുന്നവരെ നിരാശപ്പെടുത്തുകയാണ്.

വടകര മേഖലയില്‍
തദ്ദേശ തിരഞ്ഞെടുപ്പില്‍ വടകര മേഖലയില്‍ ഇടതുമുന്നണിയേക്കാള്‍ വോട്ടുകള്‍ നേടാന്‍ ആര്‍എംപിയും യുഡിഎഫും ചേര്‍ന്ന് രൂപീകരിച്ച ജനകീയ മുന്നണിക്ക് സാധിച്ചിരുന്നു. മണ്ഡലത്തിന് കീഴിലെ അഞ്ച് തദ്ദേശ സ്ഥാപനങ്ങളിലായിരുന്നു സഖ്യം മത്സരിച്ചത്. ഇതില്‍ മൂന്നിടത്തും ഭരണം നേടാന്‍ സഖ്യത്തിന് സാധിച്ചു. ഒഞ്ചിയത്ത് സീറ്റുകളുടെ എണ്ണത്തില്‍ തിരിച്ചടി നേരിട്ടെങ്കിലും ഭരണം നിലനിര്‍ത്താന്‍ സാധിച്ചു.

എല്‍ജെഡിയുടെ മുന്നണി മാറ്റം
എല്‍ജെഡിയുടെ മുന്നണി മാറ്റത്തിലൂടെ എല്‍ഡിഎഫ് പിടിച്ച ഏറാമല പഞ്ചായത്തിലെ ഭരണം തിരികെ പിടിക്കാനും സാധിച്ചു. അഴിയൂരില്‍ നറുക്കെടുപ്പിലൂടെയാണെങ്കിലും ഭരണം ലഭിച്ചു. ഏറാമല പഞ്ചായത്ത് പ്രസിഡന്‍റ് പദവി ദളിന് നല്‍കാനുള്ള തീരുമാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളെ തുടര്‍ന്നായിരുന്നു 2008 ല്‍ ടിപി ചന്ദ്രശേഖരന്‍റെ നേതൃത്വത്തിലുള്ള സിപിഎം വിമതര്‍ ആര്‍എംപി രൂപീകരിച്ചത്.

ഏറാമല പഞ്ചായത്ത്
ഇന്നത്തെ ആര്‍എംപി സംസ്ഥാന സെക്രട്ടറിയായ എന്‍ വേണുവായിരുന്നു അന്നത്തെ ഏറാമല പഞ്ചായത്ത് പ്രസിഡന്‍റ്. നിയമസഭാ തിരഞ്ഞെടുപ്പിലും ഈ സഖ്യം തുടരുമെന്നായിരുന്നു പ്രതീക്ഷ. വടകരയില്‍ മത്സരിക്കുമെന്ന കാര്യം അര്‍എംപി വ്യക്തമാക്കിയിട്ടുണ്ട്. വടകരയില്‍ ആര്‍എംപിയെ യുഡിഎഫ് പിന്തുണയ്ക്കുകയാണെങ്കില്‍ കൊയിലാണ്ടി ഉള്‍പ്പടേയുള്ള അഞ്ച് മണ്ഡലങ്ങില്‍ യുഡിഫിനെ തിരിച്ച് പിന്തുണയ്ക്കുമെന്നാണ് ആര്‍എംപി വാഗ്ദാനം.

ജനകീയ മുന്നണി
ഇതിനിടയിലാണ് ആര്‍എംപി സ്ഥാനാര്‍ത്ഥിയായി രമ മത്സരിക്കുകയാണെങ്കില്‍ അത് യുഡിഎഫ് ബാനറിന് കീഴില്‍ ആയിരിക്കണമെന്ന വാദവുമായി കോണ്‍ഗ്രസിലെ ചില ഉന്നത കേന്ദ്രങ്ങള്‍ രംഗത്ത് വരുന്നത്. എന്നാല്‍ ജനകീയ മുന്നണി സ്ഥാനാര്‍ത്ഥിയായി രമ മത്സരിക്കുമ്പോള്‍ യുഡിഎഫ് പിന്തുണ എന്നുള്ളതാണ് ആര്‍എംപി ആഗ്രഹം.

ഇടതുവോട്ടുകളും പിടിക്കും
ജനകീയ മുന്നണി സ്ഥാനാര്‍ത്ഥിയായി രമ മത്സരിക്കുമ്പോള്‍ പരമ്പരാഗത ഇടതുവോട്ടുകള്‍ കൂടി നേടാന്‍ കഴിയുമെന്നാണ് ആര്‍എംപി അവകാശപ്പെടുന്നത്. വടകര മേഖലയിലെ കമ്മ്യൂണിസ്റ്റുകാര്‍ പൊതുവെ കോണ്‍ഗ്രസ് വിരുദ്ധരാണ്. അതിനാല്‍ യുഡിഎഫ് ബാനറിന് കീഴില്‍ മത്സരിക്കുമ്പോള്‍ രമയോട് അനുഭാവമുള്ള ഇടതുപക്ഷക്കാര്‍ പോലും വോട്ട് ചെയ്യണമെന്നില്ല. അതിനാലാണ് ജനകീയ മുന്നണി എന്ന കാര്യം അവര്‍ ശക്തമായി ഉന്നയിക്കുന്നത്.

ജെഡിഎസും എല്‍ജെഡിയും
ജനകീയ മുന്നണി സ്ഥാനാര്‍ത്ഥിയായിട്ടാണെങ്കിലും കെകെ രമയെ മത്സരിപ്പിക്കണമെന്ന കെ മുരളീധരന്‍റെ നിലപാട്. എല്‍ഡിഎഫില്‍ സീറ്റിന്‍റെ കാര്യത്തില്‍ ജെഡിഎസും എല്‍ജെഡിയും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നതും അനുകൂല ഘടകമായി വിലയിരുത്തുന്നു. എല്‍ജെഡി മുന്നണി വിട്ടതിന്‍റെ ക്ഷീണം മറികടക്കാന്‍ യുഡിഎഫിന് സാധിച്ചത് ആര്‍എംപി സഖ്യത്തിലൂടെയായിരുന്നു.

നാദാപുരം, കൊയിലാണ്ടി
മുസ്ലിം ലീഗിന്‍റെ ശക്തമായ പിന്തുണയും ആര്‍എംപിക്കും കെകെ രമയ്ക്കുമുണ്ട്. ഏറാമല, അഴിയൂർ, ഒഞ്ചിയം എന്നീ സ്ഥലങ്ങളിൽ ലീഗ് ശക്തമാണ്. കഴിഞ്ഞ തവണ കുറ്റ്യാടിയില്‍ ലീഗിനെ പിന്തുണയ്ക്കാനും ആര്‍എംപി തയ്യാറായിരുന്നു. പേരാമ്പ്ര, നാദാപുരം, കൊയിലാണ്ടി മണ്ഡലങ്ങളിലും ആർഎംപിക്ക് ചെറുതായെങ്കിലും സ്വാധീനമുണ്ട്.

യുഡിഎഫും ആര്‍എംപിയും
യുഡിഎഫും ആര്‍എംപിയും തമ്മില്‍ സഹകരണം ഇല്ലെങ്കില്‍ വടകരയില്‍ ഇടതുപക്ഷത്തിന് വിജയം ഉറപ്പിക്കാം. ഇതിന് ഏറ്റവും മികച്ച ഉദാഹരണം വടകര ബ്ലോക്ക് പഞ്ചായത്തിലെ കല്ലാമല ഡിവിഷനിലേക്ക് നടന്ന തിരഞ്ഞെടുപ്പാണ്ട്. ഇവിടോ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വേണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ വാശി പിടിച്ചതോടെ ആര്‍എംപി സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടിരുന്നു.
സാരിയിൽ തിളങ്ങി അമേയ- ചിത്രങ്ങൾ കാണാം