കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിമര്‍ശകര്‍ക്ക് ശ്രീധരന്‍ പിള്ളയുടെ മറുപടി: താന്‍ താല്‍ക്കാലിക പ്രസിഡന്റെന്നത് ചിലരുടെ നുണ

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: താന്‍ ബിജെപിയുടെ കേരളത്തിലെ താല്ക്കാലിക പ്രസിഡന്റല്ലെന്നും പാര്‍ലമെന്റ്, തദ്ദേശ സ്വയംഭരണ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ട് മൂന്നു വര്‍ഷത്തേക്കാണ് അഖിലേന്ത്യാ നേതൃത്വം നിയോഗിച്ചതെന്നും പി എസ് ശ്രീധരന്‍ പിള്ള. ചിലര്‍ പ്രചരിപ്പിക്കുന്ന മറ്റു റിപ്പോര്‍ട്ടുകള്‍ നുണയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി ജെ പി സംസ്ഥാന അധ്യക്ഷനായ നിയോഗിക്കപ്പെട്ട ശേഷം കോഴിക്കോട് പ്രസ്‌ക്ലബില്‍ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ നേതൃത്വം മുന്നോട്ടുവച്ച ലക്ഷ്യം നേടാനാണ് തെരഞ്ഞെടുത്തതെന്നും പ്രഖ്യാപിത ടാര്‍ഗറ്റില്‍ എത്താന്‍ സാധിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

ബി ജെ പിക്ക് ഒന്നേ കാല്‍ ലക്ഷം മുതല്‍ രണ്ടു ലക്ഷം വരെ വോട്ടുകള്‍ ലഭിച്ച പത്തിലേറെ മണ്ഡലങ്ങള്‍ കേരളത്തിലുണ്ട്. ഒത്തുപിടിച്ചാല്‍ ഇവയില്‍ പലതും പാര്‍ട്ടിക്ക് സ്വന്തമാക്കാന്‍ കഴിയും. കേരളത്തിലെ രണ്ടു മുന്നണികളുടെയും ദിശാബോധം നഷ്ടപ്പെട്ടിരിക്കുന്നുവെന്നതിന്റെ തെളിവായിരുന്നു ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്. സി പി എം ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ കേഡര്‍ ശക്തിയും പ്രവര്‍ത്തന രീതിയും ഉപയോഗിക്കാതെ സാമുദായിക- സാമ്പത്തിക ഘടകങ്ങളെ ആശ്രയിച്ചും വാഗ്ദാനങ്ങളും പ്രലോഭനങ്ങളും നല്‍കിയുമാണ് ചെങ്ങനൂരില്‍ പ്രചാരണം നടത്തിയത്. ഒരു ശരിയായ ബദല്‍ ആഗ്രഹിക്കുന്ന കേരളം ബി ജെ പിക്കായി പാകപ്പെട്ടിരിക്കുന്നു. കോണ്‍ഗ്രസില്‍ ഉള്‍പ്പെടെ നിരവധി പേര്‍ അസംതൃപ്തരായി കഴിയുകയാണ്. പ്രാദേശിക കക്ഷികള്‍ രൂപീകരിച്ച് പ്രമുഖരുള്‍പ്പെടെ എന്‍ ഡി എയുടെ ഭാഗമായാല്‍ അത്ഭുതപ്പെടേണ്ടതില്ല. അസാധ്യം എന്നൊരു വാക്ക് എന്റെയും പാര്‍ട്ടിയുടെയും നിഘണ്ടുവിലില്ല. തന്ത്രാധിഷ്ടിതവും തത്വാധിഷ്ടിതവുമായ നിലപാട് സ്വീകരിച്ച് പാര്‍ട്ടി ലക്ഷ്യം കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

29-sreedharan-pillai-

ഹിന്ദുത്വമാണ് പാര്‍ട്ടിയുടെയും രാഷ്ട്രത്തിന്റെയും ആത്മാവ്. ന്യൂനപക്ഷ വിരുദ്ധമാണ് പാര്‍ട്ടിയെന്നത് എതിരാളികളുടെ പ്രചാരണം മാത്രമാണ്. സ്വാതന്ത്ര്യസമര കാലത്ത് ഗാന്ധിജിയെയും കോണ്‍ഗ്രസിനെയും ആക്ഷേപിച്ചതു പോലയാണത്. ഹിന്ദുത്വവും മതേതരത്വവും ഇരു ധ്രുവങ്ങളല്ല. ഹിന്ദുത്വം ജീവിത രീതിയാണെന്നും മത സംഹിതയല്ലെന്നും 1995ല്‍ രാജ്യത്തെ പരമോന്നത കോടതി വിധിച്ചിട്ടുണ്ട്. ഹിന്ദു രാഷ്ട്രമായി മാറുകയെന്നത് ഇന്ത്യയുടെ മഹിതമായ പാരമ്പര്യത്തിനെതിരാണ്. അങ്ങനെ വന്നാല്‍ പിന്നെ ഭാരതമില്ലെന്നും ചോദ്യത്തിനു മറുപടിയായി ശ്രീധരന്‍ പിള്ള പറഞ്ഞു.

രാഷ്ട്രീയത്തില്‍ അസ്പൃശ്യത കുറ്റകരമാണെന്ന തത്വത്തില്‍ വിശ്വസിക്കുന്നു. എല്ലാവരെയും തുറന്ന മനസ്സോടെ സ്വാഗതം ചെയ്യുന്നു. ചെങ്ങൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എസ് എന്‍ ഡി പി സ്വീകരിച്ച നിലപാടില്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല. വെളളാപ്പള്ളി ഉന്നയിച്ചത് ന്യായമായ ആവശ്യമായിരുന്നു. പി മുകുന്ദന്‍, രാമന്‍പിള്ള തുടങ്ങിയവരുടെ ഉപദേശ നിര്‍ദേശങ്ങള്‍ തേടും. ഏതു പ്രവര്‍ത്തകനും പാര്‍ട്ടിയുടെ ഏതു പദവിയില്‍ വരാനും അവകാശമുണ്ട്. പാര്‍ട്ടിയില്‍ ശത്രുക്കളുണ്ടെന്നത് ആരോപണം മാത്രമാണ്. പാര്‍ട്ടിയില്‍ തമ്മിലടിയുള്ളതായി അറിയില്ല. ഭരണഘടനയ്ക്കപ്പുറം സി പി എമ്മിന്റെ ഭരണഘടനയനുസരിച്ചാണ് കേരളത്തില്‍ ഭരണം നടക്കുന്നത്. ഇരു മുന്നണികളുടെയും ഭരണത്തില്‍ സാമ്പത്തിക രംഗത്തുള്‍പ്പെടെ തകര്‍ന്നടിഞ്ഞ കേരളത്തില്‍ ബി ജെ പിക്ക് വലിയ സാധ്യതകളുണ്ട്.

ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗിക ആരോപണത്തില്‍ നിയമം അതിന്റെ വഴി സ്വീകരിച്ചു മുന്നോട്ടു പോകണം. എന്നാല്‍ ക്രൂരവും കുറ്റകരവുമായ മൗനമാണ് കേരള സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് പാര്‍ട്ടി നിലപാട് പറയാറായില്ല. വിഷയത്തില്‍ സുകുമാരന്‍ നായര്‍ പറഞ്ഞത് ഗൗരവമുള്ള കാര്യമാണെന്നും എല്ലാവരും പരിഗണിക്കേണ്ടതാണെും ശ്രീധരന്‍പിള്ള പറഞ്ഞു. പ്രസ്‌ക്ലബ് സെക്രട്ടറി പി വിപുല്‍നാഥ്, പ്രസിഡന്റ് കെ പ്രേംനാഥ്, വൈസ് പ്രസിഡന്റ് ടി എച്ച് വത്സരാജ് സന്നിഹിതരായിരുന്നു.

Kozhikode
English summary
Kozhikode Local News about ps sreedharan pillai on bjp president post.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X