'യുവതിയുടെ മൊബൈലിൽ എത്തിയ മെസേജുമായി ബന്ധപ്പെട്ട വാക്ക് തർക്കം മർദ്ദനത്തിലെത്തി'; പ്രതിയുടെ അമ്മ
കോഴിക്കോട്: പന്തീരങ്കാവ് നവവധു ഗാർഹിക പീഡനത്തിന് ഇരയായ കേസിൽ യുവതിയുടെ പരാതി ഭാഗകമായി തള്ളി പ്രതിയുടെ അമ്മ ഉഷ. യുവതിയെ മകൻ മർദ്ദിച്ചെന്നും എന്നാൽ അതിന് കാരണം യുവതി ആരോപിക്കുന്നത് പോലെ സ്ത്രീധനമല്ല എന്നാണ് രാഹുലിന്റെ അമ്മ പറഞ്ഞത്. യുവതിയുടെ ഫോണിൽ എത്തിയ മെസേജുമായി ബന്ധപ്പെട്ട വാക്ക് തർക്കമാണ് മർദ്ദനത്തിലെത്തിയതെന്നാണ് പറയുന്നത്. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം.
അങ്ങോട്ടും ഇങ്ങോട്ടും വാക്ക് തർക്കമുണ്ടായി. സ്ത്രീധനവുമായി ബന്ധപ്പെട്ട വഴക്ക് ഉണ്ടായിട്ടില്ല. യുവതി വിവാഹം കഴിഞ്ഞ് വന്ന അന്ന് മുതൽ തങ്ങളുമായി യാതൊരു വിധത്തിലും സഹകരിച്ചിരുന്നില്ല, ഭക്ഷണം കഴിക്കാൻ വേണ്ടി മാത്രമാണ് മുകളിലെ നിലയിൽ നിന്ന് താഴേക്ക് വന്നിരുന്നത്. രോഗി ആയതിനാൽ താൻ മുകളിലേക്ക് പോകാറില്ലെന്നും മർദ്ദനം നടക്കുന്നത് താനറിഞ്ഞിരുന്നില്ലെന്നും അവർ പറയുന്നു.

മകന് നേരത്തെ നിശ്ചിയിച്ചിരുന്ന വിവാഹം പെൺകുട്ടിയുടെ വീട്ടുകാർ പിന്മാറിയതിനെ തുടർന്ന് മുടങ്ങിയിരുന്നതായും. ഇവ രണ്ടും വിവാഹത്തിലെത്തിയില്ലെന്നും ഇന്നലെ വൈകീട്ട് മൂന്ന് മണി വരെ രാഹുൽ വീട്ടിൽ ഉണ്ടായിരുന്നുവെന്നും അമ്മ ഉഷ പറയുന്നു.
അതേ സമയം കേസ് എടുക്കുന്നതിൽ പോലീസ് ഗുരുതര വീഴ്ച വരുത്തിയെന്നാണ് യുവതിയുടെ അച്ഛൻ പറയുന്നത്. പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും യുവതിയുടെ അച്ഛൻ ഹരിദാസൻ പറയുന്നു. വീഴ്ച വരുത്തിയ കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകി.
രാഹുൽ നേരത്തെ രണ്ട് വിവാഹം ഉറപ്പിക്കുകയും പിൻവാങ്ങുകയും ചെയ്തിട്ടുണ്ടെന്നാണ് ആരോപണം. ഇക്കാര്യങ്ങൾ കൂടി പോലീസ് പരിശോധിക്കണമെന്നും ഹരിദാസ് പറയുന്നു. കേസ് എറണാകുളത്തേക്ക് മാറ്റണമെന്നും പന്തീരങ്കാവ് പോലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും പറഞ്ഞു.
സംഭവത്തിൽ രാഹുലിനെതിരെ വധശ്രമത്തിനും സ്ത്രീധന പീഡനത്തിനും ഉൾപ്പെടെ കേസെടുത്തിട്ടുണ്ട്. ഇയാൾക്ക് വേണ്ടി തിരച്ചിൽ ഊർജ്ജിതമാക്കി. 150 പവൻ സ്വർണവും കാറും കിട്ടാൻ തനിക്ക് അർഹതയുണ്ടെന്ന് പറഞ്ഞാണ് തർക്കം തുടങ്ങിയതെന്നും എന്തോ കൂടിയ സാധനം കഴിച്ചിട്ടാണ് വന്നതെന്നും മദ്യമായിരുന്നില്ല, മറ്റെന്തോ ലഹരി വസ്തു കഴിച്ചിട്ടാണ് വന്നതെന്നും യുവതി പറഞ്ഞിരുന്നു.
വീടിന്റെ മുകളിലെ മുറിയിൽ വെച്ചാണ് മർദ്ദിച്ചത് എന്നും ആദ്യം കരണത്തടിച്ചു, പിന്നീട് മുഷ്ടി കാെണ്ട് തലക്കടിച്ചു, നെറ്റിയിലും ഇടിച്ചു. മൊബൈൽ ചാർജറിന്റെ കേബിൾ വെച്ച് കഴുത്ത് മുറുക്കി കാെല്ലാൻ ശ്രമിച്ചെന്നും രണ്ട് മൂന്ന് തവണ കൊല്ലാൻ ശ്രമിച്ചെന്നും ശബ്ദം കേട്ടിട്ടും വീട്ടുലള്ളവർ ഇടപെട്ടില്ലെന്നും യുവതി പറയുന്നു












Click it and Unblock the Notifications