മലപ്പുറത്ത് 65കാരനെ കുടുക്കി 43കാരിയുടെ ഹണിട്രാപ്പ്; തട്ടിയത് രണ്ട് ലക്ഷം, പരാതിയില്‍ അന്വേഷണം
മലപ്പുറം: 65കാരനെ 43കാരിയായ സ്ത്രീ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടിയെന്ന് പരാതി. പെരിന്തല്‍മണ്ണ ആലിപ്പറമ്പിലുള്ള 65കാരനെയാണ് 43കാരിയായ സ്ത്രീ രാത്രി വീട്ടിലേക്ക് വിളിച്ചുവരുത്തി ഹണി ട്രാപ്പില്‍ കുടുക്കിയത്. രണ്ട് ലക്ഷം രൂപ കൈക്കലാക്കിയെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
43കാരിയായ സ്ത്രീ അവരുടെ ഫോണില്‍ നിന്ന് കഴിഞ്ഞ മാര്‍ച്ച് 18ന് വീട്ടിലേക്ക് വിളിച്ചുവരുത്തുകയും മുറ്റത്തെത്തിയപ്പോള്‍ 5 പുരുഷന്മാര്‍ ചേര്‍ന്ന് മൊബൈലില്‍ വീഡിയോ എടുക്കുകയും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. ഭീഷണി തുടര്‍ന്നതോടെ 65കാരന്‍ മാര്‍ച്ച് 20ന് ഇവര്‍ക്ക് രണ്ട് ലക്ഷം രൂപ കൈമാറുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്.

അതേസമയം, കഴിഞ്ഞ ഏപ്രിലില്‍ കൊച്ചിയില്‍ ഡോക്ടറെ ഹണിട്രാപ്പില്‍ പെടുത്താന്‍ ശ്രമിച്ച യുവതിയെയും യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗൂഡല്ലൂര്‍ സ്വദേശിയായ നസീമ ബി, ഇടുക്കി സ്വദേശിയായ മുഹമ്മദ് അമീന്‍ എന്നിവരാണ് അറസ്റ്റിലായത്. അഞ്ച് ലക്ഷത്തോളം രൂപയാണ് ഈ സംഘം ഡോക്ടറുടെ കയ്യില്‍ നിന്നും തട്ടിയെടുത്തത്. ഏപ്രില്‍ അഞ്ചിനാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ചികിത്സയുമായി ഡോക്ടറെ ബന്ധപ്പെട്ട യുവതി പിന്നീട് ഹണിട്രാപ്പില്‍പ്പെടുത്തുകയായിരുന്നു.
ഒരു ദിവസം യുവതി സുഖമില്ലെന്ന് പറഞ്ഞ് യുവതി താമസിക്കുന്ന പമ്പമ്പിള്ളി നഗറിലെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് മൊബൈല്‍ ഫോണില്‍ എടുത്ത സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. ആ സമയത്ത് തന്നെ 40000 രൂപ നസീമയും സുഹൃത്തും കൈക്കലാക്കി. കൂടാതെ ഡോക്ടറുടെ വീട്ടിലുണ്ടായിരുന്ന കാര്‍ ഇവര്‍ കൊണ്ടു പോകുകയും ചെയ്തു.
അടുത്ത ദിവസം കാര്‍ ഡോക്ടര്‍ക്ക് തിരികെ കൊടുത്തിട്ട് അഞ്ച് ലക്ഷം രൂപ വാങ്ങുകയും ചെയ്തു. വീണ്ടും അഞ്ച് ലക്ഷം രൂപ ഫോണിലൂടെ ആവശ്യപ്പെട്ടപ്പോഴാണ് ഡോക്ടര്‍ എറണാകുളം സൗത്ത് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇതിനിടെ മറ്റൊരു ഹണിട്രാപ്പ് കേസിലെ പ്രതികളെയും പൊലീസ് ഇന്ന് പിടികൂടി. കോഴിക്കോട് ചുങ്കം സ്വദേശി ശരണ്യ, മലപ്പുറം സ്വദേശി അര്‍ജുന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇടുക്കി അടിമാലി സ്വദേശിയായ യുവാവിനെ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെടുകയും പിന്നീട് സ്ഥിരമായി ചാറ്റിംഗ് നടത്തി നേരിട്ട് കാണാമെന്ന് വാഗ്ദാനം നല്‍കുകയായിരുന്നു.
യുവതിയെ വിശ്വസിച്ച് യുവാവ് എത്തിയതോടെ പ്ലാന്‍ ചെയ്ത പ്രകാരം ശരണ്യയ്‌ക്കൊപ്പമുണ്ടായ നാല് പേര്‍ ചേര്‍ന്ന് യുവാവിനെ ദേഹോപദ്രവം എല്‍പ്പിക്കുകയും പണവും എ ടി എം കാര്‍ഡും കവര്‍ന്നെടുക്കുകയായിരുന്നു. രണ്ടാഴ്ച മുമ്പാണ് ഇരുവരും ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെടുന്നത്. തുടര്‍ന്ന് സെക്‌സ് ചാറ്റുകള്‍ അടക്കം ഇവര്‍ നടത്തിയിരുന്നു. ഇതിന് ശേഷമാണ് ശരണ്യ യുവാവിനെ കാണാന്‍ കൊച്ചിയിലേക്ക് വിളിപ്പിച്ചത്.
തുടര്‍ന്ന് യുവതിയുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ മര്‍ദ്ദിച്ച് എ ടി എം കാര്‍ഡ് തട്ടിയെടുക്കുകയായിരുന്നു. അടുത്തുള്ള എ ടി എം കൗണ്ടറില്‍ നിന്ന് 4000 രൂപയോളം പിന്‍വലിക്കുകയും കയ്യിലുണ്ടായിരുന്ന സ്മാര്‍ട്ട് ഫോണ്‍ കൈക്കലാക്കുകയും ചെയ്തു.












Click it and Unblock the Notifications