മൃതദേഹം കാറിന്റെ ഡിക്കിയില്‍കൊണ്ടുപോയ സംഭവം; ഉന്നതതല അന്വേഷണത്തിന് കമ്മീഷന്‍ ഉത്തരവ്, സംഭവം നടന്നത് കഴിഞ്ഞ ദിവസം മഞ്ചേരി മെഡിക്കല്‍ കോളേജില്‍
മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ച കര്‍ണാടക സ്വദേശിനിയുടെ മൃതദേഹം കാറിന്റെ ഡിക്കിയിലാക്കി നാട്ടില്‍ കൊണ്ടുപോയ സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. മലപ്പുറം ജില്ലാകലക്ടറും മഞ്ചേരി ഗവ.മെഡിക്കല്‍ കോളജാശുപത്രി സൂപ്രണ്ടും അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു.
സൗജന്യ ആമ്പുലന്‍സിനായി മെഡിക്കല്‍ കോളജ് അധികൃതരെ സമീപിച്ചെങ്കിലും സൗകര്യമൊരുക്കിയില്ലെന്ന് പരാതിയുണ്ട്. ബന്ധുക്കള്‍ നിര്‍ദ്ധനരായതിനാല്‍ മൃതശരീരത്തിന് മാനുഷിക പരിഗണനയും ലഭിച്ചില്ല. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. കേസ് ഏപ്രില്‍ 25 ന് കമ്മീഷന്റെ തിരുവനന്തപുരം ഓഫീസില്‍ പരിഗണിക്കും.
മഞ്ചേരി മെഡിക്കല്‍ കോളജില്‍നിന്നും കര്‍ണാടകയിലേക്ക് മൃതദേഹം കൊണ്ടുപോയത് കാറിന്റെ ഡിക്കിയില്‍ മടക്കിവെച്ചാണെന്നാണ് പരാതി ഉയര്‍ന്നിട്ടുള്ളത്. ആംബുലന്‍സിന് നല്‍കാന്‍ പണമില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞതായും, എന്നാല്‍ ഇന്ധനപൈസ തന്നാല്‍ മതിയെന്ന് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ പറഞ്ഞെങ്കിലും അതിനും പണമില്ലെന്നാണ് ബന്ധുക്കള്‍ നല്‍കിയ മറുപടി നല്‍കിയതായും പറയുന്നത്.
മൃതദേഹം കൊണ്ടുപോകാന്‍ കര്‍ണാടകയില്‍നിന്നും എത്തിച്ച കാര്‍ നാട്ടുകാരുടെ സഹായത്തോടെയാണെന്നും ബന്ധുക്കള്‍ പറഞ്ഞു. മഞ്ചേരി മെഡിക്കല്‍ കോളെജിലാണ് മൃതദേഹത്തോട് അനാദരവ് കാണിച്ചത്. ആംബുലന്‍സിനായി മെഡിക്കല്‍ കോളെജ് സൂപ്രണ്ടിനെ സമീപിച്ചെങ്കിലും സഹായം ലഭിച്ചില്ലെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. കര്‍ണ്ണാടക ബിദാര്‍ സ്വദേശിനിയായ 45വയസ്സുകാരി ചന്ദ്രകല വെള്ളിയാഴ്ചയാണ് മഞ്ചേരി മെഡിക്കല്‍ കോളെജില്‍വെച്ച് മരിച്ചത്. അര്‍ബുധത്തെ തുടര്‍ന്നായിരുന്നു മരണം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനായി ശനിയാഴ്ച്ച രാവിലെ ബന്ധുക്കളെത്തി. എന്നാല്‍ ഇവരുടെ കൈവശം ആംബുലന്‍സില്‍ കൊണ്ടു പോകുന്നതിന് ആവശ്യമായ പണമുണ്ടായിരുന്നില്ലെന്ന് പറയുന്നു.