വന്ദേഭാരതിന് തിരൂരില്‍ സ്റ്റോപ്പ്; ഇടി മുഹമ്മദ് ബഷീര്‍ റെയില്‍വെ മന്ത്രിയെ കണ്ടു
ന്യൂഡല്‍ഹി: വന്ദേ ഭാരത് എക്‌സ്പ്രസിന്റെ സ്റ്റോപ്പുകളില്‍ നിന്ന് തിരൂരിനെ ഒഴിവാക്കിയത് പുനഃപരിശോധിച്ച് സ്റ്റോപ്പ് അനുവദിക്കണമെന്ന് ഇടി മുഹമ്മദ് ബഷീര്‍ എംപി. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെയും റയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അനില്‍ കുമാര്‍ ലഹോട്ടിയെയും നേരില്‍ കണ്ടാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
ആദ്യഘട്ട പരീക്ഷണ ഓട്ടത്തില്‍ തിരൂര്‍ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് വന്ന അന്തിമ പട്ടികയില്‍ നിന്ന് തിരൂരിനെ ഒഴിവാക്കുകയാണ് ഉണ്ടായത്. അതിന് യാതൊരു ന്യായീകരണവുമില്ലെന്ന് എംപി പറഞ്ഞു. കേരളത്തിലെ ഏറ്റവും ജനസംഖ്യയുള്ള ജില്ലയാണ് മലപ്പുറം. സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ 14 ശതമാനത്തോളം മലപ്പുറം ജില്ലയിലാണ്.

പൗരാണിക കാലം മുതല്‍ തന്നെ റെയില്‍വേ മികച്ച പരിഗണന നല്‍കിയിരുന്ന ഒരു ജില്ലയോട് ചെയ്ത ഏറ്റവും വലിയ അന്യായമാണിതെന്നും എംപി ചൂണ്ടിക്കാട്ടി. മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ ജന്മ സ്ഥലമായ തിരൂരിലാണ് മലയാളം സര്‍വകലാശാലയുടെ ആസ്ഥാനം. കോട്ടക്കല്‍ ആയുര്‍വേദശാല, ആയുര്‍വേദ കോളേജ്, ഹനുമാന്‍ കാവ് ക്ഷേത്രം, തൃക്കണ്ടിയൂര്‍ ക്ഷേത്രം എന്നിവ തിരൂരിനടത്തുണ്.
മാത്രമല്ല, തിരുനാവായ നാവാമുകുന്ദ ക്ഷേത്രം, കാടാമ്പുഴ ക്ഷേത്രം തുടങ്ങിയ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്നതും തിരൂരിനടുത്താണെന്നും എംപി മന്ത്രിയെ ബോധ്യപ്പെടുത്തി. സാങ്കേതികമായി വണ്ടി അവിടെ നിര്‍ത്തുക എന്നത് ഒരു പ്രയാസം ഇല്ലാത്ത കാര്യവുമാണ്. എന്നാല്‍ ഇതിനോട് നീതി ചെയ്തില്ല എന്നുള്ളത് ഖേദകരമാണ്. അതുകൊണ്ട് പുനഃപരിശോധിച്ച ഉത്തരവ് ഉണ്ടാകണമെന്നും എംപി ആവശ്യപ്പെട്ടു.
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രാഥമിക ഘട്ടത്തിലുള്ള ഇതിന്റെ നീക്കങ്ങള്‍ പരിശോധിച്ച ശേഷം പുനഃപരിശോധന നടത്താമെന്നു മന്ത്രി എംപിയെ അറിയിച്ചു. എംപി ഇക്കാര്യത്തില്‍ പറയുന്ന വികാരം ഉള്‍ക്കൊള്ളുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അനില്‍ കുമാര്‍ ലഹോട്ടിയെയും നേരില്‍ കണ്ട് എംപി വിശദമായി ചര്‍ച്ച നടത്തി.
ഇതിനോട് ചെയ്തിട്ടുള്ള നടപടികളുടെ അനീതി ചെയര്‍മാനെയും എംപി ബോധ്യപ്പെടുത്തി. ഇക്കാര്യത്തില്‍ ന്യായമായ പരിഹാരം ഉണ്ടാക്കാന്‍ വേണ്ടി റെയില്‍വേ ബോര്‍ഡിന്റെ മൊത്തത്തിലുള്ള സഹായവും എംപി അഭ്യര്‍ത്ഥിക്കുകയുണ്ടായി. തിരൂരിനെ ഒഴിവാക്കയിതിനെതിരെ വിവിധ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും പ്രതിഷേധം തുടരവെയാണ് എംപി വകുപ്പ് മന്ത്രിയെ കണ്ട് ആവശ്യമുന്നയിച്ചിരിക്കുന്നത്.












Click it and Unblock the Notifications