• search
  • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ശക്തമായ കടലാക്രമണം... പൊന്നാനിയില്‍ 10വീടുകള്‍ പൂര്‍ണമായും കടലലെടുത്തു, നൂറിലേറെ വീടുകളില്‍ വെള്ളംകയറി!

  • By Desk

മലപ്പുറം: ശക്തമായ കടലാക്രമണത്തില്‍ പൊന്നാനിയില്‍ വ്യാപക നാശനഷ്ടം. ജില്ലാതിര്‍ത്തിയായ കാപ്പിരിക്കാട് മുതല്‍ പൊന്നാനി ലൈറ്റ് ഹൗസ് വരെയുള്ള പത്തോളം വീടുകള്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കടലാക്രമണത്തില്‍ പൂര്‍ണ്ണമായും കടലെടുത്തു. പൊന്നാനി മുറിഞ്ഞിയിലും, വെളിയങ്കോട് തണ്ണിത്തുറയിലുമാണ് കനത്ത നാശനഷ്ടമുണ്ടായത്.

സ്‌കൂള്‍ കുട്ടികളില്‍നിന്നും എയ്ഡഡ് സ്‌കൂള്‍ അധികൃതര്‍ അനധികൃതമായി പണംകൈപ്പറ്റുന്നു, വിജിലന്‍സ് റെയ്ഡില്‍ വ്യാപക ക്രമക്കേടുകള്‍, മലപ്പുറം ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍നിന്നും 95,000 രൂപ പിടികൂടി

പൊന്നാനി മുറിഞ്ഞഴിയിലെ പഴയപുരയ്ക്കല്‍ നഫീസ, സ്രാങ്കിന്റെ താഹിറ, കുട്ട്യാമാക്കാനകത്ത് സുഹ്‌റ ,ചന്തക്കാരന്റെറ ഷരീഫ, പൊന്നാനി ലൈറ്റ് ഹൗസിനു സമീപത്തെ കമ്മാലിക്കാ ന കത്ത് നഫീസു, കോയാലിക്കാനകത്ത് സുബൈര്‍, വെളിയങ്കോട് തണ്ണിത്തുറയിലെ ഹംസയുടെ വീടും പൂര്‍ണ്ണമായും തകര്‍ന്നു.ഇരുപത്തിയഞ്ചിലധികം വീടുകള്‍ ഭാഗികമായും തകര്‍ന്നു. നൂറിലേറെ വീടുകളിലേക്ക് കടല്‍ വെള്ളം കയറി മണലും, ചെളിയും നിറഞ്ഞ് താമസയോഗ്യമല്ലാതായി. കടലോരത്തെ നൂറുകണക്കിന് തെങ്ങുകള്‍ കടലെടുക്കുകയും ചെയ്തു.

Ponnani

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ആരംഭിച്ച കടലാക്രമണം പൊന്നാനി താലൂക്കില്‍ രൂക്ഷമായി.പൊന്നാനി അഴീക്കല്‍ മുതല്‍ പുതുപൊന്നാനി വരെയുള്ള നഗരസഭ പരിധിയിലും, വെളിയങ്കോട്, പെരുമ്പടപ്പ് പഞ്ചായത്തിലെ തീരദേശ മേഖലയിലുമാണ് കടലാക്രമണം രൂക്ഷമായത്. പൊന്നാനി ലൈറ്റ് ഹൗസ് പരിസരം, മരക്കടവ്, മുക്കാടി, അലിയാര്‍ പളളി, എം.ഇ.എസിന് പിറകുവശം, മുറിഞ്ഞഴി,പൊലീസ് സേ്റ്റഷന്റെ പിറകുവശം, മുല്ലറോഡ്, പുതുപൊന്നാനി, വെളിയങ്കോട് തണ്ണിത്തുറ, പത്തുമുറി, പാലപ്പെട്ടി അജ്മീര്‍ നഗര്‍ എന്നിവിടങ്ങളില്‍ കടല്‍ ആഞ്ഞടിക്കുകയാണ്.

അതിശക്തമായ തിരമാലകളില്‍ കടല്‍വെള്ളം നൂറോളം വീടുകളിലേക്ക് കയറി. മുറിഞ്ഞഴി മേഖലയിലാണ് കടലാക്രമണം ഭീതി വിതയ്ക്കുന്നത്.കൂടാതെ തണ്ണിത്തുറയിലും കടലാക്രമണം ശക്തമാണ്. മുറിഞ്ഞഴിഭാഗത്തെകുട്ട്യാമാക്കാനകത്ത് സുഹ്‌റ ,ചന്തക്കാരന്റെറ ഷരീഫ, ആല്യാമാക്കാനകത്ത് ഇമ്പിച്ചി ബീവി, ആല്യമാക്കാനകത്ത് അശ്‌റഫ്,കുട്ട്യാമാക്കാനകത്ത് ഹംസ, മഞ്ഞിങ്ങാന്റകത്ത് അശ്‌റഫ് ,കുഞ്ഞി മരക്കാരകത്ത്‌സീനത്ത് തുടങ്ങിയവരുള്‍പ്പെടെ നൂറോളം വീടുകളിലേക്കാണ് വെള്ളം കയറിയത്. ഈ മേഖലയില്‍ മിക്ക വീടുകളും, അന്‍പത് മീറ്ററിനകത്താണ് സ്ഥിതി ചെയ്യുന്നത്.

വേലിയേറ്റ സമയമായ ഉച്ചമുതല്‍ വൈകുന്നേരം വരെയുള്ള സമയങ്ങളിലാണ് കടല്‍ തിരമാലകള്‍ ആഞ്ഞടിക്കുന്നത്. ഈ ഭാഗത്തെ നൂറുകണക്കിന് തെങ്ങുകളും ഏത് നിമിഷവും, നിലം പൊത്തുമെന്ന സ്ഥിതിയിലാണ്.കടല്‍ഭിത്തികള്‍ പൂര്‍ണ്ണമായും, ഇല്ലാത്ത ഭാഗങ്ങളിലാണ് തിരമാലകള്‍ നേരിട്ട് വീടുകളിലേക്കെത്തുന്നത്.പലരും, കടലാക്രമണത്തെ പ്രതിരോധിക്കാന്‍ ചാക്കുകളില്‍ മണല്‍ നിറച്ച് വീടിന് മുന്നില്‍ ഇടുന്നുണ്ടെങ്കിലും, ശക്തമായ തിരയില്‍ ഇവയും കടലെടുക്കുകയാണ്.

കൂടാതെ തിരമാലകള്‍ക്കൊപ്പമെത്തുന്ന മണല്‍ വീടുകള്‍ക്കകത്തേക്ക് അടിച്ചു കയറുന്നുമുണ്ട്. ഉപ്പുവെള്ളം കലര്‍ന്നതിനാല്‍ കിണറുകളില്‍ നിന്നും, അത്യാവശ്യങ്ങള്‍ക്ക് പോലും വെള്ളം എടുക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് വീട്ടുകാര്‍. ചുഴലിക്കാറ്റ് മുന്നറിയിപ്പുള്ളതിനാല്‍ വരും ദിവസങ്ങളില്‍ കടലാക്രമണം ശക്തമാകുമെന്ന ഭീതിയിലാണ് കുടുംബങ്ങള്‍. കടലാക്രമണം രൂക്ഷമായതോടെ നിരവധി വീട്ടുകാര്‍ ബന്ധുവീടുകളിലേക്ക് താമസം മാറ്റി. കടലാക്രമണ സമയത്ത് മാത്രം എത്തുന്ന അധികൃതര്‍ ശാശ്വത പരിഹാരം കാണണമെന്നാണ് കടലോര വാസികളുടെ ആവശ്യം.മുറിഞ്ഞഴി മേഖലക്ക് പുറമെ ലൈറ്റ് ഹൗസ് പരിസരത്തെ വീടുകളും കടലാക്രമണ ഭീഷണി നേരിടുകയാണ്

രൂക്ഷമായ കടലാക്രമണം മൂലം ഭീതിയിലായ കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ താല്ക്കാലികാശ്വാസ കേന്ദ്രങ്ങള്‍ തുടങ്ങി. പൊന്നാനി താലൂക്കിലെ മൂന്നിടങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചത്.പാലപ്പെട്ടി ജി.എം.യു.പി.സ്‌കൂള്‍, വെളിയങ്കോട് ഫിഷറീസ് സ്‌കൂള്‍, വെളിയങ്കോട് ആനകത്ത് സ്‌കൂള്‍, പൊന്നാനി ആനപ്പടി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് താല്ക്കാലിക ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങാന്‍ തീരുമാനിച്ചിട്ടുള്ളതെന്ന് തഹസില്‍ദാര്‍ എം.ഡി.ലാലു അറിയിച്ചു.

പൊന്നാനിയിലെ രൂക്ഷമായ കടലാക്രമണത്തില്‍ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ ശാശ്വതമായി പുനരധിവസിപ്പിക്കണമെന്നും, കടല്‍ ഭിത്തിയില്ലാത്തയിടങ്ങളില്‍ ഉടന്‍ കടല്‍ഭിത്തി നിര്‍മ്മിക്കണമെന്നുമാവശ്യപ്പെട്ട് മുസ്ലിം ലീഗ് പൊന്നാനി മുനിസിപ്പല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ തഹസില്‍ദാറുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ആശുപത്രി പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ച് സിവില്‍ സ്റ്റേഷന് മുന്നില്‍ പൊലീസ് തടഞ്ഞു.തുടര്‍ന്ന് തഹസില്‍ദാര്‍ ഓഫീസിലെത്തിയ നേതാക്കള്‍ എല്‍.എ. ഡപ്യൂട്ടി കലക്ടര്‍ കെ.ചാമിക്കുട്ടി, തഹസില്‍ എം.ഡി.ലാലു എന്നിവരുമായി ചര്‍ച്ച നടത്തി. കടലാക്രമണ ബാധിതരുടെ പ്രയാസങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണണമെന്ന് മുസ്ലിം ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടു.

താല്ക്കാലിക പരിഹാരം അടിയന്തരമായി ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും, നഷ്ടങ്ങള്‍ കണക്കാക്കുന്ന പ്രകൃയകള്‍ ആരംഭിച്ചെന്നും, സ്ഥിരം പുനരധിവാസത്തിന് സര്‍ക്കാറിന് ഉടന്‍ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ഡപ്യൂട്ടി കലക്ടര്‍ സമരക്കാര്‍ക്ക് ഉറപ്പ് നല്‍കി. തുടര്‍ന്ന് ആവശ്യങ്ങളടങ്ങിയ നിവേദനം, ഡപ്യൂട്ടി കലക്ടര്‍ക്കും, ഇറിഗേഷന്‍ വകുപ്പിനും കൈമാറി. പ്രതിഷേധ മാര്‍ച്ച് അഹമ്മദ് ബാഫഖി തങ്ങള്‍ ഉദ്ഘാടനം ചെയ്തു.എം.മൊയ്തീന്‍ ബാവ അധ്യക്ഷത വഹിച്ചു.ക.മുനീബ്, വി.വി.ഹമീദ്, വി.പി. ഹുസൈന്‍കോയ തങ്ങള്‍, ഫൈസല്‍ കടവ്, കെ.ആര്‍.റസാഖ് എന്നിവര്‍ സംസാരിച്ചു.മാര്‍ച്ചിന് എന്‍.ഫസലുറഹ്മാന്‍, വി.പി.സുരേഷ് ഉസ്മാന്‍ പുതു പൊന്നാനി, സി.മൊയ്തീന്‍ എന്നിവര്‍ നേതൃത്വം നല്‍കി

പൊന്നാനി കാപ്പിരിക്കാട് മുതല്‍ പൊന്നാനി അഴീക്കല്‍ വരെയുള്ള തീരദേശമേഖലയില്‍ വലിയതോതിലുള്ള കടല്‍ക്ഷോഭമാണ് നടക്കുന്നത് നിരവധിയാളുകളുടെ വീടുകള്‍ നഷ്ടപ്പെടുകയും, മത്സ്യത്തൊഴിലാളികളുടെ മത്സ്യബന്ധന ഉപകരണങ്ങളുള്‍പ്പെടെ വലിയ നാശനഷ്ടങ്ങള്‍ക്കാണ് പേരദേശം സാക്ഷ്യം വഹിച്ചത്. ഈ പ്രദേശത്ത് താമസിക്കുന്ന മുഴുവന്‍ ആളുകളുടെയും വീടുകളില്‍ കടലാക്രമണത്തിന്റെ ഫലമായി കുടിവെള്ള സ്രോതസ്സുകള്‍ പോലും നഷ്ടപ്പെടുന്ന അവസ്ഥയാണ്.

കുടിവെള്ളം പോലും കിട്ടാത്ത അവസ്ഥ വളരെ ദയനീയമാണ്. ഇത്തരം സാഹചര്യം കണക്കിലെടുത്ത് ബന്ധപ്പെട്ട അധികാരികള്‍ അടിയന്തിരസഹായം ലഭ്യമാക്കണമെന്ന് സി.പി.ഐ പൊന്നാനി മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാകമ്മിറ്റി മെമ്പര്‍ എം.കെ മുഹമ്മദ് സലീം അദ്ധ്യക്ഷതവഹിച്ചു. സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പര്‍ പി.പി.സുനീര്‍, ജില്ലാ സെക്രട്ടറി പി.കെ കൃഷ്ണദാസ്, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അജിത്കൊളാടി, പി.കുഞ്ഞിമൂസ, എന്‍.കെ സൈനുദ്ധീന്‍, പി.രാജന്‍, എ.കെ ജബ്ബാര്‍, പി.പി.ഹനീഫ, സുബൈദാ ബക്കര്‍, കെ.കെ ബാലന്‍, വി.ഹംസ തുടങ്ങിയവര്‍ സംസാരിച്ചു.

കടല്‍ക്ഷോഭം ബാധിച്ച പ്രദേശങ്ങള്‍ സി.പി.ഐ നേതാക്കന്മാരായ സഖാക്കള്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ സി.പി.ഐ ജില്ലാ കമ്മിറ്റി മെമ്പറുമായ എ.കെ ജബ്ബാര്‍, മണ്ഡലം സെക്രട്ടറി പി.രാജന്‍, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി എം.കെ.മുഹമ്മദ് സലീം, ജില്ലാ കമ്മിറ്റി മെമ്പര്‍ പി.പി.ഹനീഫ എന്നിവര്‍ സന്ദര്‍ശിച്ചു.

Malappuram

English summary
Heavy Coastal erosion in Ponnani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X