പഞ്ചായത്ത് പ്രസിഡന്റിന് മര്‍ദ്ദനം; സിപിഎം നേതാക്കള്‍ക്ക് തെറി, നിമിഷങ്ങള്‍ക്കകം എസ്‌ഐയെ സ്ഥലം മാറ്റി...
മലപ്പുറം: പോലീസ് സ്‌റ്റേഷനിലെത്തിയ പഞ്ചായത്ത് പ്രസിഡന്റിനെ തിരൂര്‍ എസ്‌ഐ മര്‍ദ്ദിച്ചുവെന്ന് ആക്ഷേപം. തൊട്ടുപിന്നാലെ എത്തിയ സിപിഎം നേതാക്കളെ തെറി വിളിച്ചുവെന്നും ആരോപണം. പ്രതിഷേധം കനത്തതോടെ എസ്‌ഐക്കെതിരെ നടപടിയുണ്ടായി. അന്വേഷണത്തിന്റെ ഭാഗമായി സ്ഥലം മാറ്റി. എആര്‍ ക്യാമ്പിലേക്കാണ് മാറ്റിയത്.
വെട്ടം പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് നെല്ലാഞ്ചേരിക്കാണ് മര്‍ദ്ദനമേറ്റത്. ഇദ്ദേഹത്തിന്റെ വാര്‍ഡിലെ വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ടാണ് വിഷയങ്ങളുടെ തുടക്കം. വാര്‍ഡിലെ രണ്ടു പേര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇവരോട് സ്‌റ്റേഷനില്‍ എത്താന്‍ എസ്‌ഐ ആവശ്യപ്പെട്ടു. എന്നാല്‍ മല്‍സ്യത്തൊഴിലാളിയായ കക്ഷികളിലെ ഒരാള്‍ക്ക് ഹാജരാകാന്‍ പ്രയാസം അറിയിച്ചു.

നിര്‍ബന്ധമായും സ്റ്റേഷനില്‍ വരണം എന്ന് പ്രൊബേഷനറി എസ്‌ഐ വിപിന്‍ ശഠിച്ചു എന്നാണ് പറയുന്നത്. തുടര്‍ന്നാണ് പഞ്ചായത്ത് പ്രസിഡന്റായ നൗഷാദ് പോലീസുമായി ബന്ധപ്പെട്ടത്. ഹാജരാകുന്നതിനുള്ള തടസം അറിയിക്കുകയായിരുന്നു ഉദ്ദേശം. എന്നാല്‍ എസ്‌ഐ മോശമായി പ്രതികരിച്ചുവത്രെ. തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് തിരൂര്‍ പോലീസ് സ്‌റ്റേഷനിലെത്തി. പഞ്ചായത്തിന്റെ വാഹനത്തിലാണ് വന്നത്.
ഈ വേളയിലും എസ്‌ഐ മോശമായി സംസാരിക്കുകയും ബഹളമായതോടെ പ്രസിഡന്റിനെ തള്ളുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് ആരോപണം. വാഹനം സ്റ്റേഷന്‍ കോംപൗണ്ടിലേക്ക് കയറ്റിയതും എസ്‌ഐ ചോദ്യം ചെയ്തു. വിവരമരിഞ്ഞ് സ്‌റ്റേഷനിലെത്തിയ തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു സൈനുദ്ദീനോടും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഇ ജയനോടും എസ്‌ഐ കയര്‍ത്തു.
എസ്‌ഐക്കെതിരെ നടപടി വേണമെന്ന് സിപിഎം നേതാക്കള്‍ ആവശ്യപ്പെട്ടു. ഉന്നത ഓഫീസര്‍മാരുമായി ചര്‍ച്ച നടത്തി. പോലീസ് മേധാവിക്ക് പരാതി നല്‍കുകയും ചെയ്തു. എസ്‌ഐയെ സ്ഥലം മാറ്റാമെന്ന ഉറപ്പ് ലഭിച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. എആര്‍ ക്യാമ്പിലേക്ക് മാറ്റി എന്നാണ് ഒടുവിലെ വിവരം. ഒരു മണിക്കൂറിനകമാണ് എല്ലാ സംഭവങ്ങളുമുണ്ടായത്. മാസങ്ങള്‍ക്ക് മുമ്പാണ് എസ്‌ഐ തിരൂരില്‍ നിയമിതനായത്.
മലപ്പുറം ജില്ലയില്‍ പോലീസിനെതിരെ തുടര്‍ച്ചയായി പരാതികള്‍ ഉയരുകയാണ്. ജില്ലാ പോലീസ് മേധാവിക്കെതിരെ എംഎസ്എഫ് നേതാക്കള്‍ രംഗത്തുവന്നിരുന്നു. താനൂരിലെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐക്ക് വിട്ട പിന്നാലെയാണ് തിരൂരിലെ എസ്‌ഐ സിപിഎം നേതാക്കള്‍ക്കെതിരെ മോശമായി പെരുമാറിയിരിക്കുന്നത്.












Click it and Unblock the Notifications