മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

യുവാക്കള്‍ ആത്മഹത്യക്ക് ശ്രമിച്ച സംഭവം: ചാത്തല്ലൂരിലെ ക്വാറിയുടെ പാരിസ്ഥിതികാഘാതം പഠിക്കാന്‍ സമിതി

  • By Desk
Google Oneindia Malayalam News

മലപ്പുറം: സ്റ്റോപ്പ് മെമ്മോ നല്‍കിയ ക്വാറികള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതില്‍ പ്രതിഷേധിച്ച് രണ്ട് യുവാക്കള്‍ ആത്മഹത്യാഭീഷണി മുഴക്കിയ എടവണ്ണ ചാത്തല്ലൂരിലെ മുബാറക്ക് ക്വാറിയുടെ പാരിസ്ഥിതികാഘാതം പഠിക്കാന്‍ കലക്ടര്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു. പാരിസ്ഥിതികാഘാതം പഠിക്കാന്‍ പെരിന്തല്‍മണ്ണ ആര്‍ഡിഒയുടെ നേതൃത്വത്തില്‍ വിദഗ്ധ സമിതിയെയാണ് നിയോഗിച്ചത്.

ജിയോളജി, പൊതുമരാമത്ത്(റോഡ്‌സ്), സോയില്‍ കണ്‍സര്‍വേഷന്‍ എന്നീ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരാണ് വിദഗ്ധസമിതിയിലുള്ളത്. ഈ മാസം 30 ന് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും അതുവരെ ക്വാറിയുടെ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിവെക്കണമെന്നും ജില്ലാ കലക്ടര്‍ അമിത് മീണ നിര്‍ദേശിച്ചു.

chathallur-

ക്വാറിയുടെ പ്രവര്‍ത്തനം മൂലം പ്രദേശവാസികളുടെ ജീവനും സ്വത്തിനും ഭീഷണയുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ക്വാറി ഉടമകളുടേയും പ്രദേശവാസികളുടേയും പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് കലക്ടര്‍ ഈ നിര്‍ദേശം നല്‍കിയത്.

അനുവദിച്ചതിലധികം പാറ പൊട്ടിക്കുന്നുണ്ടെന്നും ജനവാസമേഖലയില്‍ നിന്ന് ദൂരപരിധി പാലിച്ചിട്ടില്ലെന്നും പ്രദേശവാസികള്‍ ആരോപിച്ചു. റോഡില്‍ നിന്ന് നിശ്ചിത ദൂരപരിധിയിലല്ല ക്വാറി പ്രവര്‍ത്തിക്കുന്നതെന്നും ക്വാറിയോട് ചേര്‍ന്ന ചോലയുടെ ഒഴുക്ക് തടസ്സപ്പെടുത്തിയിട്ടുണ്ടെന്നും പരാതിയുണ്ട്. എല്ലാ കാര്യങ്ങളും വിദഗ്ധസമിതി വിശദമായി പരിശോധിക്കുമെന്ന് കലക്ടര്‍ ഉറപ്പ് നല്‍കി. നിലവില്‍ പൊട്ടിച്ച പാറയും മെറ്റലും കടത്തിക്കൊണ്ടപോകാന്‍ അനുവദിക്കണമെന്ന ക്വാറി ഉടമകളുടെ ആവശ്യം അംഗീകരിച്ചില്ല.

പെരിന്തല്‍മണ്ണ ആര്‍ഡിഒ കെ. അജീഷ്, എ.ഡി.എം വി. രാമചന്ദ്രന്‍, ഏറനാട് തഹസില്‍ദാര്‍ പി. സുരേഷ്, ജിയോളജിസ്റ്റ് കെ. ഇബ്രാഹം കുഞ്ഞി, ആള്‍ കേരള ക്രഷര്‍ ആന്‍ഡ് ക്വാറി കോ-ഓഡിനേഷന്‍ സമിതി ചെയര്‍മാന്‍ ആലിമൊയ്തീന്‍ ഇ.കെ, മുബാറക്ക് ക്വാറി മാനേജര്‍ പി. മുഹമ്മദ്, പ്രദേശവാസിയായ ഹുഫൈദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

സ്റ്റോപ്പ് മെമ്മോ നല്‍കിയ ക്വാറികള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതില്‍ പ്രതിഷേധിച്ച് രണ്ട് യുവാക്കളാണ് കഴിഞ്ഞ ദിവസം 300അടിയോളം ഉയരമുള്ള പാറയില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. ഇതിനെ തുടര്‍ന്ന് ജില്ലയിലെ മൂന്ന് താലൂക്കുകളിലെ മുഴുവന്‍ ക്വാറികളുടെയും പ്രവര്‍ത്തനം ഈ മാസം 30 വരെ നിര്‍ത്തിവെക്കാന്‍ ജില്ലാ കലക്ടര്‍ അമിത് മീണയുടെ അടിയന്തര ഉത്തരവിട്ടിരുന്നു. ഏറനാട്, കൊണ്ടോട്ടി, നിലമ്പൂര്‍ താലൂക്കുകളിലെ മുഴുവന്‍ ക്വാറികളുടെയും പ്രവര്‍ത്തനം നിര്‍ത്തിവെക്കാനാണ് കലക്ടര്‍ ഉത്തരവിട്ടിരുന്നത്.

എടവണ്ണ പടിഞ്ഞാറെ ചാത്തല്ലൂരിലാണ് യുവാക്കള്‍ ആത്മഹത്യാ ഭീഷണിയുമായി രംഗത്തുവന്നത്. ഉരുള്‍പൊട്ടിയ പ്രദേശത്തെ സ്വകാര്യ ക്വാറിക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ആരോപിച്ച് രണ്ട് യുവാക്കള്‍ ക്വാറിയുടെ 300അടിയോളം ഉയരമുള്ള പാറയില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു.

കഴിഞ്ഞയാഴ്ചയാണ് കനത്തമഴയില്‍ പടിഞ്ഞാറെചാത്തല്ലൂരില്‍ കുട്ടാടന്‍ മലയില്‍ ആനക്കല്ല് പ്രദേശത്ത് ഉരുള്‍പൊട്ടലുണ്ടായത്. നാലോളം വീടുകള്‍ ഭാഗികമായി കേടുവരികയും നിരവധി കൃഷികളും പ്രദേശത്ത് നശിച്ചിരുന്നു. ആളപായമുണ്ടായിരുന്നില്ല. അന്ന് ക്വാറികള്‍ നിര്‍ത്തിവെക്കാന്‍ കലക്ടര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയെന്നായിരുന്നു വിവരം.

തിങ്കളാഴ്ചയും ക്വാറി പ്രവര്‍ത്തിക്കുന്നതായി ആരോപിച്ച് പ്രദേശത്തെ രണ്ട് യുവാക്കളായ കുമ്പളവന്‍ ഉദൈവും, വി എം ഷിനോജും രാവിലെ പത്തോടെയാണ് പാറക്കുമുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. വണ്ടൂര്‍ സിഐ ബാബുരാജ്, എടവണ്ണ എസ്‌ഐ ടി.പി. ശിവദാസന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസും, തിരുവാലി ഫയര്‍ഫോഴ്‌സും ട്രോമാകെയര്‍ പ്രവര്‍ത്തകരും നാട്ടുകാരും ഏറെ പണിപെട്ട് യുവാക്കളെ ഇറക്കാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ കൂട്ടാക്കിയില്ല. കലക്ടറെത്തി ചര്‍ച്ച നടത്തിയെങ്കില്‍ മാത്രമേ ഞങ്ങള്‍ പിന്മാറുകയുള്ളൂവെന്നായിരുന്നു ഇവരുടെ ആവശ്യം.

കലക്ടറുടെ നിര്‍ദ്ദേശപ്രകാരം ഏറനാട് തഹസില്‍ദാറെത്തി ആദ്യം ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. പിന്നീട് വൈകീട്ട് നാലോടെ വണ്ടൂര്‍ സിഐയും ഏറനാട് തഹസില്‍ദാര്‍ സുരേഷും, പെരകമണ്ണ വില്ലേജ് ഓഫീസര്‍ ആര്‍.ജയപ്രകാശ് തുടങ്ങിയവര്‍ വീണ്ടും യുവാക്കളുമായി ചര്‍ച്ച നടത്തി കലക്ടര്‍ സ്ഥലം പരിശോധിച്ചതിനു ശേഷമേ ഇനി ക്വാറി പ്രവര്‍ത്തിക്കുകയുള്ളുവെന്ന ഉറപ്പില്‍ സമരം അവസാനിപ്പിക്കുകയായിരുന്നു. ഇതിനെതുടര്‍ന്നാണു കലക്ടര്‍ ഇന്നലെ പ്രദേശവാസികളുമായി ചര്‍ച്ച നടത്തിയത്.

Malappuram
English summary
kozhikkode local news expert report on quarry.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X