ഭര്‍ത്താവ് ഉപേക്ഷിച്ചാലും സ്ത്രീ വഴിയാധാരമാകില്ലെന്ന സന്ദേശം; ആയിഷ പ്രചോദനമെന്ന് കെടി ജലീല്‍
ആയിഷ എന്ന സിനിമ കാണുന്നത് ഒരിക്കലും നഷ്ടമാകില്ലെന്ന് സൂചിപ്പിക്കുകയാണ് കെടി ജലീല്‍

മലപ്പുറം: മഞ്ജുവാര്യര്‍ മുഖ്യ കഥാപാത്രമായ ആയിഷ എന്ന സിനിമയെ പുകഴ്ത്തി കെടി ജലീല്‍ എംഎല്‍എ. നിലമ്പൂര്‍ ആയിഷയുടെ കഥ പറയുന്ന സിനിമ, കല അകറ്റി നിര്‍ത്തപ്പെട്ടിരുന്ന കാലത്ത് അതിനെ ചേര്‍ത്തുപിടിച്ച വനിതയുടെ കഥയാണ്. സിനിമയും നാടകവും മതനിഷിദ്ധമാണ് എന്ന് മുദ്രയടിച്ചിരുന്ന കാലത്തെ കഥ. സ്ത്രീ ജീവിതം അടുക്കളയില്‍ എരിഞ്ഞു തീരേണ്ടതാണ് എന്ന് കരുതിയ പുരുഷ മേല്‍ക്കോയ്മയുടെ കാലം.
പതിമൂന്നാം വയസില്‍ വിവാഹിതയായി, ഗര്‍ഭിണിയായി... ആരുമറിയാതെ പോയ നൂറുകണക്കിന് സ്ത്രീകളില്‍ ഒരാളായി മാറേണ്ടേയിരുന്ന വനിത, പിന്നീട് ചരിത്രം സൃഷ്ടിച്ച കഥ പറയുന്ന ചിത്രം കൂടിയാണ് ആയിഷ എന്ന് കെടി ജലീല്‍ വിശദീകരിക്കുന്നു.
നായകനില്ലാത്ത സിനിമ എന്ന പ്രത്യേകതയും ആയിഷക്കുണ്ട്. ആയിഷ നമ്മുടെ പെണ്‍കുട്ടികളെ കാണിക്കണം എന്ന അഭിപ്രായമാണ് കെടി ജലീലിനുള്ളത്. ഭര്‍ത്താവ് ഉപേക്ഷിച്ചാല്‍ എല്ലാം തീരുമെന്ന് കരുതുന്നവര്‍ക്കുള്ള തിരുത്താണത്. നമ്മുടെ പെണ്മക്കളെ സ്വന്തം കാലില്‍ നില്ക്കാന് പ്രചോദനം നല്കുന്ന സിനിമയാണെന്നും കെടി ജലീല്‍ ചൂണ്ടിക്കാട്ടുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കം...
'ആയിഷ', കാണണം. നഷ്ടമാവില്ല
''എന്ന് നിന്റെ സ്വന്തം മൊയ്തീന്' എന്ന ചലചിത്രത്തിന് ശേഷം ജീവിതഗന്ധിയായ മറ്റൊരു സിനിമ കൂടി മലയാളിയുടെ മനസ്സിനെ കീഴടക്കുകയാണ്. 'ആയിഷ'റേറ്റിംഗില്‍ മികച്ച കലാസൃഷ്ടിയായത് അതിലെ വിയര്‍പ്പിന്റെ ഉപ്പുരസം കൊണ്ടാണ്. മൊയ്തീനും കാഞ്ചനമാലയും തമ്മിലുള്ള പത്തരമാറ്റ് തങ്കത്തെ വെല്ലുന്ന പ്രണയത്തെ അധികരിച്ചാണ് 'എന്ന് നിന്റെ സ്വന്തം മൊയ്തീന്' നിര്‍മ്മിച്ചത്. ജീവിത പ്രയാസങ്ങള്‍ക്കൊടുവില്‍ പച്ചപ്പ് കാണാന്‍ പ്രവാസം സ്വീകരിച്ച ഒരു കലാകാരിയുടെ കണ്ണീരിന്റെ നനവിനെ ആസ്പദിച്ചാണ് 'ആയിഷ' നിര്‍മ്മിച്ചിരിക്കുന്നത്. രണ്ടിലും നായികാ കഥാപാത്രങ്ങള്‍ ഉയര്‍ന്ന് നില്‍ക്കുന്നത് പെണ് ത്യാഗത്തിന്റെ കരുത്തു കൊണ്ടാണ്.
'ആയിഷ'യില്‍ നായകനേയില്ല. ഒരുപക്ഷെ ഇത്തരമൊരു സിനിമ ഇന്ത്യയില്‍ അപൂര്‍വ്വമാകും. സിനിമയും നാടകവും സംഗീതവുമെല്ലാം മത നിഷിദ്ധമാണെന്ന് മുദ്രയടിച്ച് വിലക്കേര്‍പ്പെടുത്തിയിരുന്ന കാലം. സ്ത്രീ ജീവിതം അടുക്കളയില്‍ കരിഞ്ഞ് തീരേണ്ടതാണെന്ന് വിശ്വസിച്ച പുരുഷ മേല്‍ക്കോയ്മയുടെ ശപിക്കപ്പെട്ട യുഗം. പതിമൂന്നാം വയസ്സില്‍ വിവാഹിതയായി പക്വതയെത്തും മുമ്പേ അമ്മമാരായവരുടെ എണ്ണം നാട്ടില്‍ നിര്‍ലോഭം നിലനിന്ന നാളുകള്‍. അന്ന് ജീവിച്ച കലാഹൃദയമുള്ള ഒരു വനിതയുടെ ജീവിതത്തിലെ ഉയര്‍ച്ചതാഴ്ച്ചകളുടെ കഥ പറയുകയാണ് 'ആയിഷ'.
കലാരംഗത്തായാലും ജീവിതത്തിലായാലും പ്രതിബദ്ധത പ്രധാനമാണ്. ഏറ്റെടുക്കുന്ന ഉത്തരവാദിത്തങ്ങള്‍ കേവലമൊരു ജോലിയായിക്കണ്ട് മുന്നോട്ടു പോകുന്നവരാണ് മഹാഭൂരിഭാഗവും. ഓരോ മനുഷ്യനും ഓരോ ജീവിത ധര്മ്മമുണ്ട്. ആ ധര്‍മ്മം നിര്‍വ്വഹിക്കുമ്പോഴാണ് ഒരാള്‍ ജീവിത വിജയിയാകുന്നത്. മലയാളക്കരയുടെ കീര്‍ത്തി അങ്ങകലെ മണലാരണ്യത്തില്‍ നട്ടുനനച്ച് വളര്‍ത്തിയ ധീരയായ ഒരു ഏറനാടന്‍ വീട്ടമ്മയുടെ പേരാണ് 'ആയിഷ'.
കേരളവും അറേബ്യയും തമ്മിലുള്ള പൊക്കിള്‍ക്കൊടി ബന്ധം സുവിദിതമാണ്. മാമലനാടിന്റെ സാമ്പത്തിക ഐശ്വര്യത്തിന്റെ അടിത്തറ പാകിയത് ഗള്‍ഫിലേക്കുള്ള മലയാളിയുടെ കുടിയേറ്റമാണ്. ഇന്ന് ഏതാണ്ട് 30 ലക്ഷത്തിലധികം ആളുകളാണ് മദ്ധ്യപൗരസ്ത്യ നാടുകളില്‍ മാത്രം ജോലി ചെയ്യുന്നത്. കേരളത്തെ പട്ടിണിയില്‍ നിന്ന് കരകയറ്റിയതും മോടിയുള്ള വീടുകളില്‍ പാര്‍ക്കാന്‍ പ്രാപ്തരാക്കിയതും മേത്തരം വസ്ത്രങ്ങള്‍ അണിയാന്‍ ശേഷിയുള്ളവരാക്കിയതും ഗള്‍ഫ് പണമാണ്. ചോര നീരാക്കി മരുഭൂമിയില്‍ പണിയെടുത്തതിന്റെ കൂലി ചെക്കായും ഡ്രാഫ്റ്റായും കേരം തിങ്ങിയ നാട്ടിലേക്ക് ഒഴുകി വന്നതോടെ മലയാളക്കര സാമൂഹ്യ-സാമ്പത്തിക പുരോഗതിയുടെ വിസ്മയം തീര്‍ത്തു.
കഷ്ടപ്പാട് തീര്‍ക്കാന്‍ തന്റെ ജീവന്റെ ജീവനായ കലാജീവിതം ഉപേക്ഷിച്ച് പെട്രോളിന്റെയും ഈന്തപ്പഴത്തിന്റെയും മണ്ണിലേക്ക് ചേക്കേറിയ മലയാളിയുടെ ജീവിതത്തിന്റെ നൊമ്പരവും ആഹ്ളാദവും നിറഞ്ഞ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയാണ് ആമിര്‍ പള്ളിക്കലും സക്കറിയയും 'ആയിഷ'യെ പ്രേക്ഷകരുടെ കാഴ്ചപ്പുറത്ത് എത്തിച്ചിരിക്കുന്നത്.
അഭിനേതാക്കളില്‍ പലരുടെയും മുഖം അപരിചിതമാണ്. മഞ്ജുവാര്യര്‍ 'ആയിഷ'യെ ജീവസ്സുറ്റതാക്കി. ലോകോത്തര ഇറാന് സിനിമകളെപ്പോലെ വിവിധ ഭാഷകളുടെ വിനിമയ സാദ്ധ്യതയുടെ വിളനിലമാക്കി 'ആയിഷ'യെ മാറ്റിയ എല്ലാവരും അഭിനന്ദനം അര്‍ഹിക്കുന്നു. ഭാഷകളുടെ വൈവിധ്യം കൊണ്ട് പുതുചരിതം തീര്‍ത്ത 'ആയിഷ'', അന്താരാഷ്ട്ര തലത്തിലും ശ്രദ്ധിക്കപ്പെടും.
പൊന്ന് വിളയുന്ന നാട്ടില്‍ പണിയെടുത്ത പല ഖദ്ദാമമാരുടെയും (വീട്ടു ജോലിക്കാര്‍) കഥ കേട്ടവരാണ് മലയാളികള്‍. അതില്‍ പലതും അതിശയോക്തി നിറഞ്ഞതും സിനിമക്കായി ചേരുവകള്‍ കലര്‍ത്തിയതുമായിരുന്നു. എന്നാല്‍ 'ഖദ്ദാമ'യുടെ പച്ചയായ ജീവിതം പറയുന്ന 'ആയിഷ', മേമ്പൊടികളുടെ അകമ്പടിയില്ലാത്ത കലാസൃഷ്ടിയാണ്. മലയാള നാടക വേദിയെ ഒരുകാലത്ത് പ്രകമ്പനം കൊള്ളിച്ച നിലമ്പൂര്‍ ആയിഷയെന്ന ആയിഷാത്തയുടെ വേദനകളും സന്തോഷവും ഒപ്പിയെടുത്ത കാണാന്‍ ചേലൊത്ത കലാസൃഷ്ടിയാണ് 'ആയിഷ'. അറബി, ഹിന്ദി, തമിഴ്, ഇംഗ്ലീഷ് സംഭാഷണങ്ങളുടെ എഴുതിക്കാണിക്കുന്ന മലയാളം സബ് ടൈറ്റില്‍ കുറച്ചുകൂടി വലുതാക്കി അല്പ സമയവും കൂടി നിര്‍ത്തിയിരുന്നെങ്കില്‍ അസ്വാദകര്‍ക്ക് കൂടുതല്‍ പ്രയോജനപ്പെട്ടേനെ.
''ആയിഷ'കാണണം. നമ്മുടെ കുട്ടികളെ കാണിക്കണം. അവരിലെ 'കനല്' ഊതിക്കത്തിക്കണം. ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെടുന്ന സ്ത്രീ വഴിയാധാരമാവില്ലെന്ന വലിയ സന്ദേശമാണ് 'ആയിഷ'. സ്വന്തം കാലില്‍ നില്ക്കാന് നമ്മുടെ പെണ്‍കുട്ടികളെ 'ആയിഷ''പ്രചോദിപ്പിക്കും. തീര്‍ച്ച.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications