35 അക്കൗണ്ടുകളുള്ള ഇഎന്‍ ചന്ദ്രിക ആരാണ്? കുഞ്ഞാലിക്കുട്ടി മാത്രമല്ല, വെട്ടിലാകുമോ സിപിഎം
മലപ്പുറം: സഹകരണ ബാങ്കുകളില്‍ നടക്കുന്ന കോടികളുടെ വെട്ടിപ്പുകള്‍ ഒന്നൊന്നായി പുറത്തുവരികയാണ്. തൃശൂരില്‍ മാത്രമല്ല, മലപ്പുറം എആര്‍ നഗര്‍ സഹകരണ ബാങ്കിലും വ്യാപകമായ തിരിമറി നടന്നുവെന്നാണ് കണ്ടെത്തല്‍. സംശയകരമായ ഇടപാടുകള്‍ നടന്നതിനാല്‍ നിരവധി അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ആദായ നികുതി വകുപ്പ് ഉത്തരവിട്ടിരുന്നു. ഇതില്‍ മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുടെ മകന്റെ പേരിലുള്ള അക്കൗണ്ടും ഉള്‍പ്പെടുമെന്ന് നേരത്തെ വാര്‍ത്ത വന്നിരുന്നു.
എന്നാല്‍ സംശയകരമായി കണ്ടെത്തിയ 47 അക്കൗണ്ടുകള്‍ സിപിഎം ജില്ലാ സെക്രട്ടറി ഇഎന്‍ മോഹന്‍ദാസിന്റെ അടുത്ത ബന്ധുക്കളുടേതാണ് എന്ന് ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടുതലറിയാന്‍ തുടര്‍ന്ന് വായിക്കാം....
പുതിയ ലുക്കില്‍ തിളങ്ങി അലക്‌സാന്‍ഡ്ര ജോണ്‍സണ്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്

35 അക്കൗണ്ടുകള്‍ ഇഎന്‍ ചന്ദ്രികയുടെ പേരിലാണ്. സിപിഎം ജില്ലാ സെക്രട്ടറി ഇഎന്‍ മോഹന്‍ദാസിന്റെ അമ്മയുടെ സഹോദരിയുടെ മകളാണ് ചന്ദ്രിക. ബാക്കി 12 അക്കൗണ്ടുകള്‍ ചന്ദ്രികയുടെ ഭര്‍ത്താവ് വികെ ഹരികുമാര്‍, മക്കളായ വികെ ഹേമ, വികെ രേശ്മ എന്നിവരുടെ പേരിലും.

മോനു സി, അമ്മുശ്രീ എന്നീ വ്യാജ പേരുകളില്‍ ഹരികുമാര്‍ രണ്ട് ബിനാമി അക്കൗണ്ടുകള്‍ തുടങ്ങിയിരുന്നുവത്രെ. 2005ലായിരുന്നു ഈ അക്കൗണ്ടുകള്‍ തുടങ്ങിയത്. ഇതില്‍ കോടികളാണ് എത്തിയത്. സംശകരമായ ഇടപാടുകള്‍ കണ്ടെത്തിയ അക്കൗണ്ടുകളില്‍ നടന്ന നിക്ഷേപത്തിന്റെ ഉറവിടം വ്യക്തമാക്കാന്‍ ചന്ദ്രികയ്‌ക്കോ ഹരികുമാറിനോ സാധിച്ചിട്ടില്ല.

ബാങ്കില്‍ ദീര്‍ഘകാലം അസിസ്റ്റന്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ച വ്യക്തിയാണ് ഇഎന്‍ ചന്ദ്രിക. മോനു സി, അമ്മുശ്രീ എന്നീ വ്യാജ പേരുകളില്‍ അക്കൗണ്ട് തുടങ്ങാനുള്ള അപേക്ഷകളില്‍ ഒപ്പുവച്ചത് ഹരികുമാര്‍ തന്നെയാണെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍. മൊത്തം 53 അക്കൗണ്ടുകള്‍ക്കെതിരെ നടപടി വേണമെന്നായിരുന്നു ആദായ നികുതി വകുപ്പിന്റെ ഉത്തരവ്.

സഹകരണ വകുപ്പ് നടത്തിയ ഓഡിറ്റിങില്‍ ക്രമക്കേട് ബോധ്യമായിരുന്നു. നടപടി വേണമെന്ന് ശുപാര്‍ശ ചെയ്യുകയുമുണ്ടായി. എന്നാല്‍ കാര്യമായ തുടര്‍നടപടികളുണ്ടായില്ല. പ്രതിസന്ധി ഘട്ടത്തില്‍ ഹരികുമാറിന് രക്ഷകരായി മുസ്ലിം ലീഗിന്റെ ഭരണ സമിതി എത്തുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തെറ്റ് ചെയ്തവര്‍ക്കെതിരെ നടപടി വേണമെന്നാണ് ഇഎന്‍ മോഹന്‍ദാസ് പ്രതികരിച്ചത്.

ഹരികുമാര്‍ വിരമിച്ച ശേഷം പുതിയ തസ്തികയുണ്ടാക്കി അതേ ബാങ്കില്‍ നിയമിക്കാന്‍ കടകംപള്ളി സുരേന്ദ്രന്‍ ഇടപെട്ടുവെന്ന വിവരവും വാര്‍ത്തയിലുണ്ട്. 2020ല്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എന്ന തസ്തികയുണ്ടാക്കിയാണ് വീണ്ടും നിയമിച്ചത്. ഒട്ടേറെ ആരോപണങ്ങള്‍ നേരിടുന്ന വേളയിലാണ് ഹരികുമാറിനെ നിയമിക്കാന്‍ അന്നത്തെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇടപെട്ടത്.

ഈ വര്‍ഷം മാര്‍ച്ചില്‍ എആര്‍ നഗര്‍ സഹകരണ ബാങ്കില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. 110 കോടി രൂപയുടെ അനധികൃത നിക്ഷേപം കണ്ടെത്തി. സംശയത്തിലുള്ള പണം കണ്ടുകെട്ടി. രേഖകള്‍ ഹാജരാക്കിയാല്‍ പണം മടക്കി നല്‍കുമെന്ന് അറിയിച്ചു. ചിലര്‍ രേഖയുമായി എത്തിയതിനെ തുടര്‍ന്ന് ഏഴ് കോടിയോളം രൂപ മടക്കി നല്‍കി.

ആദായ നികുതി വകുപ്പ് കൈമാറിയ പട്ടികയിലെ ഒരു പേര് കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ഹാഷിഖ് പാണ്ടിക്കടവത്തിന്റെത് ആണ് എന്ന് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ അക്കൗണ്ടില്‍ സ്ഥിര നിക്ഷേപവും പലിശയും ഉള്‍പ്പെടെ അഞ്ച് കോടി രൂപയോളം വരുമത്രെ. എസ്ബിഐ അക്കൗണ്ടിലുണ്ടായിരുന്ന പണം മാറ്റി നിക്ഷേപിച്ചതാണെന്നും രേഖകള്‍ ഹാജരാക്കിയട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു.
റഷ്യയിൽ വെക്കേഷന ആഘോഷിച്ച് പ്രിയ മോഹൻ; വൈറലായി ചിത്രങ്ങൾ












Click it and Unblock the Notifications