മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രായപൂർത്തിയാകുന്നതിന് മുന്നേ വിവാഹം... ഗർഭിണി... അച്ഛനും അമ്മയ്ക്കുമെതിരെ പോക്സോ കേസ്!

  • By Desk
Google Oneindia Malayalam News

മലപ്പുറം: പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പു തന്നെ വിവാഹം കഴിപ്പിച്ചുവെന്നും ഗര്‍ഭിണിയാക്കിയെന്നും പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പ്രതികളായ മാതാവിനും ഭര്‍ത്താവിനും മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. അപൂര്‍വമായാണ് പോക്‌സോ കേസുകളില്‍ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നത്.

ഒന്നാം പ്രതി ഭര്‍ത്താവ് പൊന്നാനി മൂക്കുതല കാഞ്ഞിയൂര്‍ പുറത്താട്ട്ചാലു പറമ്പില്‍ ഷഫീഖ്(32), പെണ്‍കുട്ടിയുടെ മാതാവ് മലപ്പുറം കോക്കൂര്‍ കുമ്പിള വളപ്പില്‍ സുലൈഖ(40) എന്നിവര്‍ക്കാണ് ജഡ്ജി കെ.പി.സുധീര്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. പതിനാറര വയസ്സുള്ള പെണ്‍കുട്ടിയെ 2014 സെപ്തംബര്‍ 15നാണ് വിവാഹം കഴിച്ചത്.

Meeting

പെണ്‍കുട്ടിയുടെ ഇഷ്ട വിപരീതമായി വിവാഹം കഴിക്കുകയും നിര്‍ബ്ബന്ധിച്ച് ശാരീരിക ബന്ധത്തിന് വിധേയമാക്കി ഗര്‍ഭിണിയാക്കുകയും ചെയ്തുവെന്നാണ് പരാതി. പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പു തന്നെ പെണ്‍കുട്ടി പ്രസവിക്കുകയും ചെയ്തിരുന്നു. പരാതിയില്‍ പോക്‌സോ വകുപ്പനുസരിച്ചും ശൈശവ വിവാഹ നിരോധന നിയമ പ്രകാരവും ചങ്ങരം കുളം പൊലീസും ഇരുവര്‍ക്കുമെതിരെ 2018 ഏപ്രില്‍ 28ന് കേസ് രജിസ്റ്റര്‍ ചെയ്തു.

എന്നാല്‍ പെണ്‍കുട്ടി മറ്റൊരു പുരുഷനൊടൊപ്പം ഒളിച്ചോടിയെന്ന് ഷഫീഖും സുലൈഖയും ഒരു മാസം മുമ്പു തന്നെ പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. ഭാര്യ 18 വയസ്സിനു താഴെ പ്രായമുള്ളവളെങ്കില്‍ ശാരീരിക ബന്ധം ബലാല്‍സംഗമായി പരിഗണിക്കാമെന്ന സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയായിരുന്നു പെണ്‍കുട്ടിയുടെ ഹരജി. എന്നാല്‍ 2017ലാണ് സുപ്രീം കോടതിയുടെ ഈ വിധി വന്നതെന്ന് ചൂണ്ടിക്കാട്ടിയ പ്രതിഭാഗം അഭിഭാഷകന്‍ 2014ല്‍ നടന്ന വിവാഹത്തിന് ഈ വിധി ബാധകമല്ലെന്ന് വാദിക്കുകയായിരുന്നു. ഈ വാദം അംഗീകരിച്ചാണ് കോടതി പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

അതേസമയം ശൈശവ വിവാഹം തടയുന്നതില്‍ ജനപ്രതിനിധികള്‍ക്കും അധ്യാപകര്‍ക്കും പ്രധാന പങ്ക് വഹിക്കാനാവുമെന്ന് മലപ്പുറം ജില്ലാ കലക്ടര്‍ അമിത് മീണ പറഞ്ഞു. ജില്ലയില്‍ ശൈശവ വിവാഹങ്ങള്‍ ഇപ്പോഴും നടക്കുന്നത് ജില്ലാ വികസന സമിതിയില്‍ ചര്‍ച്ച ചെയ്യും. തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളുടെയും നഗരസഭകളുടെയും ആഭിമുഖ്യത്തില്‍ വിവിധ മത മേലാധികാരികളെയും പങ്കെടുപ്പിച്ച് ശൈശവ വിവാഹത്തിനെതിരെ ബോധവത്കരണം സംഘടിപ്പിക്കുമെന്നും കളക്ടര്‍ പറഞ്ഞു. കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന ശൈശവ വിവാഹ നിരോധന ഓഫിസര്‍മാരുടെ അവലോകന യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശൈശവ വിവാഹം ജില്ലയില്‍ എല്ലാ മതവിഭാഗങ്ങളിലും നടക്കുന്നതായി ചടങ്ങില്‍ സംസാരിച്ച ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഗീതാഞ്ജലി പറഞ്ഞു. പ്ലസ്ടുവിന് ശേഷം മാത്രമേ കല്യാണം കഴിക്കൂ എന്ന് എല്ലാ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുടെ രക്ഷിതാക്കളില്‍ നിന്നും ഒപ്പിട്ട് വാങ്ങുന്നതടക്കമുള്ള കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. വിവാഹം നടന്നതായി കണ്ടെത്തിയാലും തെളിവ് സംഘടിപ്പിക്കുന്നത് പലപ്പോഴും പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. വിവാഹം തടയുന്നതിന്റെ പേരില്‍ പലപ്പോഴും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍മാര്‍ക്ക് ഭീഷണികളും വരാറുണ്ട്. പലയിടത്തും പൊലീസിന്റെ നിസ്സഹകരണം പ്രയാസങ്ങള്‍ സൃഷ്ടിക്കാറുണ്ടെന്നും യോഗത്തില്‍ പരാതി ഉയര്‍ന്നു.

ശൈശവ വിവാഹത്തിനെതിരെ ബോധവത്കരണം നടത്തുന്നതിനായി ജില്ലാ ലീഗല്‍ സര്‍വ്വീസസ് സൊസൈറ്റി, സന്നദ്ധ സംഘടനകള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ സഹകരണത്തോടെ ജില്ലയിലെ പ്രധാന സ്ഥലങ്ങളില്‍ തെരുവു നാടകം, ഫ്‌ളാഷ് മോബ് തുടങ്ങിയവ സംഘടിപ്പിക്കും. സ്‌കൂളുകളില്‍ പി.ടി.എ യുടെ സഹകരണത്തോടെ ബോധവത്കരണം നടത്താനും തീരുമാനമായി. യോഗത്തില്‍ ജില്ലാ ലീഗല്‍ സര്‍വ്വീസസ് സൊസൈറ്റി സെക്രട്ടറി ആര്‍. മിനി, ജില്ലാ സാമൂഹിക നീതി ഓഫീസര്‍ കെ. കൃഷ്ണമൂര്‍ത്തി, മറ്റു വകുപ്പു തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.

Malappuram
English summary
Malappuram Local News about child marriage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X