തോരാമഴയും ചുഴലിക്കാറ്റും, റെയില്‍വേ ട്രാക്കില്‍ മരങ്ങള്‍ കടപുഴകി വീണു, സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു
മലപ്പുറം: ദിവസവും തുടരുന്ന കനത്ത മഴയോടൊപ്പം തിങ്കളാഴ്ച വൈകുന്നേരവും രാത്രിയും ആഞ്ഞുവീശിയ ചുഴലിക്കാറ്റില്‍ കരുവാരക്കുണ്ട് ,തുവ്വൂര്‍ ,പാണ്ടിക്കാട് ചെമ്പ്രശേരി തുടങ്ങിയ ഭാഗങ്ങളില്‍ കനത്ത നാശം. ഉരുള്‍പൊട്ടലിന്റെ ആശങ്ക വിട്ടൊഴിയും മുമ്പേ അനുഭവ'പ്പെട്ട ചുഴലികാറ്റ് ജനങ്ങളെ ഭീതിയിലാക്കിരിക്കുകയാണ്.
വീണ്ടും മഴകനത്തു. കൊരങ്ങാട്ടിയില്‍ ചെക്ക്ഡാം തകര്‍ന്നു വിവിധ ഇടങ്ങളില്‍ മണ്ണിടിച്ചില്‍
ചുഴലിക്കാറ്റില്‍ വീടുള്‍ക്കു മുകളില്‍ മരങ്ങര്‍ കടപുഴകി വീണ് നിരവധി വീടുകള്‍ തകര്‍ന്നു. വൈദ്യുതി വിതരണം താറുമാറായി. വൈദ്യുതി പോസ്റ്റുകളും ലൈനുകളും നാശം വന്നു. മേഖലയില്‍ കനത്ത കൃഷി നാശവും സംഭവിച്ചിട്ടുണ്ട്.
നിലമ്പൂര്‍ - ഷൊര്‍ണൂര്‍ റെയില്‍വേ ട്രാക്കില്‍ കാറ്റില്‍ മരം വീണ് ട്രെയിന്‍ പിടിച്ചിട്ട നിലയില്‍
റെയില്‍വേ ട്രാക്കില്‍ മരങ്ങള്‍ കടപുഴകി വീണതിനെ തുടര്‍ന്ന് നിലമ്പൂര്‍ - എറണാകുളം ട്രെയിന്‍ ഒരു മണിക്കൂര്‍ വൈകി.കരുവാരകുണ്ടില്‍ മൂന്ന് വീടുകളും തുവ്വൂരില്‍ നാല് വീടും പാണ്ടിക്കാട് ചെമ്പ്ര ശേരിയില്‍ പതിനൊന്ന് വീടുകളും തകര്‍ന്നു. നിരവധി വീടുകള്‍ ഭാഗികമായും തകര്‍ന്ന നിലയിലാണ്.കരുവാരകുണ്ട് ഇരിങ്ങാട്ടിരി വീട്ടികുന്നിലാണ് ചുഴലിക്കാറ്റ് ആഞ്ഞ് വീശിയത്. ഇരിങ്ങാട്ടിരി കളം കുന്നില്‍ പൊതുവച്ചോല ബഷീര്‍, അരീക്കന്‍ ചോല അസ്മാബി, പനംഞ്ചോല ചീരക്കാല്‍ സലീന എന്നിവരുടെ വീടുകളാണ് കാറ്റില്‍ മരങ്ങള്‍ വീണ് തകര്‍ന്നത് .
താനൂര്‍ ചിറക്കല്‍ കെ.പി.എന്‍.എം. യുപി സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു. ഇന്നലെ രാവിലെ സ്‌കൂളിലെത്തിയ അധ്യാപകരാണ് മേല്‍ക്കൂര തകര്‍ന്നത് ആദ്യം കണ്ടത്. കഴിഞ്ഞ ദിവസത്തെ മഴയിലാണ് മേല്‍ക്കൂരയിലെ ഭീമന്‍ മരത്തിന്റെ ഭീം തകര്‍ന്നതെന്ന് കരുതുന്നു. സ്‌കൂള്‍ അവധി ദിനമായതിനാല്‍ വന്‍ദുരന്തമാണ് ഒഴിവായത്. ഓഫീസിലെ കമ്പ്യൂട്ടര്‍, പ്രിന്റര്‍ തുടങ്ങിയവ തകര്‍ന്നു. 60 വര്‍ഷം പഴക്കമുള്ള ഓടുമേഞ്ഞ കെട്ടിടമാണിത്. ഇതുപോലെ മരത്തിന്റെ 20 ഭീമുകള്‍ ഈ കെട്ടിടത്തിലുണ്ട്. അറുപത് വര്‍ഷത്തിനിടെ ഒരു നവീകരണവും സ്‌കൂളില്‍ നടന്നിട്ടില്ല.
മാനേജ്‌മെന്റ് തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ കോടതിയില്‍ ഇപ്പോഴും കേസ് നടക്കുന്നുണ്ട്. സര്‍ക്കാര്‍ ഏറ്റെടുത്തെങ്കിലും അധ്യാപക നിയമനം മാത്രമാണ് സര്‍ക്കാര്‍ നടത്തുന്നത്. സ്‌കൂളിന്റെ ഭൗതിക സൗകര്യം മെച്ചപ്പെടുത്താനോ കെട്ടിടം നിര്‍മിക്കാനോ സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നില്ല. പി.ടി.എ ചെയ്യുന്ന പ്രവര്‍ത്തികള്‍ മാത്രമാണ് സ്‌കൂളില്‍ നടക്കുന്നത്. 5, 6, 7 ക്ലാസുകളുള്ള സ്‌കൂളില്‍ പ്രധാനധ്യാപകന്‍ മാത്രമാണ് സ്ഥിരാധ്യാപകനായുള്ളത്. ബാക്കി 11 പേരും താത്ക്കാലിക നിയമനക്കാരാണ്.
മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ് സി.കെ.സുബൈദ , വൈസ് ചെയര്‍മാന്‍ സി.മുഹമ്മദ് അഷ്‌റഫ്, സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.സലാം, നസ്ലബഷീര്‍ , കൗണ്‍സിലര്‍മാരായ എം.പി.അഷ്‌റഫ് , ടി.അറമുഖന്‍, പി.ഷാഫി, ടി.വി.കുഞ്ഞുട്ടി, കൗസല്യ, കെ.ബാബ എന്നിവര്‍ സ്‌കൂള്‍ സന്ദര്‍ശിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028