മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രവാസികള്‍ക്ക് തിരിച്ചടി: മലപ്പുറം-നെടുമ്പാശ്ശേരി എസി ലോ ഫ്‌ളോര്‍ സര്‍വീസുകള്‍ നിര്‍ത്തുന്നു

  • By Desk
Google Oneindia Malayalam News

മലപ്പുറം: മലപ്പുറത്തെ പ്രവാസികള്‍ക്ക് ഏറെ ആശ്വാസകരമായ മലപ്പുറം-നെടുമ്പാശ്ശേരി എ.സി ലോ ഫ്‌ളോര്‍ സര്‍വീസുകള്‍ നിര്‍ത്തലാക്കാന്‍ നീക്കം. കെ.എസ്.ആര്‍.ടി.സിയുടെ പുതിയ സംരംഭമായ ചില്‍ സര്‍വീസിന് വേണ്ടിയാണ് ലോ ഫ്‌ളോര്‍ ബസ്സുകള്‍ കൊണ്ടുപോവുന്നതതെന്നാണ് അധികൃതരുടെ വിശദീകരണം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള ജില്ലക്ക് ഇത് തിരിച്ചടിയാവും. മൂന്ന് വര്‍ഷമായി ദിവസേന നൂറുകണക്കിന് പ്രവാസികളാണ് മലപ്പുറത്ത് നിന്ന് പുറപ്പെടുന്ന എ.സി ബസ്സുകളില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോവുന്നതും തിരിച്ച് വന്നിറങ്ങതും.

ചില്‍ സര്‍വീസിന് വേണ്ടി ഇവ കോഴിക്കോട്ടേക്ക് മാറ്റുന്നതോടെ പ്രവാസികള്‍ മറ്റു വഴികള്‍ തേടേണ്ടി വരും. ഹജ്ജ് ക്യാംപും നെടുമ്പാശ്ശേരിയിലായതിനാല്‍ തീര്‍ത്ഥാടകര്‍ക്ക് അനുഗ്രഹമായിരുന്നു ലോ ഫ്‌ളോര്‍ സര്‍വീസ്. ജില്ലയുടെ ആസ്ഥാന ഡിപ്പോയില്‍ നിന്ന് ദിവസവും നെടുമ്പാശ്ശേരിയിലേക്ക് എട്ട് ട്രിപ്പുകളുണ്ട്. ആറ് എ.സി ബസ്സുകളാണ് ഇതിന് ഉപയോഗിക്കുന്നത്. 2018 ജൂണില്‍ ആരംഭിച്ച സര്‍വീസ് വന്‍ ലാഭത്തിലായതോടെ എണ്ണം കൂട്ടുകയായിരുന്നു. പാലക്കാട്-കോഴിക്കോട് റൂട്ടിലോടിയിരുന്ന രണ്ട് ബസ്സുകളും ഏറ്റവും ഒടുവില്‍ നെടുമ്പാശ്ശേരി സര്‍വീസാക്കി. ശരാശരി 25,000 രൂപ വീതമാണ് വരുമാനം. മലപ്പുറം ഡിപ്പോയില്‍ ലാഭത്തില്‍ തുടരുന്ന ഏക സര്‍വീസും ഇത് തന്നെ. ടാക്‌സി വാടകയുടെ അഞ്ച് ശതമാനം മാത്രമാണ് ബസ് നിരക്ക്. റിസര്‍വേഷന്‍ സൗകര്യവുമുണ്ട്.

lowfloorbus

തിരുവനന്തപുരം-കാസര്‍കോഡ് ചില്‍ സര്‍വീസ് പദ്ധതിയുടെ ഭാഗമായി ഇവിടുത്തെ മുഴുവന്‍ എ.സി ബസ്സുകളും കോഴിക്കോട് നിന്ന് ഓപറേറ്റ് ചെയ്യണമെന്നാണ് നിര്‍ദേശം. കരിപ്പൂര്‍ വിമാനത്താവളം അവതാളത്തിലായതോടെ പ്രവാസികള്‍ ആശ്രയിക്കുന്നത് നെടുമ്പാശ്ശേരിയെയാണ്. രണ്ട് ബസ്സുകള്‍ കോഴിക്കോട് നിന്ന് മലപ്പുറം വഴി നെടുമ്പാശ്ശേരിയിലേക്ക് അയക്കാനാണ് പുതിയ നീക്കം. ബാക്കിയുള്ളവ ചില്‍ സര്‍വീസിന് ഉപയോഗിക്കും. പ്രവാസി യാത്രക്കാരുടെ ആധിക്യം കണക്കിലെടുത്ത് സൂപ്പര്‍ ഫാസ്റ്റ് ബസ്സുകള്‍ നെടുമ്പാശ്ശേരിയിലേക്ക് അയക്കാനും ആലോചനയുണ്ട്. എന്നാല്‍ ഇതില്‍ ലഗേജുകള്‍ കൊണ്ടുപോവുക ബുദ്ധിമുട്ടായതിനാല്‍ പ്രവാസി യാത്രക്കാര്‍ കൈയൊഴിയാനാണ് സാധ്യത.

ഒന്നോ രണ്ടോ സൂപ്പര്‍ ഫാസ്റ്റ് ബസ്സുകള്‍ ഉപയോഗിച്ചാലും നിലവിലെ എട്ട് വിമാനത്താവള സര്‍വീസുകള്‍ പകുതിയായി കുറയുമെന്ന് ഉറപ്പായിട്ടുണ്ട്. പ്രവാസികളെ ബന്ധുക്കളും സുഹൃത്തുക്കളും മലപ്പുറം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ വന്നാണ് ഇപ്പോള്‍ യാത്രയയക്കുന്നതും സ്വീകരിക്കുന്നതും. കഴിഞ്ഞ രണ്ട് വര്‍ഷം ഹജ്ജ് ക്യാംപിലേക്ക് സ്‌പെഷല്‍ ലോ ഫ്‌ളോര്‍ സര്‍വീസുണ്ടായിരുന്നു. ഇവക്ക് പുറമെ സാധാരണ നെടുമ്പാശ്ശേരി സര്‍വീസുകളും തീര്‍ത്ഥാടകര്‍ ഉപയോഗിച്ചിരുന്നു.

എന്നാല്‍ ഈനീക്കത്തിനെതിരെ വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. രാ്ഷ്ട്രീയ പ്രസ്താനങ്ങള്‍ ശക്തമായ സമര പരിപാടികള്‍ക്കൊരുങ്ങുകയാണ്.


തീരുമാനം പിന്‍വലിക്കണം; പി കെ കുഞ്ഞാലിക്കുട്ടി

നെടുമ്പാശ്ശേരി ലോ ഫ്ലോര്‍ എസി സര്‍വീസുകള്‍ നിറുത്തലാക്കാനുള്ള തീരുമാനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഗതാഗത മന്ത്രിക്കും, ഹജ് വകുപ്പ് മന്ത്രിക്കും പി കെ കുഞ്ഞാലിക്കുട്ടി എം പി കത്തയച്ചു. തീരുമാനം ജില്ലയില്‍ നിന്നുള്ള പ്രവാസികളുടെ യാത്രയെ ഗുരുതരമായി ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഹജ് തീര്‍ഥാടനം നടത്തുന്നവര്‍ക്ക് നെടുമ്പാശേരിയിലെ ഹജ് ക്യാംപിലേക്കും, വിമാനത്താവളത്തിലേക്കുമുള്ള യാത്രയേയും തീരുമാനം ദോഷകരമായി ബാധിക്കും.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുമുള്ള വലിയ വിമാനങ്ങളുടെ സര്‍വീസ് നിറുത്തലാക്കിയപ്പോള്‍ മുതല്‍ പ്രവാസികള്‍ നെടുമ്പാശേരിയിലേക്ക് പോകുവാന്‍ ആശ്രയിക്കുന്നത് ഈ സര്‍വീസുകളെയാണ്. ദിനംപ്രതി ഈ റൂട്ടിലെ തിരക്ക് വര്‍ധിച്ചത് മൂലമാണ് സര്‍വീസുകളുടെ എണ്ണവും കൂടിയത്.

പുതിയ ഹജ് സീസണ് തുടക്കമാകാന്‍ പോകുന്ന ഈ അവസരത്തില്‍ ഈ സര്‍വീസുകള്‍ നിറുത്തലാക്കുന്നത് തീര്‍ഥാടകര്‍ക്ക് ഏറെ പ്രയാസകരമാകും. ഇതിനു പകരം മറ്റ് ബസ് സര്‍വീസുകള്‍ ആരംഭിക്കുന്നത് ഉപയോഗപ്രദമാകുകയുമില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പ്രസ്തുത സാഹചര്യത്തില്‍ നിലവിലെ സര്‍വ്വീസുകള്‍ ധൃതിപിടിച്ച് നിര്‍ത്തലാക്കുന്നത് ഹജ് തീര്‍ത്ഥാടകരെയും പ്രവാസികളെയും ഏറെ ദുരിതത്തിലാക്കും. ഇക്കാര്യം ചൂണ്ടികാട്ടി ഗതാഗത മന്ത്രിക്കും, ഹജ് വകുപ്പ് മന്ത്രിക്കും, കെ എസ് ആര്‍ ടി സി എം ഡിക്കും കത്തെഴുതിയിട്ടുണ്ട്. ഉചിതമായ നടപടി കൈക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു.



മലപ്പുറം ജില്ലയോടുള്ള കടുത്ത അവഗണന ആസൂത്രിതം: യൂത്ത് ലീഗ്

സംസ്ഥാനം ഭരിക്കുന്ന ഇടതു ഗവണ്‍മെന്റ് മലപ്പുറം ഡിപ്പോയില്‍ നിന്ന് ഏറെ പേര്‍ ആശ്രയിക്കുന്ന നെടുമ്പാശേരി ലോ ഫ്ളോര്‍ സര്‍വീസ് നിര്‍ത്തലാക്കാനുള്ള നീക്കം മലപ്പുറം ജില്ലയോട് കാണിക്കുന്ന അവഗണനയുടെ മറ്റൊരു പതിപ്പാണെന്നും ആസൂത്രിത നീക്കം ഇതിന് പിന്നില്‍ ഉണ്ടെന്നും സംസ്ഥാന യൂത്ത് ലീഗ് സെക്രട്ടറി മുജീബ് കാടേരി പറഞ്ഞു.

മലപ്പുറത്ത് മണ്ഡലം യൂത്ത് ലീഗ് സംഘടിപ്പിച്ച നെടുമ്പാശേരി സര്‍വീസ് നിര്‍ത്തലാക്കിയതിനെതിരെയുള്ള പ്രതിഷേധ ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലപ്പുറം മണ്ഡലം യൂത്ത്ലീഗ് പ്രസിഡന്റ് കെ.എന്‍ ഷാനവാസ് അധ്യക്ഷത വഹിച്ചു.ജില്ലാ ആസ്ഥാനത്തെ കാന്‍സര്‍ സെന്റര്‍ നിര്‍ത്തലാക്കിയതും,യു.ഡി.എഫ് ഗവണ്‍മെന്റ് കൊണ്ടുവന്ന വനിതാ കോളജില്‍ സൗകര്യങ്ങള്‍ അനുവദിക്കാതിരിക്കുകയും,ഇഫ്ളു കാമ്പസ് നഷ്ടപ്പെടുത്തിയും ഇടതുപക്ഷം ജില്ലയോട് ചിറ്റമ്മ നയം പുലര്‍ത്തുകയാണെന്നും പറഞ്ഞു.മണ്ഡലം മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി വി മുസ്തഫ, യൂത്ത്ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി അഷ്റഫ് പാറച്ചോടന്‍, ട്രഷറര്‍ എന്‍.പി അക്ബര്‍, ഭാരവാഹികളായ കെ.പി സവാദ് മാസറ്റര്‍, ഹുസൈന്‍ ഉള്ളാട്, ഷാഫി കാടേങ്ങല്‍, ഹക്കീം കോല്‍മണ്ണ, റയാസ് പുല്‍പറ്റ, പി.കെ ബാവ, അറഫ നാണി, സി.എച്ച് യൂസഫ്, ഫാരിസ് പൂക്കോട്ടൂര്‍, സജീര്‍ കളപ്പാടന്‍, ടി മുജീബ് , പി നൗഷാദ് , മന്‍സൂര്‍ പൂക്കോട്ടൂര്‍, യൂനുസ്, സഹല്‍ ആനക്കയം പങ്കെടുത്തു.


ലോ ഫ്‌ലോര്‍ ബസ് പിന്‍വലിക്കല്‍ ചെറുത്തു തോല്‍പ്പിക്കും:യൂത്ത് കോണ്‍ഗ്രസ്

കേരളത്തിലെ തന്നെ ഏറ്റവും ലാഭകരമായ മലപ്പുറം - നെടുമ്പാശ്ശേരി എ സി ലോ ഫ്‌ലോര്‍ ബസ സര്‍വ്വീസ് നിര്‍ത്താലാക്കുന്നതിനെതിരെ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് അറിയിച്ചു. വ്യോമ ,റയില്‍മേഖലയില്‍ ഏറെ പ്രയാസം നേരിടുന്ന ജില്ലക്ക് കടുത്ത ആഘാതം ഈ തീരുമാനം സൃശ്ടിക്കും, ജില്ലയിലെ പ്രവാസികള്‍ ഏറെ ആശ്രയിക്കുന്ന യാത്രാമാര്‍ഗ്ഗമാണിത്, ഹജ്ജ് കാലത്ത് ഇത്തരമൊരു തീരുമാനം സ്വകാര്യ ലോബിയെ സഹായിക്കാനാണെന്നും യൂത്ത് കോണ്‍ഗ്രസ് സംശയിക്കുന്നു. ഈ സര്‍വ്വീസ് നിലനിര്‍ത്തുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വകുപ്പ് മന്ത്രിയെ കണ്ട് ആവശ്യപ്പെടുമെന്നും യൂത്ത്‌കോണ്‍ഗ്രസ് നേതാവ് റിയാസ് മുക്കോളി പറഞ്ഞു.

Malappuram
English summary
Malappuram Local News low floor bus service.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X