മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഴ പെയ്താല്‍ മഞ്ചേരി വെള്ളത്തില്‍; നാട്ടുകാര്‍ ആശങ്കയില്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: കനത്തൊരു മഴ പെയ്താല്‍ മഞ്ചേരിയും പരിസര പ്രദേശങ്ങളും വെള്ളത്തിലാകുന്ന അവസ്ഥയാണ്. കാലവര്‍ഷം കനത്തതോടെ ആശങ്കാകുലരാണ് മഞ്ചേരി നിവാസികള്‍. മഴയടഞ്ഞ് പെയ്താല്‍ നഗരത്തിന്റെ പലഭാഗങ്ങളും വെള്ളത്തിനടിയിലാണ്. കാല്‍നട മാത്രമല്ല വാഹന ഗതാഗതവും ഇതോടെ ദുഷ്‌ക്കരമാകും. വ്യാപാരികള്‍ കടയടച്ച് വീട്ടില്‍പോകേണ്ടി വരുന്നു. കടയില്‍ വില്‍പ്പനക്കു വെച്ച ചരക്കുകള്‍ വെള്ളം കെട്ടി നിന്ന് നശിക്കുന്നതും വിരളമല്ല.

മഞ്ചേരി നെല്ലിപ്പറമ്പ്, ജസീല ജങ്ഷന്‍, തുറക്കല്‍ എന്നീ സ്ഥലങ്ങള്‍ വെള്ളത്തിനടിയിലാവാന്‍ ഏറെ നേരം മഴ പെയ്യണമെന്നില്ല. സമഗ്ര അഴുക്കുചാല്‍ പദ്ധതിയുടെ അഭാവമാണ് വെള്ളക്കെട്ടിന് മുഖ്യ കാരണം. അഴുക്കു ചാലുകളില്‍ അടിഞ്ഞു കൂടിയ മാലിന്യങ്ങള്‍ യഥാസമയം നീക്കം ചെയ്യാത്തത് വെള്ളപ്പൊക്കത്തിന് കാരണമാകുന്നു.

manjeri

മഞ്ചേരി തുറക്കല്‍ ജങ്ഷനില്‍ ഇക്കഴിഞ്ഞ ദിവസമുണ്ടായ വെള്ളപ്പൊക്കം.

വയലുകള്‍ വ്യാപകമായി മണ്ണിട്ടു നികത്തുന്നതാണ് വെള്ളപ്പൊക്കത്തിന്റെ മറ്റൊരു കാരണം. മഞ്ചേരി നഗരത്തിനു ചുറ്റും പൊതുമരാമത്ത് വകുപ്പ് നിര്‍മ്മിച്ച ബൈപ്പാസ് റോഡുകളിലാണ് വെള്ളപ്പൊക്കം കൂടുതലായി അനുഭവപ്പെടുന്നത്. സി എച്ച് ബൈപ്പാസ് റോഡ്, രാജീവ് ഗാന്ധി ബൈപ്പാസ് റോഡ്, തുറക്കല്‍-കച്ചേരിപ്പടി ബൈപ്പാസ് റോഡ് എന്നിവ പൂര്‍ണ്ണമായും കച്ചേരിപ്പടി-ചെങ്ങണ ബൈപ്പാസ് റോഡ് ഭാഗികമായും വയല്‍ നികത്തിയാണ് നിര്‍മ്മിച്ചിട്ടുള്ളത്. ബൈപ്പാസ് വന്നതോടെ റോഡിനിരുവശവും ഭൂമാഫിയകള്‍ സ്ഥലം വാങ്ങിക്കൂട്ടുകയും വയല്‍ നികത്തി കൂറ്റന്‍ കെട്ടിടങ്ങള്‍ പണിയുകയും ചെയ്തു. എന്നാല്‍ മഴവെള്ളം ഒഴുകി പോകുന്നതിനായി ഒരിടത്തും സംവിധാനമൊരുക്കിയില്ല.

മഞ്ചേരി രാജീവ് ഗാന്ധി ബൈപ്പാസിലെ തിയ്യറ്ററിന് സമീപമുള്ള അര ഏക്കറോളം വരുന്ന വയലില്‍ കാലങ്ങളായി മലിന ജലം കെട്ടിക്കിടക്കുകയാണ്. കൊതുകും കൂത്താടികളും നിറഞ്ഞ ഈ മലിന ജലത്തില്‍ രാത്രിയുടെ മറവില്‍ കോഴിമാലിന്യം തള്ളുന്നതും പതിവാണ്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഈ സ്ഥലം പ്രദേശവാസികള്‍ക്കുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ചില്ലറയല്ല. സംഭവം പൊതുപ്രവര്‍ത്തകര്‍ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നെങ്കിലും നാളിതുവരെ നടപടിയൊന്നുമുണ്ടായിട്ടില്ല.

കേരള നെല്‍ വയല്‍ തണ്ണീര്‍തട സംരക്ഷണ നിയമത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഈയിടെ വരുത്തിയ നിയമ ഭേദഗതി റിയല്‍ എസേ്റ്ററ്റ്, ക്വാറി മാഫിയയെ സഹായിക്കുന്നതിനാണെന്ന് ആരോപണമുണ്ട്. ഈ ഭേഗദതി വന്നതോടെ നെല്‍വയല്‍ നികത്തുന്നതിന് വില്ലേജ് ഓഫീസര്‍മാര്‍ക്ക് അനുമതി നല്‍കുന്ന തരത്തില്‍ ലളിതവല്‍കൃതമായിരിക്കുന്നു. 1970ല്‍ സംസ്ഥാനത്ത് എട്ടുലക്ഷം ഏക്കര്‍ നെല്‍പ്പാടങ്ങളുണ്ടായിരുന്നത് നിലവില്‍ രണ്ടു ലക്ഷമായി കുറഞ്ഞിരിക്കുന്നു.

ഭക്ഷ്യ സുരക്ഷ, കുടിവെള്ള ലഭ്യത, വരള്‍ച്ച നിയന്ത്രണം, വെള്ളപ്പൊക്ക സാധ്യത ഇല്ലാതാക്കല്‍, ഭൂഗര്‍ഭ ജല റീച്ചാര്‍ജ്ജിംഗ്, കാലിത്തീറ്റ ഉല്‍പ്പാദനം, പ്രാദേശിക കാലാവസ്ഥ നിയന്ത്രണം തുടങ്ങിയവക്ക് വയലുകളുടെ നിലനില്‍പ് അത്യന്താപേക്ഷിതമാണ്. ഇക്കാര്യങ്ങള്‍ അവഗണിച്ച് വ്യാപകമായി വയല്‍ നികത്തുന്നതാണ് മഞ്ചേരിയുടെ ദുരവസ്ഥക്ക് കാരണം.

ഉയര്‍ന്ന പ്രദേശങ്ങളില്‍ നിന്ന് കുത്തിയൊലിച്ചു വരുന്ന വെള്ളം വയലില്‍ നിറയുന്നതാണ് വലിയട്ടിപ്പറമ്പ്, അയനിക്കുത്ത് കോളനി നിവാസികളുടെ പ്രശ്‌നം. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികള്‍, ലാബുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, തൊഴില്‍ ശാലകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ നിന്നും പുറംതള്ളുന്ന മാലിന്യങ്ങള്‍ മഴവെള്ളത്തില്‍ കുത്തിയൊലിച്ചെത്തി വയലില്‍ പരന്നൊഴുകുകയും മഴ പെയ്യുന്നതോടെ ഈ മാലിന്യം കോളനിയിലെ വീടുകളില്‍ കയറുകയും ചെയ്യുന്നു. ഇത് രൂക്ഷമായ ജലജന്യ രോഗങ്ങളുടെ വ്യാപനത്തിനും മരണത്തിനും ഇടയാക്കിയിട്ടുണ്ട്. പ്രദേശവാസികളുടെ കിണറുകള്‍ മലിനജലം കയറി ഉപയോഗശൂന്യമാകുന്ന അവസ്ഥയുമുണ്ട്.

Malappuram
English summary
malappuram local news about manjeri rain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X