വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി അശ്ലീല വീഡിയോ പങ്കുവെച്ചു: വനിതാ മെമ്പർമാരുടെ പരാതിയിൽ പ്രതി കുടുങ്ങി
മലപ്പുറം: വനിതാ പഞ്ചായത്ത് അംഗങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി അശ്ലീല വീഡിയോ പ്രദർശിപ്പിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. താനൂർ നിറമരുതൂർ സ്വദേശിയായ റിജാസിനെയാണ് പൂക്കോട്ടുംപാടം പോലീസ് പിടികൂടിയത്. മലപ്പുറം ജില്ലയിലെ വിവിധ വനിതാ പഞ്ചായത്ത് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെ നമ്പറുകൾ തേടിപ്പിടിച്ച് നഗ്നത പ്രദർശിപ്പിക്കുകയും അശ്ലീല വീഡിയോ അയയ്ക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. അമരമ്പലം പഞ്ചായത്തിലെ വനിതാ അംഗങ്ങളാണ് ഇയാൾക്കെതിരെ പരാതി നൽകിയത്. ഇതോടെയാണ് പോലീസ് ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചത്. ഗ്രാമപഞ്ചായത്തുകളുടെ വെബ്സൈറ്റുകളിൽ നിന്ന് നമ്പറുകൾ ശേഖരിച്ച ശേഷം വനിതാ മെമ്പറാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ ഗ്രൂപ്പ് തുടങ്ങുന്നത്.
വേങ്ങര, എടക്കര, കാളികാവ്, പോത്തുകല്ല്, താനൂർ പരപ്പനങ്ങാടി എന്നീ പഞ്ചായത്തുകളിലെ വനിതാ അംഗങ്ങൾക്കും ഇയാൾ മെസേജ് അയച്ചിട്ടുണ്ട്. പ്രതിയെ വലയിലാക്കാൻ നേരത്തെ ചിലർ ശ്രമിച്ചെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. വനിതാ മെമ്പർമാരുടെ പരാതിയിൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ സമാനമായ കേസുകൾ നിലവിലുണ്ട്. അശ്ലീല വീഡിയോകൾ അയയ്ക്കുന്നതിന് പുറമേ വീഡിയോ കോൾ ചെയ്ത് ശരീരം പ്രദർശിപ്പിക്കുകയും ചെയ്തിരുന്നുവെന്നാണ് പരാതിക്കാർ ചൂണ്ടിക്കാണിക്കുന്നത്.

താനൂരിൽ വഴിയോര കച്ചവടം നടത്തിവരുന്നയാളാണ് കേസിൽ അറസ്റ്റിലായ പ്രതി. രാജസ്ഥാൻ സ്വദേശിയായ ഒരാളുടെ ഫോൺ നമ്പർ ഉപയോഗിച്ച് ഉണ്ടാക്കിയ വാടസ്ആപ്പിൽ നിന്നാണ് സ്ത്രീകൾക്ക് അശ്ലീല ദൃശ്യങ്ങൾ അയച്ചിരുന്നത്. എന്നാൽ വേറെ സിം കാർഡായതിനാൽ പ്രതിയെ പിടികുടാൻ അൽപ്പം ബുദ്ധിമുട്ടിയെങ്കിലും ഫോണിന്റെ ഐഎംഐ നമ്പർ, പ്രതി ഉപയോഗിക്കുന്ന ഫോണിന്റെ ടവർ ലൊക്കേഷൻ എന്നിവ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ജില്ലാ പോലീസ് മേധാവി യു അബ്ദുൾ കരീമിന്റെ നിർദേശം അനുസരിച്ച് പെരിന്തൽമണ്ണ എഎസ്പി എം ഹേമലതയുടെ നേതൃത്വത്തിൽ പ്രത്യേത അന്വേഷണം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത റിജാസിനെ റിമാൻഡ് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications