തമിഴ്‌നാട്ടില്‍നിന്നും കഞ്ചാവ് ബാഗിലാക്കി ബൈക്കില്‍ വരുന്നതിനിടെ യുവാവ് പിടിയില്‍, ലക്ഷ്യം ചില്ലറ വില്‍പന
മലപ്പുറം: തമിഴ്‌നാട്ടില്‍നിന്നും കഞ്ചാവ് ബാഗിലാക്കി ബൈക്കില്‍ വരുന്നതിനിടെ യുവാവ് മഞ്ചേരിയില്‍ പിടിയില്‍. ഏഴു കിലോഗ്രാം കഞ്ചാവുമായാണ് യുവാവിനെ എക്‌സൈസ് സംഘം പിടികൂടിയത്. തമിഴ്‌നാട്ടില്‍ നിന്നു ചില്ലറ വില്‍പന വിപണി ലക്ഷ്യമിട്ടു കൊണ്ടുവന്ന കഞ്ചാവുമായി തുറക്കല്‍ സ്വദേശി പുതുശ്ശേരി വീട്ടില്‍ സൈനുദ്ദീന്‍(31) ആണ് അറസ്റ്റിലായത്. മലപ്പുറം എക്‌സൈസ് ഇന്റലിജന്റ്‌സ് വിഭാഗം നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മഞ്ചേരി റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി വി രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം മേലാക്കം ജസീല ജംഗ്ഷനു സമീപം വെച്ചു പിടികൂടുകയായിരുന്നു.
തമിഴ്‌നാട്ടിലെ ഏര്‍വാടിയില്‍ നിന്നും കഞ്ചാവ് ബാഗിലാക്കി ബൈക്കില്‍ വരുന്നതിനിടെയാണ് എക്‌സൈസ് സംഘത്തിന്റെ വലയിലായത്. ഏഴു കിലോഗ്രാം കഞ്ചാവും 3000 രൂപയും ഇയാളില്‍ നിന്നു പിടിച്ചെടുത്തു. ഏര്‍വാടിയില്‍ നിന്നും കഞ്ചാവു വിപണി നിയന്ത്രിക്കുന്ന സംഘത്തെ കുറിച്ച് വ്യക്തമായി വിവരം ലഭിച്ചിട്ടുണ്ടെന്നും ഈ ദിശയില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രണ്ടു കിലോഗ്രാം കഞ്ചാവുമായി 2016ലും ഇയാളെ എക്‌സൈസ് പിടികൂടിയിരുന്നു.

അസിസ്റ്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം അബ്ദുല്‍ ബഷീര്‍, ഇന്റലിജന്റ്‌സ് വിഭാഗം പ്രിവന്റീവ് ഓഫിസര്‍ ടി ഷിജുമോന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പി സഫീറലി, എ പി ഉമ്മര്‍കുട്ടി, ടി ശ്രീജിത്ത്, കെ സതീഷ്‌കുമാര്‍, ഡ്രൈവര്‍ ഉണ്ണികൃഷ്ണന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. പ്രതിയെ കോടതി റിമാന്‍ഡു ചെയ്തു.












Click it and Unblock the Notifications