മഖ്ദൂം ഇടപെട്ടു; ഈജിപ്തില്‍ നിന്ന് പട്ടാളം പൊന്നാനിയിലെത്തി... ചരിത്രമുറങ്ങുന്ന മിസ്രി പള്ളി
പൊന്നാനി: പറങ്കിപ്പട കേരളത്തിന് ഭീഷണി സൃഷ്ടിച്ചിരുന്ന കാലം. തീരങ്ങള്‍ വഴിയുള്ള അധിനിവേശം തടയാന്‍ വഴിയെന്ത് എന്ന ചിന്ത സാമൂതിരി രാജാവിനെ പോലെ മഖ്ദൂം കുടുംബത്തെയും അലട്ടി. നാവിക പടത്തലവന്‍ കുഞ്ഞാലി മരക്കാരുടെ പോരാട്ട ബലത്തിലായിരുന്നു സാമൂതിരിയുടെ ആശ്വാസം. ഇതിന് കരുത്തുപകരാന്‍ മഖ്ദൂം ഈജിപ്തിലെ ഭരണാധികാരിക്ക് കത്തെഴുതി. തുടര്‍ന്ന് മിസ്രില്‍ നിന്ന് സഹായത്തിന് സൈന്യമെത്തി....
ഇവര്‍ക്ക് താമസിക്കാന്‍ പൊന്നാനിയില്‍ പ്രത്യേക സൗകര്യം. പ്രാര്‍ഥനയ്ക്ക് ഒരു പള്ളിയും. ഈജിപ്തില്‍ നിന്ന് വന്ന സൈന്യത്തിനുള്ള പള്ളി എന്ന നിലയില്‍ നാട്ടുകാര്‍ മിസ്രി പള്ളി എന്ന് വിളിച്ചുപോന്നു. വര്‍ഷം 500 കഴിഞ്ഞപ്പോള്‍ കേടുപാടുകള്‍ സംഭവിച്ചു. നശിച്ചുപോകുമായിരുന്ന ഈ ചരിത്ര പ്രാധാന്യമുള്ള പള്ളി അതേ പടി നിലനിര്‍ത്താന്‍ പൊന്നാനി മുന്‍സിപ്പാലിറ്റിയും മുന്‍ എംഎല്‍എ ശ്രീരാമകൃഷ്ണനുമെല്ലാം മുന്‍കൈയ്യെടുത്തു.

പൈതൃക മേഖലകളെ സംയോജിപ്പിക്കുന്ന മുസരീസ് പദ്ധതിയില്‍ പൊന്നാനിയിലെ മിസ്രി പള്ളിയെയും ഉള്‍പ്പെടുത്തി. പുരാവസ്തു വകുപ്പിന്റെ പരിശോധനകളും നടന്നു. ഒടുവില്‍ പള്ളി പുനരുദ്ധരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയ്യെടുത്തു. അങ്ങനെ ഈ നിസ്‌കാരപള്ളിയുടെ പുനരിദ്ധാരണം പൂര്‍ത്തിയായി. കഴിഞ്ഞ ദിവസം മന്ത്രി മുഹമ്മദ് റിയാസ് പള്ളി ഉദ്ഘാടനം ചെയ്തു.
പ്രാര്‍ഥനയ്ക്കുള്ള സ്ഥലം എന്നതിനപ്പുറം ചരിത്രത്തിന്റെ ഓര്‍മപ്പെടുത്തലാണ് മിസ്രി പള്ളി. വിസ്മൃതിയിലാണ്ടു പോകുമായിരുന്ന പള്ളി പുനരുദ്ധരിച്ചതിലൂടെ അഞ്ച് നൂറ്റാണ്ടു മുമ്പ് നിലനിന്നിരുന്ന സംഘര്‍ഷ കലുഷിതമായ അന്തരീക്ഷം അന്നത്തെ ഭരണകൂടവും പണ്ഡിതന്മാരും എങ്ങനെ മറികടന്നു എന്നതിന് തെളിവ് കൂടിയാണിത്.
16ാം നൂറ്റാണ്ടിലാണ് മിസ്രി പള്ളി നിര്‍മിച്ചത്. കേരളത്തിലെ പുരാതന പള്ളികളിലൊന്നാണിത്. സാമൂതിരി രാജാവിന്റെ നാവിക സേനയുടെ ആസ്ഥാനമായിരുന്ന പൊന്നാനി അക്കാലത്ത് പ്രശസ്തമായ പട്ടണങ്ങളിലൊന്നായിരുന്നു. ബേപ്പൂര്‍ മുതല്‍ കൊല്ലം വരെ നീളുന്ന സ്‌പൈസസ് റൂട്ട് ഹെറിറ്റേജ് പദ്ധതിയിലെ പ്രധാന കേന്ദ്രമായി പൊന്നാനിയെ മാറ്റുമെന്ന് ഉദ്ഘാടന വേളയില്‍ മന്ത്രി പറഞ്ഞു.
പള്ളി പുതുക്കിപ്പണിയാന്‍ മുന്‍ഭാഗം പൊളിച്ചുമാറ്റിയിരുന്നു. ചരിത്ര ശേഷിപ്പിനെ അതേപടി നിലനിര്‍ത്തണം എന്ന് പ്രമുഖരെല്ലാം ആവശ്യമുന്നയിച്ചു. മുന്‍ എംഎല്‍എ പി ശ്രീരാമകൃഷ്ണന്റെ ഇടപെടല്‍ ഇതിന് സഹായകമായി. പഴമ നിലനിര്‍ത്തി തന്നെയാണ് മോടി പിടിപ്പിച്ചിരിക്കുന്നത്. സര്‍ക്കാര്‍ 85 ലക്ഷം രൂപ ചെലവഴിച്ചാണ് പള്ളിയുടെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയത്.












Click it and Unblock the Notifications